• കോസ്മിക് സാംസണിനു ശേഷം സന്ദീപ് പ്രദീപ് നായകനാകുന്ന പിക്നിക്കില്‍ ഇന്ദ്രജിത് സുകുമാരനും ദിലീഷ് പോത്തനും പ്രധാന വേഷങ്ങളിലെത്തുന്നു

ഇന്‍ഡസ്ട്രി ഹിറ്റ് നേടിയ ബെത്‌ലഹേം കുടുംബ യൂണിറ്റിനു പിന്നാലെ പുതിയ ചിത്രം പ്രഖ്യാപിച്ച് ഭാവന സ്റ്റുഡിയോസ്. 'പിക്നിക് ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ യുവതാരം സന്ദീപ് പ്രദീപാണ് നായകനായി എത്തുന്നത്. ഭാവന സ്റ്റുഡ‍ിയോസ് നിര്‍മിച്ച് വലിയ വിജയങ്ങള്‍ നേടിയ  'പ്രേമലു', 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' എന്നീ വിജയ ചിത്രങ്ങളുടെ സഹരചയിതാവായിരുന്ന കിരൺ ജോസി ഈ ചിത്രത്തിലൂടെ ആദ്യമായി സംവിധായകന്റെ കുപ്പായമണിയുന്നു.

പടക്കളം, എക്കോ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സന്ദീപ് പ്രദീപ് ഭാവന സ്റ്റുഡിയോസിന്‍റെ ഭാഗമവുകയാണ് ചിത്രത്തിലൂടെ. റിലീസിനൊരുങ്ങുന്ന സൂപ്പ‍ര്‍ ഹിറോ ചിത്രം കോസ്മിക് സാംസണിനു ശേഷം സന്ദീപ് നായകനാകുന്ന പിക്നിക്കില്‍ ഇന്ദ്രജിത് സുകുമാരനും ദിലീഷ് പോത്തനും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സുജിന ശ്രീധരൻ, അക്ഷത അജിത്, രേഷ്മ ജോസി, മേരി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

മലയാളത്തില്‍ ആദ്യമായി 300 കോടി ക്ലബിലേക്ക് ഇടംപിടിച്ച ബെത്‌ലഹേം കുടുംബ യൂണിറ്റിനു ശേഷം ഭാവന സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രമാണിത്. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒരു പൂർണ ഫാമിലി ഫൺ എന്റർടെയ്‌നറായാണ് ചിത്രം ഒരുക്കുന്നത്. 

കിരൺ ജോസിയും അനുരാജ് ഒ.ബിയും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് ഗോവിന്ദ് വസന്തയാണ് സംഗീതം ഒരുക്കുന്നത്. സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം 2027 ജനുവരി 14 ന് തിയറ്ററുകളിലേക്ക് എത്തും. മലയാളത്തിനു പുറമേ തമിഴ്, കന്നട, തെലുങ്ക് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. 

 

 

പ്രേമലു –2, കരാട്ടെ ചന്ദ്രൻ എന്നീ ചിത്രങ്ങളാണ് നേരത്തെ ഭാവന സ്റ്റുഡിയോസ് പ്രഖ്യാപിച്ചിട്ടുള്ള ചിത്രങ്ങള്‍. ഇതില്‍ പ്രേമലു –2 ഇനി നടക്കാന്‍ സാധ്യതയില്ലെന്നു സംവിധായകന്‍ ഗിരീഷ് എ.ഡി തന്നെ സമീപകാലത്ത് വ്യക്തമാക്കിയിരുന്നു. മഹേഷിന്റെ പ്രതികാരം മുതല്‍ ദിലീഷ് പോത്തന്റെ കോ-ഡയറക്ടർ ആയിരുന്ന റോയ് സംവിധാനം ചെയ്യുന്ന കരാട്ടെ ചന്ദ്രനില്‍ ഫഹദ് ഫാസിലാണ് ടൈറ്റില്‍ റോളിലെത്തുന്നത്. സിനിമയ്ക്കായി കരാട്ടെ പഠിക്കുന്ന ഫഹദിന്റെ ചിത്രങ്ങൾ അണിയറ പ്രവർത്തകർ നേരത്തെ പുറത്തുവിട്ടിരുന്നു. 

ENGLISH SUMMARY:

Bhavana Studios is set to release their new film, 'Picnic', following the success of 'Bethlehem Kudumba Unit'. This marks the directorial debut of Kiran Jose, who previously co-wrote successful films like 'Premalu'.