ഇരുപത്തി രണ്ടു വർഷങ്ങൾക്ക് ശേഷം ജയറാമും മകന്‍ കാളിദാസും ഒരുമിച്ചഭിനയിക്കുന്ന ചിത്രം വരുന്നു. 'ആശകൾ ആയിരം' എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് അണിയറപ്രവർത്തകർ പുറത്തുവിട്ടു. കാളിദാസ് ജയറാമും സിനിമയിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഒരു വടക്കൻ സെൽഫി, സത്യം പറഞ്ഞാ വിശ്വസിക്കുവോ എന്നി സിനിമകൾ ഒരുക്കിയ ജി പ്രജിത് ആണ് സിനിമ സംവിധാനം ചെയ്യുന്നത്.
2018 എന്ന സിനിമയ്ക്ക് ശേഷം ജൂഡ് ആന്തണി ജോസഫ് തിരക്കഥയൊരുക്കുന്ന സിനിമയാണിത്. ചിത്രത്തിന്റെ ക്രിയേറ്റിവ് ഡയറക്റ്ററും ജൂഡ് ആന്തണി തന്നെയാണ്. ജൂഡിനൊപ്പം അരവിന്ദ് രാജേന്ദ്രനും സിനിമയുടെ തിരക്കഥയിൽ പങ്കാളിയാണ്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് സിനിമ നിർമിക്കുന്നത്. കാമറ ഷാജി കുമാർ ആണ്. ഷഫീഖ് വി ബി എഡിറ്റിംഗ് നിർവഹിക്കുന്ന സിനിമയുടെ സംഗീതം കൈകാര്യം ചെയ്യുന്നത് സനൽ ദേവ് ആണ്.
ചിത്രത്തെ കുറിച്ച് ജൂഡ് ആന്തണി പങ്കുവച്ച കുറിപ്പ് ഇങ്ങനെ, ‘അയൽവീട്ടിലെ ആദ്യ പയ്യൻ , നമ്മുടെ സ്വന്തം ജയറാമേട്ടനും കണ്ണനും ഒന്നിക്കുന്ന സിനിമ. ഗോകുലവുമായും ഗോപാലൻ സാറുമായും കൃഷ്ണമൂർത്തി ചേട്ടനുമായും ആദ്യ സിനിമ.പ്രിയപ്പെട്ട പ്രജിത്തേട്ടൻ സംവിധാനം ചെയ്യുന്ന സിനിമ ,അരവിന്ദ് എഴുത്തുകാരനാകുന്ന ആദ്യ സിനിമ.ഈയുള്ളവന് വളരെ പ്രിയപ്പെട്ട സിനിമ.നിങ്ങൾക്കിഷ്ടപ്പെടും, ഉറപ്പാ’