ഈ വര്‍ഷം മമ്മൂട്ടി ആരാധകര്‍ ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രമാണ് കളങ്കാവല്‍. ജിതിന്‍.കെ ജോസ് സംവിധാനം ചെയ്ത കളങ്കാവലില്‍ മമ്മൂട്ടി വില്ലനായാണ് അഭിനയിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ലൊക്കേഷന്‍ ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കാറിലിരിക്കുന്ന ഒരാളുടെ കൈ പിടിച്ചു തിരിക്കുന്ന, മമ്മൂട്ടിയുടെ ചിത്രമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ഉണ്ടായിരുന്നത്. വിനായകൻ ചെരിഞ്ഞു നിൽക്കുന്ന, മുഖം കാണാനാവാത്ത വിധം ഇരുണ്ടിരിക്കുന്ന മറ്റൊരു പോസ്റ്ററും പുറത്തുവിട്ടിരിന്നു.
ഈസ്റ്റര്‍ ദിനത്തില്‍ ചിത്രത്തിലെ സെക്കന്‍റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടിരിക്കുകയാണ്. കൗശവും ക്രൂരതയുമൊക്കെ ഒളിഞ്ഞിരിക്കുന്ന ക്ലോസപ്പിലെടുത്ത മമ്മൂട്ടിയുടെ ചിരിയാണ് സെക്കന്‍റ് ലുക്ക് പോസ്റ്ററില്‍ കാണുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന ഈ ചിത്രം ദുൽഖർ സൽമാന്റെ വേഫറർ ഫിലിംസാണ് വിതരണത്തിനെത്തിക്കുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്നാണ് തിരക്കഥ രചിച്ചത്.
ദുൽഖർ സൽമാന്‍റെ സൂപ്പർഹിറ്റ് ചിത്രം കുറുപ്പിന്റെ കഥ ഒരുക്കിയ ജിതിൻ.കെ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് കളങ്കാവല്‍. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന ഏഴാമത്തെ സിനിമയാണിത്.