Image: X
2021 ല്‍ പുറത്തിറങ്ങിയ 'നോ ടൈം ടു ഡൈ' യോടെ ഡാനിയല്‍ ക്രെയ്ഗ് തന്റെ ജെയിംസ് ബോണ്ട് 'അവതാരം' പൂര്‍ത്തിയാക്കി. അഞ്ചാമത്തെയും അവസാനത്തെയും വേഷം ക്രെയ്ഗ് അഴിച്ചതോടെ അടുത്ത ബോണ്ടിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ക്രെയ്ഗിന്റെ മുഖത്തോട് ഇണങ്ങിച്ചേര്‍ന്നു പോയ ജെയിംസ് ബോണ്ടിനെ ഇനി ആര് അവതരിപ്പിക്കും? ഹോളിവുഡിലെ ചര്‍ച്ചകളില്‍ തീ പാറുകയാണ്. ഏഴുപേരാണ് ജെയിംസ് ബോണ്ടാകാന്‍ മനക്കോട്ട കെട്ടിയിരിക്കുന്നത്. ആരെയാകും ആ നിയോഗം തേടിയെത്തുക?
തിയോ ജെയിംസ്: ''ഡൈവര്‍ജന്റ്', 'ദ് വൈറ്റ് ലോട്ടസ്' സീരിസുകളിലൂടെ പ്രശസ്തനായ തിയോ ജെയിംസിന്റെ പേരാണ് ഏറ്റവും മുന്നില്‍. സീക്രട്ട് ഏജന്റായി വേഷമിടാന്‍ തിയോ മിടുക്കനാണെന്നതിന് മുന്‍ ചിത്രങ്ങളും തെളിവ്. നോട്ടം കൊണ്ടും ആക്ഷന്‍ കൊണ്ടും പ്രേക്ഷകനെ പിടിച്ചിരുത്താനുള്ള ആ കഴിവ് ‘ദ് ജെന്റില്‍മെനി’ലും തിയോ തെളിയിച്ചതാണ്. എന്നാല്‍ 'ജെയിംസ് ബോണ്ടോ, ഈ ഞാനോ' എന്നാണ് തിയോ ചോദിക്കുന്നത്. ‘ബ്രിട്ടീഷ് സാംസ്‌കാരിക ചരിത്രത്തിന്റെ ഭാഗമായതിനാല്‍ത്തന്നെ ബോണ്ടാകാന്‍ സ്വപ്‌നം കാണുന്നവര്‍ ഒട്ടേറെയുണ്ട്. പക്ഷേ അതൊരിക്കലും ഞാനാവില്ല. എന്നെക്കാള്‍ മികച്ച ആളുകള്‍ ഉണ്ട്.’ ബോണ്ടിന്റെ വേഷം ചെയ്യാനുള്ള തീരുമാനം വയ്യാവേലിയാകുമെന്ന ആശങ്കയും തിയോ പങ്കുവയ്ക്കുന്നു.
ഹെന്‍റി കവില്‍: സൂപ്പര്‍മാനായി തിളങ്ങിയ ഹെന്‍റി കവിലാണ് വാതുവയ്പുകാരുടെ പ്രധാന ബെറ്റ്. അതിനൊരു കാരണവുമുണ്ട്. ഡാനിയല്‍ ക്രെയ്ഗ് ബോണ്ടായി തിരഞ്ഞെടുക്കപ്പെട്ട ഓഡിഷനില്‍ ഹെന്‍റിയും പങ്കെടുത്തിരുന്നു. പ്രകടനം എല്ലാവര്‍ക്കും ഇഷ്ടപ്പെടുകയും ചെയ്തു. പക്ഷേ ബോണ്ടാകാനുള്ള പ്രായം ഹെന്‍റിക്കായിട്ടില്ലെന്ന് പറഞ്ഞ് മടക്കി അയയ്ക്കുകയായിരുന്നു. അതുകൊണ്ടു തന്നെ 42കാരനായ ഹെന്‍റിയെത്തേടി ഇക്കുറി ബോണ്ട് വേഷം എത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
Image: instagram.com/aarontaylorjohnson
ആരോണ്‍ ടെയ്‌ലര്‍ ജോണ്‍സണ്‍: ബോണ്ടാകാനുള്ള പോരില്‍ ഏറ്റവും പ്രായം കുറഞ്ഞയാളാണ് ആരോണ്‍. സ്‌ക്രീന്‍ ടെസ്റ്റ് കഴിഞ്ഞെന്നുവരെ കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ടുണ്ടായിരുന്നു. സെപ്റ്റംബറില്‍ നടന്ന സ്‌ക്രീന്‍ ടെസ്റ്റില്‍ നിര്‍മാതാക്കളും ബാര്‍ബറ ബ്രോകലിയും പൂര്‍ണ തൃപ്തി പ്രകടിപ്പിച്ചെന്നും വിവരമുണ്ട്. അവഞ്ചേഴ്‌സിലെ ഏയ്ജ് ഓഫ് ഉള്‍ട്രോണ്‍, ഗോഡ്‌സില, ടെനന്റ് എന്നിവയിലെ കിടിലന്‍ പ്രകടനങ്ങള്‍ ആണ് ആരോണിന്റെ പ്ലസ് പോയിന്റ്.
