പുതിയ ചിത്രത്തിന്‍റെ പോസ്റ്റര്‍ പുറത്തുവിട്ട് തെലുങ്ക് താരം രവി തേജ. 'ഇരുമുടി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഇരുമുടി കെട്ടി നില്‍ക്കുന്ന രവി തേജയെ ആണ് കാണുന്നത്. ശിവ നിർവാണസംവിധാനം ചെയ്യുന്ന ചിത്രം മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രം നിർമിക്കുന്നത്. രവി തേജയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തു വിട്ടത്. പരമ്പരാഗത അയ്യപ്പസ്വാമിവേഷം ധരിച്ച്, ഒരു പെൺകുട്ടിയെ കൈകളിൽ എടുത്താണ് പോസ്റ്ററില്‍ രവി തേജയെ കാണുന്നത്.
'ചില കഥകൾ ജീവിതത്തിലെ ശരിയായ നിമിഷത്തിൽ നമ്മളെ തിരഞ്ഞെടുക്കുന്നു. അത്തരമൊരു കഥയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഭാഗ്യമുണ്ടെന്ന് കരുതുന്നു. വിശ്വാസം മുന്നോട്ട് നയിക്കട്ടെ. ശിവ നിർവാണ, മൈത്രി മൂവി മേക്കേഴ്സ് എന്നിവർക്കൊപ്പം 'ഇരുമുടി' എന്ന പുതിയ യാത്ര ആരംഭിക്കുന്നതിൽ ആവേശഭരിതനാണ്, സ്വാമിയേ ശരണം അയ്യപ്പ,' പോസ്റ്റര്‍ പങ്കുവവച്ച് രവി തേജ കുറിച്ചു.
പോസ്റ്റര്‍ പുറത്തുവന്നതിന് പിന്നാലെ ചിത്രം ശബരിമലയെ പറ്റിയാണോ എന്നാണ് കമന്‍റ് ബോക്സില്‍ പലരും ചേദിക്കുന്നത്. ഉണ്ണി മുകുന്ദന്‍ ചിത്രം 'മാളികപ്പുറ'ത്തിന്‍റെ റീമേക്ക് ആണോ എന്നും വ്യാപകമായി കമന്‍റുകളുണ്ട്.
പ്രിയാ ഭവാനി ശങ്കറാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ബേബി നക്ഷത്ര, സായ് കുമാർ, അജയ് ഘോഷ്, രമേഷ് ഇന്ദിര, സ്വാസിക, മീസാല ലക്ഷ്മൺ, രാജ്കുമാർ കാസിറെഡ്ഡി, രമണ ഭാർഗവ്, കിഷോർ കാഞ്ചേരപാലെം, കാർത്തിക് അഡുസുമല്ലി, മഹേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.