Image Credit: instagram/radhikaofficial
അനാവശ്യമായ ചുംബനങ്ങള്‍ക്കും ശരീര പ്രദര്‍ശനത്തിനും സംവിധായകര്‍ നിര്‍ബന്ധിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി ബോളിവുഡ് സൂപ്പര്‍താരം രാധിക ആപ്തെ. ബോളിവുഡില്‍ അതിശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള രാധിക, കഥാപാത്രം ആവശ്യപ്പെടാത്ത കാര്യങ്ങള്‍ ചെയ്യാന്‍ നടിമാര്‍ക്ക് മേല്‍ സമ്മര്‍ദമുണ്ടാകാറുണ്ടെന്നും തുറന്ന് പറയുന്നു. സഹതാരത്തെ ചുംബിക്കാനും അടിവസ്ത്രം മാത്രമിട്ട് ആക്ഷന്‍ സീന്‍ ചെയ്യാനും ആവശ്യപ്പെട്ടിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ അത്തരം കാര്യങ്ങള്‍ മാറി വരുന്നുവെന്നാണ് താന്‍ മനസിലാക്കുന്നതെന്നും രാധിക പറഞ്ഞു.
'തുടക്കത്തില്‍ നാലോ അഞ്ചോ ചിത്രങ്ങളില്‍ ഞാന്‍ നഗ്നയായി അഭിനയിച്ചിട്ടുണ്ട്. ശരിക്കും നഗ്നയായി തന്നെ. അതോടെ ആ... അവള്‍ അത് ചെയ്തോളും എന്ന് ചിലര്‍ ഇരുന്ന് പറയാന്‍ തുടങ്ങി. ഒടുവില്‍ അവരോട് എനിക്ക് തുറന്ന് സംസാരിക്കേണ്ടി വന്നു.. അതൊക്കെ ഞാന്‍ ചെയ്തിട്ടുണ്ട്, ഇനി അത്തരം വേഷം ആവര്‍ത്തിക്കാനില്ല. ഇപ്പോഴാണെങ്കില്‍ ഞാന്‍ സംവിധായകരോട് അത്തരം സീനുകളുടെ ആവശ്യമെന്തെന്ന് കൃത്യമായി വിശദീകരിക്കാന്‍ പറയും. എന്തിനാണ് ആ സീന്‍? അയാളെ ഞാന്‍ ഈ സീനില്‍ ചുംബിക്കേണ്ടതിന്‍റെ ആവശ്യമെന്താണ്? എന്ന് ചോദിക്കും. അങ്ങനെ ചോദിച്ചപ്പോള്‍ 'ചെറിയ ചുംബനം, അത് 15 സെക്കന്‍റ് നീളും അതിനെന്താ കുഴപ്പം' എന്നെല്ലാം... നിങ്ങളെന്താണ് പറഞ്ഞ് വരുന്നത് എന്ന് ഞാന്‍ തിരിച്ച് ചോദിച്ചു'- ആളുകളുടെ മനസ്ഥിതി ഓര്‍ത്ത് തമാശ തോന്നുന്നുവെന്നും താരം വെളിപ്പെടുത്തി.
മറ്റൊരിക്കല്‍ ഒരു സെറ്റിലെത്തിയപ്പോള്‍ 'ആക്ഷന്‍ സീക്വന്‍സ് ചെയ്താലോ.. ഷര്‍ട്ടിന്‍റെ ബട്ടന്‍സ് അഴിച്ചിടണം എന്നു പറഞ്ഞു. 'ഇത് ആക്ഷന്‍ സീക്വന്‍സല്ലേ, ഷര്‍ട്ട് അങ്ങോട്ടുമിങ്ങോട്ടും സ്ഥാനം മാറില്ലേ' എന്നായിരുന്നു എന്‍റെ മറുചോദ്യം. 'എന്നാല്‍ ബ്രായും അടിവസ്ത്രവും മാത്രമാക്കാം' എന്നായി ! നിങ്ങളെന്താണ് ഉദ്ദേശിക്കുന്നത് എന്ന് എനിക്ക് ചോദിക്കേണ്ടി വന്നു. ആരാണത് എന്ന് ഞാന്‍ പറയുന്നില്ല, കേട്ടാല്‍ നിങ്ങള്‍ ഞെട്ടിപ്പോകും. അത്തരമൊരു ഇടത്ത് നിന്ന് ഈ ചോദ്യം നിങ്ങള്‍ ഒരിക്കലും പ്രതീക്ഷിക്കില്ല. ഞാന്‍ എന്തായാലും ആ വേഷം ചെയ്തില്ല'.- രാധിക പറഞ്ഞു.
അഭിനേതാക്കളുടെ തിരഞ്ഞെടുപ്പിനെയും അതിര്‍ത്തികളെയും ബഹുമാനിക്കാന്‍ സംവിധായകര്‍ തയാറാകണമെന്നാണ് തന്‍റെ നിലപാടെന്ന് രാധിക പറയുന്നു. സിനിമ കൂടുതല്‍ വിജയകരമാക്കുന്നതാണെന്ന് അത്ര ഉറപ്പില്ലാത്ത കാര്യങ്ങള്‍ക്കായി അഭിനേതാക്കളെ നിര്‍ബന്ധിക്കരുതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നെറ്റ്ഫ്ളിക്സില്‍ റിലീസായ 'ലസ്റ്റ് സ്റ്റോറീസ് 3' ല്‍ കങ്കണ സെന്‍, വിജയ് വര്‍മ, അഭിഷേക് ബാനര്‍ജി തുടങ്ങിയവര്‍ക്കൊപ്പം രാധികയും ശ്രദ്ധേയമായ വേഷത്തിലുണ്ട്.