ജെയിംസ് നോര്‍ടന്‍: 007 ആകാന്‍ ആരെന്ന ചോദ്യത്തിന് ജെയിംസ് നോര്‍ടനുള്ളപ്പോള്‍ മറ്റൊരു ചോദ്യമേ ഉദിക്കുന്നില്ലെന്നാണ് വാര്‍ ആന്റ് പീസും ഗ്രാന്‍ചെസ്റ്ററും ഹാപ്പി വാലിയുമെല്ലാം കണ്ടവര്‍ പറയുന്നത്. പഴയ കേംബ്രിജുകാരനാണെന്നതും അതീവ സുന്ദരനാണെന്നതും നോര്‍ടന്റെ അധിക യോഗ്യതകളായി കാണുന്നവരുണ്ട്. സ്വതേ ബുദ്ധിമാനും അതിലും ഗംഭീരനടനുമായ നോര്‍ടന്‍ ബോണ്ടായെത്തിയാല്‍ കലക്കുമെന്നാണ് ആരാധക പക്ഷം.
Image: instagram.com/jack.lowden
ജാക് ലോവ്ഡന്‍: ജെയിംസ് ബോണ്ടാകുള്ള പോരാട്ടത്തിലെ കറുത്ത കുതിരയായേക്കും ജാക്കെന്ന് ഇംഗ്ലിഷ് മാധ്യമങ്ങള്‍ പറയുന്നു. ത്രില്ലറുകളിലും യുദ്ധം പ്രമേയമായി വരുന്ന ചിത്രങ്ങളിലും ജാക്് പുറത്തെടുത്ത അഭിനയമാണ്, ജയിംസ് ബോണ്ടായെത്തിയാലും കസറുമെന്ന തോന്നല്‍ ആരാധകരില്‍ ഉണ്ടാക്കുന്നത്. സ്ലോ ഹോഴ്‌സിലെ നാല് സീസണുകളിലെ പ്രകടനവും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.
Image: instagram.com/callummturner
കല്ലം ടേണര്‍: സൂപ്പര്‍താര പദവിയും ക്ലാസി ലുക്കുമായാണ് 007 ആകാനുള്ള കല്ലം ടേണറുടെ വരവ്. ഹാരിസ് ഡിക്കിന്‍സന്റെ സാധ്യതകളും തള്ളിക്കളയേണ്ടതില്ല. കാനില്‍ ബിഎഫ്‌ഐക്ക് നല്‍കിയ അഭിമുഖത്തില്‍ അഭ്യൂഹങ്ങള്‍ സ്ഥിരീകരിക്കുന്ന തരത്തില്‍ ഹാരി സംസാരിച്ചതും ആരാധകര്‍ ഓര്‍മിപ്പിക്കുന്നു. ജൊനാഥന്‍ ബെയ്‌ലി, റീഗ് ജീന്‍ പേജ് എന്നിവരും ബോണ്ടാകാനുള്ള വിളി വരുന്നതും കാത്തിരിക്കുകയാണ്.