തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നന്ദമൂരി ബാലകൃഷ്ണയുടെ 'അഖണ്ഡ 2: താണ്ഡവം' എന്ന ചിത്രത്തിന്റെ ‘ബ്ലാസ്റ്റിങ് റോര്‍’ വിഡിയോ പുറത്ത്. ബോയപതി ശ്രീനുവിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം ഡിസംബര്‍ 5-നാണ് ആഗോള റിലീസായി എത്തുന്നത്. ബാലയ്യയുടെ സൂപ്പര്‍ ഹിറ്റ് ചിത്രം 'അഖണ്ഡ'യുടെ തുടര്‍ച്ചയായാണ് 'അഖണ്ഡ 2: താണ്ഡവം' ഒരുക്കിയിരിക്കുന്നത്.
തനിക്ക് നേരെ പാഞ്ഞടുക്കുന്ന എതിരാളികളെ ഒറ്റയടിക്ക് നിലം പരിശാക്കുന്ന ബാലയ്യ ഗാരു. ആ പവറില്‍ കുതിരകള്‍വരെ വിറച്ചുപോകുന്നു. ഒരു മാസ്സ് ആക്ഷന്‍ രംഗവുമായാണ് ബ്ലാസ്റ്റിങ് റോര്‍ വിഡിയോ എത്തിയിരിക്കുന്നത്. ബാലകൃഷ്ണയുടെ ഗംഭീര ഡയലോഗ് ഡെലിവറിയും ആരാധകരെ ആവേശം കൊള്ളിക്കുന്നതാണ്.
വമ്പന്‍ കാന്‍വാസിലാണ് 'അഖണ്ഡ 2: താണ്ഡവം' ഒരുക്കിയിരിക്കുന്നത്. വ്യത്യസ്ത ലുക്കുകളിലായിരിക്കും ബാലകൃഷ്ണ ചിത്രത്തില്‍ എത്തുകയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ബോയപതി ശ്രീനും നന്ദമൂരി ബാലകൃഷ്ണയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണിത്. 14 റീല്‍സ് പ്ലസിന്‍റെ ബാനറില്‍ രാം അചന്തയും ഗോപിചന്ദ് അചന്തയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മാണം.
പാന്‍ ഇന്ത്യന്‍ ചിത്രമായി ബ്രഹ്‌മാണ്ഡ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ സംയുക്ത മേനോനാണ് നായിക. പ്രധാന വില്ലന്‍ വേഷം അവതരിപ്പിക്കുന്നത് ആദി പിന്നിസെട്ടിയാണ്. അഖണ്ഡ ആദ്യ ഭാഗത്തേക്കാള്‍ ആക്ഷനും ഡ്രാമയുമാണ് രണ്ടാം ഭാഗത്തില്‍ ഉള്ളതെന്നാണ് റോര്‍ വീഡിയോയുടെ കമന്‍റ് ബോക്സ് അഭിപ്രായപ്പെടുന്നത്.