ബാച്ചിലര്‍ പാര്‍ട്ടിയുടെ രണ്ടാം ഭാഗം പ്രഖ്യാപിച്ച് സംവിധായകന്‍ അമല്‍ നീരദ്. ബാച്ചിലര്‍ പാര്‍ട്ടി ദ്യു എന്നാണ് ചിത്രത്തിന്‍റെ പേര്. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് അമല്‍ നീരദ് ചിത്രം പ്രഖ്യാപിച്ചത്. ദ്യു എന്നത് ഫ്രഞ്ചില്‍ രണ്ട് എന്നാണ് അര്‍ഥമെന്ന് അമല്‍ നീരദ് വിശദീകരിച്ചു.
അമല്‍ നീരദ് പ്രൊഡക്ഷന്‍, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സ്, അന്‍വര്‍ റഷീദ് എന്‍റര്‍ടെയിന്‍മെന്റ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുക. നസ്‍ലിന്‍, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകും എന്നാണ് സൂചന. രേഖാചിത്രത്തിലൂടെ ശ്രദ്ധേയനായ അപ്പു പ്രഭാകർ ആണ് ഛായാഗ്രഹണം. ഭ്രമയുഗത്തിലെ പാട്ടുകളൊരുക്കിയ ക്രിസ്റ്റോ സേവ്യറാണ് സംഗീതം. എഡിറ്റിങ്- വിവേക് ഹർഷൻ.
2012 ല്‍ റിലീസ് ചെയ്ത ബാച്ചിലര്‍ പാര്‍ട്ടി ആക്ഷന്‍ ത്രില്ലര്‍ ചിത്രമായിരുന്നു. ഇതിന്‍റെ പൂര്‍ണമായ തുടര്‍ച്ചയാണോ ബാച്ചിലര്‍ പാര്‍ട്ടി ദ്യു എന്നതില്‍ വ്യക്തതയില്ല. ഉണ്ണി ആര്‍ സന്തോഷ് എച്ചിക്കാനം എന്നിവര്‍ ചേര്‍ന്നാണ് ബാച്ചിലര്‍ പാര്‍ട്ടിയുടെ കഥ എഴുതിയത്. ആസിഫ് അലി, കലാഭവന്‍ മണി, റഹ്മാന്‍, ഇന്ദ്രജിത് സുകുമാരന്‍, വിനായകന്‍, നിത്യാ മേനോന്‍ എന്നിവര്‍ അഭിനയിച്ച ചിത്രത്തില്‍ പൃഥിരാജ് സുകുമാരന്‍, രമ്യ നമ്പീശന്‍ എന്നിവര്‍ കാമിയോ റോളിലും എത്തിയിരുന്നു. 2024 ല്‍ സംവിധാനം ചെയ്ത സൈക്കോളജിക്കല്‍ ത്രില്ലര്‍ ബോഗന്‍വില്ലയാണ് അമല്‍ നീരദിന്‍റെ ഒടുവിലെ ചിത്രം.