ബോളിവുഡിന്റെ പ്രിയതാരദമ്പതികളായ കിയാര അദ്വാനിയും സിദ്ധാർഥ് മൽഹോത്രയും തങ്ങളുടെ രണ്ടാമത്തെ കൺമണിക്കായുള്ള കാത്തിരിപ്പിലാണ്. ഇൻസ്റ്റഗ്രാമിലൂടെയാണ് ഇരുവരും സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. ‘വീണ്ടും ഏറ്റവും വലിയ സമ്മാനത്താൽ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. ഞങ്ങളുടെ ഹൃദയം സ്നേഹത്താലും കൃതജ്ഞതയാലും നിറഞ്ഞിരിക്കുന്നു,’ എന്നാണ് കിയാര ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. കിയാര–സിദ്ധാര്‍ഥ് ദമ്പതികളും മകള്‍ സരായയും ചേർന്ന് കുഞ്ഞുവാവയുടെ വെളുത്ത സോക്സുകള്‍ പിടിച്ചിരിക്കുന്ന ചിത്രത്തോടൊപ്പമാണ് പോസ്റ്റ്.
2021-ൽ പുറത്തിറങ്ങിയ ‘ഷെർഷാ’ എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് സിദ്ധാർഥും കിയാരയും പ്രണയത്തിലാകുന്നത്. തുടർന്ന് 2023 ഫെബ്രുവരിയിൽ രാജസ്ഥാനിലെ ജയ്‌സാൽമീറിൽ വച്ച് ഇരുവരും വിവാഹിതരായി. തുടർന്ന് ദമ്പതികൾക്ക് സരായ എന്ന മകള്‍ ജനിച്ചു. ഇപ്പോൾ കുഞ്ഞു സരായയ്ക്ക് കൂട്ടായി പുതിയൊരു കുഞ്ഞതിഥി കൂടി എത്തുന്നതിന്റെ ആവേശത്തിലാണ് താരകുടുംബം.
യഷ് നായകനായ ‘ടോക്സിക്കി’ലാണ് കിയാര അദ്വാനി ഒടുവിൽ അഭിനയിച്ചത്. സിദ്ധാർഥ് മൽഹോത്ര നായകനായ 'വാൻ' ഇപ്പോൾ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. പുതിയ സന്തോഷവാർത്ത പുറത്തുവന്നതോടെ ആരാധകരും ബോളിവുഡിലെ സഹപ്രവർത്തകരുമടക്കം ഒട്ടേറെപ്പേരാണ് താരദമ്പതികൾക്ക് ആശംസകളുമായി എത്തുന്നത്.