ഹോളിവുഡ് സിനിമകളില്‍ പ്രേക്ഷകര്‍ ഏറ്റെടുത്ത ടൈം ലൂപ്പ് ആശയവുമായി ധൂമകേതു എത്തുന്നു. സജിന്‍ ഗോപു, നിഖില വിമല്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. 'നെയ്മറി'ന് ശേഷം സുധി മാഡിസൺ സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബർ 25-ന് തിയേറ്ററുകളിലെത്തും.
'സൂക്ഷ്മദർശിനി'യുടെ വിജയത്തിനു ശേഷം ഹാപ്പി അവേഴ്സ് എന്‍റർടെയ്ൻമെന്‍റ്സും എ ആൻഡ് എച്ച്എസ് പ്രൊഡക്ഷൻ ഹൗസും ചേർന്ന് നിർമിക്കുന്ന ചിത്രം ഒരു വേറിട്ട ടൈം ട്രാവൽ കഥയാണെന്ന സൂചന നൽകുന്നതാണ് ട്രെയിലർ. ഒരു കല്യാണവും അതിനെ ചുറ്റിപ്പറ്റി രസകരമായതും കൗതുകം നിറയ്ക്കുന്നതുമായ ഒട്ടേറെ മുഹൂർത്തങ്ങള്‍ ചിത്രത്തിലുണ്ടെന്ന് ട്രെയിലര്‍ വ്യക്തമാക്കുന്നു.
'ധൂമകേതു' സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ ശ്രദ്ധ നേടിയിരുന്നു. മലയാളത്തിൽ അപൂർവമായി മാത്രം സംഭവിക്കുന്ന അണ്ടർവാട്ടർ ദൃശ്യങ്ങളുമായാണ് 'ധൂമകേതു' ഫസ്റ്റ് ലുക്ക് എത്തിയിരുന്നത്. സിനിമയുടേതായി പുറത്തിറങ്ങിയ ഗാനങ്ങളും തരംഗമായിരുന്നു.
സജിൻ ഗോപുവിനും നിഖില വിമലിനുമൊപ്പം ഷൈൻ ടോം ചാക്കോ, ഗണപതി, സിദ്ധാർത്ഥ് ഭരതൻ തുടങ്ങിയവരാണ് പ്രധാന താരങ്ങളാകുന്നത്. സമീർ താഹിർ, ഷൈജു ഖാലിദ്, സജിൻ അലി, അബ്ബാസ് തിരുനാവായ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നത് സോണിയും മനുവും ചേർന്നാണ്.
ജിന്‍റോ ജോർജ്ജ് ഛായാഗ്രഹണവും വിവേക് ഹർഷൻ എഡിറ്റിംഗും നിര്‍വഹിക്കുന്നു. അങ്കിത് മേനോനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഭാവന റിലീസ് ചിത്രം തിയറ്ററുകളിലെത്തിക്കും.