immortals-of-meluha-movie-adaptation

അമിഷ് ത്രിപാഠിയുടെ എക്കാലത്തെയും ഹിറ്റ് പുസ്തകമായ മെലൂഹയിലെ ചിരഞ്ജീവികള്‍ (ഇമ്മോര്‍ട്ടല്‍സ് ഓഫ് മെലൂഹ) സിനിമയാകുന്നതായി റിപ്പോര്‍ട്ട്. പുസ്തകം സിനിമായായി ബിഗ് സ്‌ക്രീൻ എത്തുമ്പോള്‍ നടൻ രൺവീർ സിങായിരിക്കും കേന്ദ്ര കഥാപാത്രമായ ശിവനെ അവതരിപ്പിക്കുക എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അങ്ങനെയെങ്കില്‍ രൺവീറിന്‍റെ കരിയറിലെ ഏറ്റവും വലിയ പ്രോജക്റ്റുകളിൽ ഒന്നായിരിക്കും ചിത്രം.

ധുരന്ധറിന്റെ വിജയത്തിനുശേഷം അടുത്ത രണ്‍വീര്‍ ചിത്രം ഏതായിരിക്കും എന്ന് ആരാധകര്‍ അന്വേഷിക്കുന്നതിനിടെയാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വരുന്നത്. ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുക മാത്രമല്ല, രണ്‍വീറിന്‍റെ പ്രൊഡക്ഷൻ ബാനറായ മാ കസം ഫിലിംസ് തന്നെയാണ് ചിത്രത്തിന്‍റെ അവകാശം വൻ തുകയ്ക്ക് സ്വന്തമാക്കിയിരിക്കുന്നതെന്നും പിങ്ക്‌വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നിരുന്നാലും കൃത്യമായ കണക്ക് വെളിപ്പെടുത്തിയിട്ടില്ല. ബിർള സ്റ്റുഡിയോസുമായി ചേര്‍ന്നായിരിക്കും സിനിമ നിര്‍മ്മിക്കുക.

മെലുഹയെ ബിഗ് സ്ക്രീനിലെത്തിക്കാന്‍ വളരെക്കാലമായി രൺവീർ താല്‍പര്യം പ്രകടിപ്പിക്കുന്നുണ്ടെന്നും അടുത്തിടെയാണ് അത് യാഥാര്‍ഥ്യത്തിലേക്ക് അടുത്തതെന്നും അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പുസത്കം പോലെ തന്നെ മൂന്ന് ഭാഗമായിട്ടായിരിക്കും സിനിമ എത്തുക. സിനിമയുടെ നിര്‍മാണ ജോലികള്‍ ഇതിനകം ആരംഭിച്ചതായും ആദ്യ ഭാഗം 2028 ൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. രണ്‍വീര്‍ ശിവനായി എത്തുമെന്ന് അഭ്യൂഹങ്ങളുണ്ടെങ്കിലും മറ്റ് അഭിനേതാക്കളെ തീരുമാനിച്ചിട്ടില്ല. സംവിധായകനും ആയിട്ടില്ല. സംവിധായകനെ തീരുമാനിക്കുന്നതിന് മുമ്പ് നിർമ്മാതാക്കൾ തിരക്കഥയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ഹിന്ദു പുരാണങ്ങളുടെ ആകർഷകമായ പുനരാഖ്യാനങ്ങളാണ് അമീഷ് ത്രിപാഠിയെ എഴുത്തുകളുടെ ലോകത്ത് ശ്രദ്ധേയനാക്കിയത്. 'ദ് ആൽക്കെമിസ്റ്റ്' എന്ന പുസ്തകത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് അമീഷ് എഴുതിയ ആദ്യ നോവലാണ് 'ദ് ഇമ്മോർട്ടൽസ് ഓഫ് മെലൂഹ'. 2010-ൽ പ്രസിദ്ധീകരിച്ച പുസ്തകം അമിഷ് ത്രിപാഠിയുടെ ശിവ ട്രൈലോജിയിലെ ആദ്യ പുസ്തകമാണ്. പിന്നീട് 'ദ് സീക്രട്ട് ഓഫ് ദ് നാഗാസ്' (2011), 'ദി ഓത്ത് ഓഫ് വായുപുത്ര' (2013) എന്നീ പുസ്തകങ്ങളും ട്രിലോജിയു‍ടെ ഭാഗമായി എത്തി. ഇന്ത്യൻ  മിത്തോളജിയെ ആധുനിക വീക്ഷണത്തോടെ പുനർവ്യാഖ്യാനം ചെയ്യുകയാണ് അമീഷിന്‍റെ പുസ്തകങ്ങള്‍. ഇന്ത്യന്‍ സാഹിത്യത്തിലെ ഏറ്റവും വേഗത്തിൽ വിറ്റഴിക്കപ്പെടുന്ന പുസ്തക പരമ്പകളിലൊന്നാണിത്. ഏകദേശം 2.5 ദശലക്ഷം കോപ്പികൾ അച്ചടിച്ച പുസ്തം 20 ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

ENGLISH SUMMARY:

Bestselling author Amish Tripathi’s iconic novel The Immortals of Meluha is set to be adapted into a major motion picture, with Bollywood star Ranveer Singh reportedly playing the lead role of Lord Shiva. According to Pinkvilla, Ranveer’s production house, Maa Kasam Films, has acquired the rights for a massive sum in collaboration with Birla Studios. The cinematic adaptation is planned as a trilogy, mirroring the original book series, with the first installment tentatively scheduled for a 2028 release. While pre-production has already begun, the makers are currently focusing on the screenplay before finalizing a director and the rest of the cast. Since its publication in 2010, the Shiva Trilogy has become one of India's fastest-selling book series, having sold over 2.5 million copies and translated into 20 languages.