മാർവൽ ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന 'സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ' തിയറ്ററുകളിലേക്ക് എത്തുന്നതിന് മുന്നോടിയായി കേരളത്തിലെ ആരാധകർക്ക് വന്‍ സർപ്രൈസ്. ബെർലിനിൽ നടന്ന ഫാന്‍സ് മീറ്റിനിടെ കൊച്ചിയിലെ ഫാൻസ് ഷോയുടെ ഔദ്യോഗിക ഉദ്ഘാടനം ഹോളിവുഡ് താരം ടോം ഹോളണ്ട് നിര്‍വ്വഹിച്ചതായി 'മാർവൽ ഫാൻസ് ഇന്ത്യ' അറിയിച്ചു. ഫാന്‍സ് ഷോയുടെ ടിക്കറ്റ് നടന്‍ പുറത്തിറക്കുന്ന വിഡിയോയും ആരാധക കൂട്ടായ്മ പങ്കുവച്ചിട്ടുണ്ട്.
കൊച്ചിയിൽ നടക്കാനിരിക്കുന്ന ഫാൻസ് ഷോയുടെ ടിക്കറ്റിൽ ഒപ്പുവെച്ചുകൊണ്ടാണ് ടോം ഹോളണ്ട് ഷോ ലോഞ്ച് ചെയ്തത്. മറ്റാരുമല്ല, നമ്മുടെ സ്വന്തം സ്പൈഡർമാൻ ടോം ഹോളണ്ട് തന്നെയാണ് ഞങ്ങളുടെ ഫാൻസ് ഷോ പരിപാടികൾ ഉദ്ഘാടനം ചെയ്തതെന്നും ആരാധക കൂട്ടായ്മ കുറിച്ചു. ആന്റണി ഇമ്മാനുവലാണ് മാർവൽ ഫാൻസ് ഇന്ത്യയെയും മാർവൽ ഫാൻസ് കേരളയെയും പ്രതിനിധീകരിച്ച് ബെർലിലെത്തുകയും ഫാൻസ് ഷോയുടെ ഔദ്യോഗിക സ്ക്രീനിംഗ് ടിക്കറ്റ് ടോം ഹോളണ്ടിന് നേരിട്ട് കൈമാറുകയും ചെയ്തത്. ഓരോ സ്പൈഡര്‍മാന്‍ ഫാൻസിനും ഇത് ഒരിക്കലും മറക്കാനാവാത്ത നാഴികക്കല്ലാണെന്നും മാർവൽ ഫാൻസ് ഇന്ത്യ കുറിച്ചു.
കൊച്ചിയിലെ 'വനിത വിനീത' തിയറ്ററിലാണ് സ്പെഷൽ ഫാൻസ് ഷോ സംഘടിപ്പിക്കുന്നത്. ആഗോളതലത്തിൽ ജൂലൈ 30നാണ് 'സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ' റിലീസ് ചെയ്യുന്നത്. ഇന്ത്യൻ ആരാധകർക്കായി ഇംഗ്ലീഷിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഉൾപ്പെടെയുള്ള പ്രധാന ഇന്ത്യൻ ഭാഷകളിലും ചിത്രം റിലീസിനെത്തും. റിലീസിന് മുന്നോടിയായി നടന്ന ടെസ്റ്റ് സ്ക്രീനിംഗുകളുടെ റിപ്പോർട്ടുകൾ ചിത്രത്തിന്മേലുള്ള പ്രതീക്ഷകൾ വാനോളമുയർത്തുന്നുണ്ട്.