rajini-sridevi

TAGS

എണ്‍പതുകളില്‍ തമിഴകത്തിരശീലയെ ലഹരി പിടിപ്പിച്ച ജോഡികള്‍. രജനീകാന്തും ശ്രീദേവിയും. ഇളയരാജയുടെ ഈണങ്ങള്‍ക്കൊപ്പം ഇരുവരും ആടിപ്പാടിയപ്പോള്‍ പ്രേക്ഷകരും മതിമറന്നു. ശ്രീദേവിയുടെ അപ്രതീക്ഷിത വിയോഗത്തിന്‍റെ ആഘാതത്തില്‍ സ്റ്റൈല്‍ മന്നന്‍ വിവാഹവാര്‍ഷികാഘോഷങ്ങള്‍ വേണ്ടെന്നുവച്ച വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. രജനീകാന്തും ഭാര്യ ലതയും മരണവാര്‍ത്തയറിഞ്ഞയുടനെ മുംബൈയില്‍ അനില്‍ കപൂറിന്‍റെ വീട്ടില്‍ എത്തിയിരുന്നു. 

 

1981 ഫെബ്രുവരി 26നായിരുന്നു രജനികാന്തിന്റേയും ലതയുടെയും വിവാഹം. കുടുംബത്തോടൊപ്പം എല്ലാ വിവാഹവാർഷികവും മുടങ്ങാതെ ആഘോഷിക്കാറുള്ള രജനികാന്ത് തന്റെ പ്രിയ സഹപ്രവർത്തകയോടുള്ള ആദരസൂചകമായി, ഇത്തവണ ആദ്യമായി അത് വേണ്ടെന്ന് വെക്കുകയായിരുന്നു. 

 

ഏകദേശം ഇരുപതോളം ചിത്രങ്ങൾ ശ്രീദേവിയും രജനികാന്തും ഒന്നിച്ചഭിനയിച്ചു. ഇരുവരും ഒന്നിച്ചഭിനയിച്ച പ്രിയ, ധർമ്മയുദ്ധം, ജോണി, പോക്കിരി രാജ അങ്ങനെ തുടങ്ങി നിരവധി ചിത്രങ്ങൾ ഇന്നും ആരാധകരുടെ മനസ്സിൽ മായാതെ നിൽക്കുന്നു. രജിനികാന്തിനൊപ്പം മികച്ച നായികകഥാപാത്രങ്ങൾ കാഴ്ച്ചവെച്ച് ശ്രീദേവി ബോളിവുഡിലും കോളിവുഡിലും ഒരുപോലെ തിളങ്ങി. ഹിന്ദിയിലും അരഡസനോളം ചിത്രങ്ങൾ ഇരുവരും ചേർന്നഭിനയിച്ചു. 

 

രജനികാന്ത് താനുമായും തന്‍റെ കുടുംബവുമായും അടുത്തബന്ധം പുലർത്തുന്ന ആളാണെന്ന് ശ്രീദേവി ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. കെ ബാലചന്ദറിന്‍റെ മുണ്ട്ര് മുടിച്ചി എന്ന ചിത്രത്തിൽ ശ്രീദേവിക്ക് കിട്ടിയ പ്രതിഫലം 5000 രൂപയാണെങ്കിൽ രജനികാന്തിന് ലഭിച്ചത് വെറും 200 രൂപയാണെന്നും ശ്രീദേവി തുറന്നുപറഞ്ഞിരുന്നു. ശ്രീദേവി ആദ്യമായി നായികാവേഷത്തിൽ എത്തിയ ചിത്രം കൂടിയായിരുന്നു മുണ്ട്ര് മുടിച്ചി