'മന്ദാകിനി'ക്ക് ശേഷം നടന്‍ അല്‍ത്താഫും അനാര്‍ക്കലി മരക്കാറും വീണ്ടും ഒന്നിക്കുന്നു. 'ഇന്നസെന്‍റ്' എന്ന സിനിമയിലാണ് ഇരുവറും വീണ്ടും ഒന്നിക്കുന്നത്. ചിത്രത്തിന്‍റെ സെക്കന്‍റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നു. 'വടക്കുനോക്കിയന്ത്ര'ത്തിലെ പ്രശസ്തമായ ശ്രീനിവാസനും പാര്‍വതിയും ഫോട്ടോ എടുക്കുന്ന രംഗത്തോട് സമാനമായ രീതിയിലാണ് 'ഇന്നസെന്‍റി'ലെ പോസ്റ്ററില്‍ അല്‍ത്താഫിനേയും അനാര്‍ക്കലിയേയും കാണുന്നത്.
ഇന്‍സ്റ്റഗ്രാം താരമായ ടാന്‍സാനിയന്‍ സ്വദേശി കിലി പോള്‍ ആദ്യമായി അഭിനയിക്കുന്ന സിനിമ എന്ന പ്രത്യേകതയും 'ഇന്നസെന്‍റി'നുണ്ട്. എലമെന്റ്‌സ് ഓഫ് സിനിമയുടെ ബാനറില്‍ എം. ശ്രീരാജ് എ.കെ.ഡി. നിര്‍മിക്കുന്ന സിനിമ സംവിധാനംചെയ്യുന്നത് സതീഷ് തന്‍വിയാണ്. ജോമോന്‍ ജ്യോതിറും അസീസ് നെടുമങ്ങാടും അന്ന പ്രസാദും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തും. ഷിഹാബ് കരുനാഗപ്പിള്ളിയുടെ കഥയ്ക്ക് ഷിഹാബും സര്‍ജി വിജയനും സതീഷ് തന്‍വിയും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.