kantha-first-look

TOPICS COVERED

'ലക്കി ഭാസ്​കറി'ന്‍റെ വമ്പന്‍ വിജയത്തോടെ മലയാളത്തിന് പുറത്ത് ദുല്‍ഖര്‍ സല്‍മാന്‍റെ സ്റ്റാര്‍ഡവും വിജയവും വീണ്ടും ചര്‍ച്ചയായിരുന്നു. കേരളത്തിനു പുറത്ത് വലിയ ആരാധകവൃന്ദമുള്ള ദുല്‍ഖറിന്‍റെ ഏറ്റവും പുതിയ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നിരിക്കുകയാണ്. റാണ ദഗ്ഗുബാട്ടി നിര്‍മിക്കുന്ന ചിത്രം 'കാന്ത'യുടെ ഫസ്റ്റ് ലുക്കാണ് ദുല്‍ഖര്‍ സിനിമയിലെത്തി 13 വര്‍ഷം തികയുന്ന വേളയില്‍ പുറത്തുവിട്ടിരിക്കുന്നത്. 

റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയക്കൊപ്പം ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസും കൂടി ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. തമിഴ് സംവിധായകൻ ആണ് സെൽവമണി സെൽവരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സെല്‍വമണി സംവിധാനം ചെയ്​ത  'ദ ഹണ്ട് ഫോർ വീരപ്പൻ' എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസ് വലിയ ശ്രദ്ധ നേടിയിരുന്നു. 

1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് കാന്തയുടെ കഥ പറയുന്നത്. ദുൽഖർ സൽമാനൊപ്പം റാണ ദഗ്ഗുബാട്ടി, സമുദ്രക്കനി, ഭാഗ്യശ്രീ ബോർസെ എന്നിവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായി എത്തും. വേഫേറർ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ അന്യഭാഷാ ചിത്രം കൂടിയാണ് 'കാന്ത'. തമിഴ്, മലയാളം, തെലുങ്കു, ഹിന്ദി ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും.

ദുല്‍ഖര്‍ സിനിമയില്‍ 13 വര്‍ഷം തികക്കുന്ന ദിവസം വന്നെത്തിയ പോസ്റ്റര്‍ ആഘോഷമാക്കുകയാണ് ആരാധകര്‍. 2012ല്‍ 'സെക്കന്‍റ് ഷോ' എന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖര്‍ സിനിമയിലെത്തിയത്. പിന്നാലെ മികച്ച സിനിമകളിലൂടെയും പ്രകടനത്തിലൂടെയും മമ്മൂട്ടിയുടെ മകന്‍ എന്ന മേല്‍വിലാസം മാറ്റി മലയാള സിനിമയില്‍ സ്വന്തം നിലയ്​ക്ക് താരം സ്റ്റാര്‍ഡം ഉണ്ടാക്കിയെടുത്തു. 

വായ് മൂടി പേസവും എന്ന ദ്വിഭാഷ ചിത്രത്തിലൂടെ തമിഴില്‍ എത്തിയെങ്കിലും മണിരത്നത്തിന്‍റെ 'ഒകെ കണ്‍മണി'യാണ് ദുല്‍ഖറിനെ തമിഴില്‍ ശ്രദ്ധേയനാക്കിയത്. പിന്നീട് മികച്ച അന്യഭാഷ ചിത്രങ്ങളിലൂടെ കേരളത്തിന് പുറത്തും താരത്തിന് വലിയ ആരാധക വൃന്ദമുണ്ടായി. ഇന്ന് ദുല്‍ഖറിന്‍റെ ചിത്രങ്ങള്‍ക്കായി കാത്തിരിക്കുന്ന വലിയൊരു കൂട്ടം സിനിമാ പ്രേമികള്‍ തന്നെ ഇന്ത്യയെങ്ങുമുണ്ട്. 

ENGLISH SUMMARY:

Kantha's first look has been released. The film is produced by Rana Daggubati's Spirit Media along with Dulquer Salmaan's Wayfarer Films. Dulquer Salmaan, Jom Varghese, Rana Daggubati and Prashant Potluri are the producers of the film.