പൃഥ്വിരാജ്- മോഹന്‍ലാല്‍ ചത്രം എമ്പുരാന്‍റെ ഓരോ അപ്ഡേറ്റും ആരാധകര്‍ക്ക് സര്‍പ്രൈസായി മാറിക്കൊണ്ടിരിക്കുകയാണ്. അപ്ഡേറ്റുകളും ക്യാരക്ടര്‍ പോസ്റ്റുകളും പുറത്തുവരുമ്പോള്‍ ആരാധകരുടെ ആവേശവും വര്‍ധിക്കുന്നു. ഒപ്പം ഫാന്‍ തിയറികളും സമൂഹമാധ്യമങ്ങളില്‍ നിറയുന്നു. ഇപ്പോളിതാ വീണ്ടും ക്യാരക്ടര്‍ പോസ്റ്ററുമായെത്തിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ക്യാരക്ടര്‍ പോസ്റ്ററിലുള്ളതാകട്ടെ എക്കാലത്തെയും മികച്ച സീരീസായ ഗെയിം ഓഫ് ത്രോണ്‍സിലെ താരവും.
ഇംഗ്ലീഷ് നടനും ഗായകനുമായ ജെറോം ഫ്ലിന്നാണ് ചിത്രത്തില്‍ ബോറിസ് ഒലിവറിന്‍റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ക്യാരക്ടര്‍ പോസ്റ്റര്‍ പൃഥ്വിരാജ് പങ്കുവച്ചു കഴിഞ്ഞു. ഗെയിം ഓഫ് ത്രോൺസിലെ ബ്രോൺ എന്ന കഥാപാത്രത്തിലൂടെ ഏറെ പ്രശസ്തനായ താരമാണ് ജെറോം. നേരത്തെ തന്നെ ജെറോം എമ്പുരാനില്‍ എത്തുന്നുണ്ട് എന്ന തരത്തിലുള്ള ഊഹാപോഹങ്ങള്‍ റെഡ്ഡിറ്റിലടക്കം പ്രചരിച്ചിരുന്നു. താന്‍ ഇതുവരെ ചെയ്തതില്‍ വച്ച് വ്യത്യസ്തമായ അനുഭവമാണ് തനിക്ക് മലയാള സിനിമയില്‍ നിന്ന് ലഭിച്ചതെന്ന്, എമ്പുരാന്‍ ടീം പങ്കുവച്ച വിഡിയോയില്‍ ജെറോം പറയുന്നു.
‘മോളിവുഡില്‍ അഭിനയിക്കുക, അത് അനുഭവിച്ചറിയുക എന്നത് വളരെ സ്പെഷലാണ്. എന്‍റെ സിനിമാ– ജീവിത യാത്രയില്‍ ഇന്ത്യ വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്. ഇതുപതുകളിലും മുപ്പതുകളിലും പലതവണ ഞാന്‍ ഇന്ത്യയില്‍ വന്നിട്ടുണ്ട്. ആ അനുഭവങ്ങള്‍ എന്‍റെ ജീവിതത്തെ തന്നെ മാറ്റിമറിച്ചു. അതുകൊണ്ട് ഈ കഥാപാത്രത്തെ ചെയ്യുന്നത് സ്വന്തം വീട്ടിലേക്കുള്ള ഒരു തിരിച്ചുവരവ് പോലെയാണ് തോന്നുന്നത്’. ജെറോം പറയുന്നു. ചിത്രത്തില്‍ എബ്രഹാം ഖുറേശിയുടെ യാത്രയില്‍ നിര്‍ണായക പങ്കുവഹിക്കുന്നതാണ് തന്‍റെ കഥാപാത്രമെന്നും അദ്ദേഹം പറയുന്നു.
ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടതിന് പിന്നാലെ കമന്‍റുകളുമായി ആരാധകരുമെത്തി. പൃഥ്വിരാജ് പ്രസ്മീറ്റുകളില്‍ പടത്തെ കുറിച്ച് സംസാരിച്ചതിനെ ചൂണ്ടി ‘ഇതോ ചെറിയ പടം’ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ‘ഇത് മലയാള പടം തന്നെയാണോ എന്ന കമന്‍റുകളുമെത്തുന്നുണ്ട്. ‘ചെറിയ പടത്തിലെ ചെറിയ കാസ്റ്റിങ് നോക്കണം’ എന്നും കമന്‍റുണ്ട്. എമ്പുരാന്‍ ആരാധകര്‍ മാത്രമല്ല, ഗെയിം ഓഫ് ത്രോണ്‍സ് ആരാധകരും ക്യാരക്ടര്‍ പോസ്റ്ററിന് താരെ തമ്പടിച്ചു കഴിഞ്ഞു.
ഗെയിം ഓഫ് ത്രോൺസിലെ ബ്രോൺ മാത്രമല്ല, ജോണ്‍ വിക്ക് സീരിസിലെ ബെറാഡ, ഐടിവി പരമ്പരയായ സോൾജിയർ സോൾജിയറിലെ പാഡി ഗാർവി ഓഫ് ദി കിങ്സ് ഫ്യൂസിലിയേഴ്‌സ്, ബിബിസി മിസ്റ്ററി പരമ്പരയായ റിപ്പർ സ്ട്രീറ്റിലെ ബെന്നറ്റ് ഡ്രേക്ക്, ഷട്ട് അപ്പ് ആൻഡ് ഡാൻസിലെ ഹെക്ടർ, 1923ലെ ബാനർ ക്രെയ്റ്റൺ എന്നിവയും ജെറോം ഫ്ലിന്നിന്‍റെ ഏറെ ആഘോഷിക്കപ്പെട്ട കഥാപാത്രങ്ങളാണ്.
എമ്പുരാന്‍ മാര്‍ച്ച് 27നാണ് തിയറ്ററുകളിലെത്തുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും. ലൂസിഫറിൽ സ്റ്റീഫൻ നെടുമ്പള്ളിയുടെ കഥ പറഞ്ഞെങ്കിൽ ‘എമ്പുരാനി’ൽ ഖുറേഷി അബ്രാമിന്റെ ലോകത്തേക്കാണ് പ്രേക്ഷരെ കൂട്ടിക്കൊണ്ടു പോകുന്നത്. കേരളത്തെ വലിയ പ്രശ്നത്തിൽ നിന്നും രക്ഷിക്കാനുള്ള ഖുറേഷി അബ്രാമിന്റെ തിരിച്ചുവരവ് കൂടിയാണ് സിനിമയെന്ന് പൃഥ്വിരാജ് വെളിപ്പെടുത്തിയിരുന്നു. ഇരുപതോളം വിദേശ രാജ്യങ്ങളിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നതെന്നാണ് വിവരം.