അന്തരിച്ച പ്രശസ്ത സംവിധായകൻ ഭാരതിരാജയെ അവസാനമായി ഒരു നോക്ക് കാണാനെത്തി തമിഴകത്തിന്‍റെ തലൈവര്‍ രജനികാന്ത്. ചെന്നൈ നീലങ്കരയിലുള്ള ഭാരതിരാജയുടെ വസതിയിലെത്തിയാണ് രജനികാന്ത് അന്തിമോപചാരം അര്‍പ്പിച്ചത്. തന്‍റെ പ്രിയ സുഹൃത്തിന്‍റെ വിയോഗത്തില്‍ വിതുമ്പിയ രജനികാന്ത് ഭാരതിരാജയുടെ അവസാന നാളുകളില്‍ അദ്ദേഹത്തെ സന്ദര്‍ശിക്കാനാകാത്തതിന്‍റെ ദുഃഖവും രേഖപ്പെടുത്തി. 50 വര്‍ഷത്തെ സൗഹൃദമാണ് രജനിക്കും ഭാരതിരാജയ്ക്കും ഇടയിലുളളത്.

രജനികാന്തിന്‍റെ വാക്കുകള്‍ ഇങ്ങനെ..'ഏകദേശം 50 വർഷമായി ഞങ്ങൾ സുഹൃത്തുക്കളായിരുന്നു. അദ്ദേഹത്തിന്‍റെ കഴിവിനെയും നേട്ടങ്ങളെയും കുറിച്ച് എല്ലാവർക്കും അറിയാം. ഒട്ടേറെ നടീനടന്മാരെയും സാങ്കേതിക പ്രവർത്തകരെയും സിനിമയിലേക്ക് കൊണ്ടുവരികയും തമിഴ് സിനിമയുടെ വളർച്ചയിൽ വലിയ പങ്ക് വഹിക്കുകയും ചെയ്ത വ്യക്തിയാണ് അദ്ദേഹം. ആരെയും ഭയപ്പെടാതെ തന്‍റെ അഭിപ്രായങ്ങൾ വെട്ടിത്തുറന്നു പറയുന്ന പ്രകൃതമായിരുന്നു ഭാരതിരാജയുടേത്' രജനികാന്ത് പറയുന്നു.

'ഉളളുകൊണ്ട് ഒരു കുട്ടിയെ പോലെയായിരുന്നു ഭാരതിരാജ. എന്തും അദ്ദേഹത്തോട് പറയാം. എന്നെയും അദ്ദേഹം വിമർശിക്കാറുണ്ട്. നിന്നെ വ്യക്തിപരമായി എനിക്കിഷ്ടമാണ്, പക്ഷേ നിന്‍റെ അഭിനയം എനിക്ക് ഇഷ്ടമല്ല എന്ന് അദ്ദേഹം തുറന്നു പറയുമായിരുന്നു. അത്രമാത്രം സത്യസന്ധനായിരുന്നു അദ്ദേഹം. അദ്ദേഹത്തോടൊപ്പം സമയം ചെലവഴിക്കുന്നത് എപ്പോഴും സന്തോഷമുളള കാര്യമായിരുന്നു. ഇത്രയും തുറന്നു സംസാരിക്കുന്ന ആളുകൾ വളരെ അപൂർവ്വമാണ്. ഈ ഗുണങ്ങള്‍ തന്നെയാണ് എംജിആർ, കരുണാനിധി, ശിവാജി ഗണേശൻ തുടങ്ങിയ ഇതിഹാസങ്ങളുമായി അടുത്ത ബന്ധം സൂക്ഷിക്കാൻ ഭാരതിരാജയ്ക്ക് സഹായകമായത്' രജനികാന്ത് പറഞ്ഞു. 

അതേസമയം ഉളളില്‍ നീറിപ്പുകയുന്നൊരു ദുഃഖവും രജനി മാധ്യമങ്ങളോട് പങ്കുവച്ചു. ഭാരതിരാജയുടെ അവസാന നാളുകളിൽ അദ്ദേഹത്തെ കാണാൻ ആഗ്രഹിച്ചിരുന്നുവെങ്കിലും, ആരോഗ്യനില മെച്ചപ്പെട്ടുവരികയാണെന്നും പിന്നീട് സന്ദർശിച്ചാൽ മതിയെന്നും തന്നോട് പറഞ്ഞിരുന്നുവെന്ന് രജനി പറഞ്ഞു. നിർഭാഗ്യവശാൽ, അവസാനമായി അദ്ദേഹത്തെ കാണാനുള്ള അവസരം തനിക്ക് ലഭിച്ചില്ലെന്നും അക്കാര്യം എപ്പോഴും ഓർത്ത് താന്‍ ഖേദിക്കുമെന്നും രജനി പറഞ്ഞു നിര്‍ത്തി. തമിഴ് സിനിമാലോകത്ത് വലിയ ആഘാതമാണ് ഭാരതിരാജയുടെ വിയോഗം സൃഷ്ടിച്ചിരിക്കുന്നത്. 

 

ENGLISH SUMMARY:

Rajinikanth paid his last respects to the late renowned director Bharathiraja, visiting his residence in Chennai to offer condolences. The superstar expressed his deep sorrow over the loss of his close friend of 50 years and regretted not being able to visit him in his final days.