'മന്ദാകിനി'ക്ക് ശേഷം നടൻ അൽത്താഫ് സലീമും അനാർക്കലി മരിക്കാറും ഒന്നിക്കുന്ന 'ഇന്നസെന്‍റ് ' നവംബർ 7ന് തിയേറ്ററുകളിൽ. സോഷ്യൽ മീഡിയ താരം ടാൻസാനിയൻ സ്വദേശി കിലി പോൾ ആദ്യമായി അഭിനയിക്കുന്നതിനാല്‍ ഇതിനകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട് ചിത്രം. ഇതിന് പിന്നാലെയാണ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ട്രാവൽ ഫുഡ് വ്ളോഗറുമായ സുജിത്ത് ഭക്തനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്ന വിവരം അണിയറപ്രവർത്തകർ പുറത്തുവിട്ടത്.

സുജിത് ഭക്തനും ഇക്കാര്യം തന്‍റെ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിട്ടുണ്ട്. 'ചെറിയ ഒരു സീൻ ആണെങ്കിലും ഞാനും ഉണ്ട്, ഗതാഗത മന്ത്രി' എന്ന് കുറിച്ചുകൊണ്ടാണ് തന്‍റെ കഥാപാത്രത്തെക്കുറിച്ചുള്ള വിവരം അദ്ദേഹം പങ്കുവച്ചത്. വൻ മേക്കോവറിലാണ് ചിത്രത്തിൽ സുജിത്ത് ഭക്തൻ എത്തുന്നത് എന്നാണ് പോസ്റ്റർ നൽകുന്ന സൂചന. 'ഇന്നസെന്‍റ് 'റിലീസ് ദിനത്തിൽ റിലീസ് കേന്ദ്രങ്ങളിൽ മെഗാ കൈകൊട്ടിക്കളിയും സംഘടിപ്പിക്കുന്നുണ്ട്. 120 റിലീസ് തിയേറ്ററുകളിൽ ഒരേ സമയം കൈകൊട്ടിക്കളി നടത്തുന്നതിലൂടെ ബെസ്റ്റ് ഓഫ് ഇന്ത്യ വേൾഡ് റെക്കോർഡാണ് 'ഇന്നസെന്‍റ് ' ടീം ലക്ഷ്യമിടുന്നത്.

സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും സെക്കൻഡ് ലുക്ക് പോസ്റ്ററും ഇതിനകം ശ്രദ്ധ നേടിയിരുന്നു. ഒരു ടോട്ടൽ ഫൺ റൈഡ് ആയിരിക്കും ചിത്രം എന്നാണ് അടുത്തിടെ പുറത്തിറങ്ങിയ ട്രെയിലർ തന്നിട്ടുള്ള സൂചന. കഴിഞ്ഞ ദിവസം റിലീസ് അനൗൺസ്മെന്‍റ് പോസ്റ്ററും സിനിമാലോകം ഏറ്റെടുത്തിരുന്നു. വിവാഹത്തിന്‍റെ സേവ് ദ ഡേറ്റ് മോഡലിലുള്ളതായിരുന്നു പോസ്റ്റർ. അൽത്താഫും നടി അന്ന പ്രസാദുമായിരുന്നു പോസ്റ്ററിലുണ്ടായിരുന്നത്.

കിലി പോൾ ഭാഗവതരായെത്തി 'കാക്കേ കാക്കേ കൂടെവിടെ...'യുടെ ശാസ്ത്രീയ വേർഷൻ പാടി ഞെട്ടിച്ചത് അടുത്തിടെയാണ്. ഈ ഗാനം ഇതിനകം സോഷ്യൽ മീഡിയയിൽ തരംഗമായി കഴിഞ്ഞിട്ടുണ്ട്. ശാസ്ത്രീയ സംഗീതത്തിൽ നിന്ന് നേരെ 'പൊട്ടാസ് പൊട്ടിത്തെറി...' എന്ന ഫാസ്റ്റ് നമ്പറിലേക്കുള്ള ഷിഫ്റ്റും ഏവരും ഏറ്റെടുക്കുകയുണ്ടായി. സിനിമയിലെ മൂന്നാമത് ഗാനമായി 'അതിശയം' എത്തിയത് അടുത്തിടെയാണ്. പാടിയത് സംഗീതലോകത്തെ പുത്തൻ താരോദയമായ ഹനാൻ ഷായും നിത്യ മാമ്മനും ചേർന്നാണ്. രേഷ്മ രാഘവേന്ദ്ര ആലപിച്ച നാടൻ ശൈലിയിലുള്ള 'അമ്പമ്പോ...' എന്ന് തുടങ്ങുന്ന ഗാനവും ഏറെ ശ്രദ്ധ നേടിയിരുന്നു.

