dileep-bhabhabha

ഗോകുലം മൂവീസിന്റെ ബാനറില്‍ ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പുതിയ പോസ്റ്റർ എത്തി. സിനിമയിലെ ദിലീപ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫസ്റ്റ്ലുക്ക് ആണ് അണിയറക്കാർ റിലീസ് ചെയ്തത്. തമിഴ്നാട് റജിസ്ട്രേഷനിലുള്ള ജിപ്സിയുടെ മുമ്പിലിരിക്കുന്ന ദിലീപിനെ പോസ്റ്ററില്‍ കാണാം. ‘ഗില്ലി’ സിനിമയിൽ വിജയ്‌യുടെ കഥാപാത്രം ഉപയോഗിക്കുന്ന അതേ മോഡലിലുള്ള വണ്ടിയും വണ്ടി നമ്പറുമാണ് ഈ പോസ്റ്ററിലും ഉള്ളതെന്നാണ് മറ്റൊരു പ്രത്യേകത.

നൂറിൻ ഷെരീഫും ഭർത്താവ് ഫാഹിം സഫറും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. വിനീത് ശ്രീനിവാസന്റെ സംവിധാന സഹായിയായി നേരത്തെ പ്രവർത്തിച്ചിട്ടുള്ളയാളാണ് ഭഭബ യുടെ സംവിധായകൻ ധനഞ്ജയ് ശങ്കര്‍. പൂർണമായും മാസ് കോമഡി എന്റർടെയ്നറായി അവതരിപ്പിക്കുന്ന ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളാകുന്നത് ദിലീപും വിനീത് ശ്രീനിവാസനുമാണ്.

ധ്യാൻ ശ്രീനിവാസൻ, സിദ്ധാർഥ് ഭരതൻ, ബൈജു സന്തോഷ്, ബാലു വർഗീസ്, സലിം കുമാർ, അശോകൻ, ദേവൻ, ബിജു പപ്പൻ, ജി. സുരേഷ് കുമാർ, നോബി, വിജയ് മേനോൻ, റിയാസ് ഖാൻ, സെന്തിൽ കൃഷ്ണാ, റെഡിൻ കിങ്‌സിലി(തമിഴ്), ഷമീർ ഖാൻ (പ്രേമലു ഫെയിം) ഷിൻസ്, ശരണ്യ പൊൻ വണ്ണൻ , നൂറിൻ ഷെറീഫ്, ധനശ്രീ, ലങ്കാ ലഷ്മി, പ്രശസ്ത കോറിയോഗ്രാഫർ സാൻഡി എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. പത്തിലധികം ചിത്രങ്ങളുടെ തുടര്‍ പരാജയത്തില്‍ നിന്ന് ദിലീപിനെ രക്ഷിക്കുന്ന ചിത്രമാകുമോ ‘ഭഭബ’ എന്നാണ് സിനിമാലോകം ഉറ്റുനോക്കുന്നത്.

ENGLISH SUMMARY:

The poster for actor Dileep's new movie Bha Bha Ba has been released, creating excitement among fans