പ്രണവ് മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഹൊറർ ചിത്രം 'ഡീയസ് ഈറേ'യുടെ പുതിയ ട്രെയ്‌ലർ റിലീസ് ചെയ്തു. പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ഭീതിപ്പെടുത്തുന്ന രംഗങ്ങൾ ഉൾപ്പെടുത്തിയുള്ളതാണ് ട്രെയ്‌ലർ. മികച്ച ഹൊറർ അനുഭവം സമ്മാനിക്കുന്ന ഒരു ചിത്രമായിരിക്കും 'ഡീയസ് ഈറേ' എന്ന പ്രതീതിയാണ് ട്രെയ്‌ലർ സമ്മാനിക്കുന്നത്.
ഭ്രമയുഗം, ഭൂതകാലം എന്നീ ഹൊറർ ത്രില്ലർ ചിത്രങ്ങൾക്കു ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകത ഡീയസ് ഈറേയ്ക്കുണ്ട്. നേരത്തെ വന്ന ചിത്രത്തിന്റെ ടീസറും ട്രെയ്‌ലറും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. 'ഡീയസ് ഇറേ' എന്നത് ലാറ്റിൻ വാക്കാണ്. മരിച്ചവർക്ക് വേണ്ടി പാടുന്ന ഒരു ലാറ്റിൻ കവിതയാണ് ഡീയസ് ഈറേ. ഡീയസ് ഈറേ എന്നാൽ ലാറ്റിനിൽ ഉഗ്ര കോപത്തിൻ്റെ ദിനം എന്നർത്ഥം.
അതേസമയം ചിത്രത്തിൽ പ്രണവിനൊപ്പം മോഹൻലാലും ഉണ്ടാകുമോ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ചർച്ചകൾ നടക്കുന്നുണ്ട്. 'ഡീയസ് ഈറേ'യുടെ പോസ്റ്ററുകളിലും വിഡിയോകളിലും ഉപയോഗിച്ചിരിക്കുന്ന അതേ കളർ പാറ്റേണിലുള്ള പ്രൊഫൈൽ പിക്ചർ മോഹൻലാൽ ഫെയ്‌സ്ബുക്കിൽ അപ്ഡേറ്റ് ചെയ്തുവെന്നതാണ് അതിന്റെ കാരണം. പ്രണവ മോഹൻലാൽ ഉൾപ്പെടെ 'ഡീയസ് ഈറേ'യുടെ മുഴുവൻ ടീമും ഇത്തരത്തിൽ പ്രൊഫൈൽ പിക്ചർ മാറ്റിയതിനൊപ്പമാണ് മോഹൻലാലും ചിത്രം അപ്ഡേറ്റ് ചെയ്തത്.
അച്ഛനും മകനും ചിത്രത്തിൽ ഒന്നിക്കുമോ എന്നതാണ് പ്രേക്ഷകർ ചോദിക്കുന്നത്. ഒക്ടോബർ 31നാണ് 'ഡീയസ് ഈറേ' തീയേറ്ററുകളിൽ എത്തുന്നത്. ചിത്രത്തിന്റെ തിരക്കഥ നിർവഹിക്കുന്നതും രാഹുൽ തന്നെയാണ്. ചക്രവർത്തി രാമചന്ദ്ര, എസ് ശശികാന്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സിനിമയുടെ ആർട്ട് ചെയ്യുന്നത് ജ്യോതിഷ് ശങ്കർ. ഛായാഗ്രഹണം: ഷെഹ്‌നാദ് ജലാൽ ISC, എഡിറ്റിങ് ഷഫീഖ് മുഹമ്മദ് അലി. സൗണ്ട് ഡിസൈൻ ജയദേവൻ ചക്കാടത്ത്. സൗണ്ട് മിക്സ് രാജാകൃഷ്ണൻ എം.ആർ. മേക്കപ്പ് റോണക്‌സ് സേവ്യർ. സ്റ്റണ്ട്സ് കലൈ കിങ്സൺ. വിഎഫ്‌എക്‌സ് ഡിജി ബ്രിക്‌സ്. പ്രൊഡക്‌ഷൻ കൺട്രോളർ അരോമ മോഹൻ.