അൽത്താഫ് സലീം, അനാർക്കലി എന്നിവരെ കൂടാതെ ജോമോൻ ജ്യോതിർ, അസീസ് നെടുമങ്ങാട്, മിഥുൻ, നോബി, അന്ന പ്രസാദ്, ലക്ഷ്മി സ‌ഞ്ജു, വിനീത് തട്ടിൽ, അശ്വിൻ വിജയൻ, ഉണ്ണി ലാലു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എലമെന്‍റ്സ് ഓഫ് സിനിമയുടെ ബാനറിൽ എം ശ്രീരാജ് എ.കെ.ഡി നിർമ്മിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് സതീഷ് തൻവിയാണ്. ഷിഹാബ് കരുനാഗപ്പള്ളിയുടെ കഥയ്ക്ക് ഷിഹാബും സർജി വിജയനും സതീഷ് തൻവിയും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. പ്രമുഖ താരങ്ങൾക്കൊപ്പം സിനിമയിൽ പ്രവർത്തിച്ചുകൊണ്ട് തന്നെ സിനിമ പഠിക്കുവാനുള്ള അവസരം വിദ്യാർത്ഥികൾക്ക് നൽകുന്ന ഇൻസ്റ്റിറ്റ്യൂട്ടായ ‘എലമെന്‍റ്സ് ഓഫ് സിനിമ’യുടെ ആദ്യ നിർമ്മാണ സംരംഭം കൂടിയാണ് ഈ ചിത്രം.

എക്സി.പ്രൊഡ്യൂസർമാർ: ജി.മാർത്താണ്ഡൻ, അജയ് വാസുദേവ്, ഡിക്സൺ പൊടുത്താസ്, നജുമുദ്ദീൻ, ഛായാഗ്രഹണം: നിഖിൽ എസ് പ്രവീൺ, എഡിറ്റർ: റിയാസ് കെ ബദർ, സംഗീതം: ജയ് സ്റ്റെല്ലാർ, ഗാനരചന:  വിനായക് ശശികുമാർ, കോസ്റ്റ്യൂം: ഡോണ മറിയം ജോസഫ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, ആ‍ർട്ട്: മധു രാഘവൻ, ചീഫ് അസോസിയേറ്റ്: സുമിലാൽ സുബ്രഹ്മണ്യൻ, അനന്തു പ്രകാശൻ, പ്രൊഡക്ഷൻ കൺട്രോളർ: സുരേഷ് മിത്രക്കരി, ചീഫ് അസോസിയേറ്റ് ക്യാമറമാൻ: തൻസിൻ ബഷീർ, പബ്ലിസിറ്റി ഡിസൈൻ: യെല്ലോടൂത്ത്സ്, വിതരണം: സെഞ്ചറി ഫിലിംസ്, പിആർഒ: ആതിര ദിൽജിത്ത്, മാർക്കറ്റിംഗ് & കമ്മ്യൂണിക്കേഷൻസ്: ശ്രീജിത്ത്‌ ശ്രീകുമാർ.

ENGLISH SUMMARY:

The film 'Innocent', starring Altaf Salim and Anarkali Marikar (after Mandakini), is set for a November 7 release. The film features the acting debut of global star Kili Paul and social media influencer Sujith Bhakthan, who plays the role of 'Transport Minister'. The crew aims for a 'Best of India World Record' by organizing a simultaneous Kaikottikkali (traditional clapping dance) event across 120 theaters on the release day.