ഏകാന്തതയെ ആധാരമാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത ആരോ എന്ന ഹ്രസ്വ ചിത്രം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയാണ്. ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു  ശ്യാമപ്രസാദ്. ആരോ പ്രേക്ഷകരിലേക്കെത്തി രണ്ടുദിവസം പിന്നിടുമ്പോൾ വളരെ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രതീക്ഷിച്ചതിനെക്കാൾ മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. വ്യത്യസ്തങ്ങളായ  അഭിപ്രായങ്ങൾ ഉണ്ടാകുമ്പോഴും 'ആരോ' ഒരു സജീവ ചർച്ചയാകുന്നുണ്ട് എന്നത് വലിയ കാര്യമാണ്. ഒരു സംവിധായകനെന്ന നിലയിലും നടനെന്ന നിലയിലും വളരെ എക്സൈറ്റിങ് ആയിട്ടുള്ള മൊമന്റ് ആണെന്നും ശ്യാമപ്രസാദ്. 

ഇത്തരമൊരു കഥാപാത്രത്തിലേക്ക് ക്ഷണിച്ചപ്പോൾ WHY ME എന്നൊരു ചോദ്യം മനസിൽ ഉണ്ടായോ ?

ഇല്ല,  ഈ കഥാപാത്രം എന്നെ ഏൽപ്പിക്കുക എന്നത്  പൂർണമായും സംവിധായകൻ രഞ്ജിത്തിന്റെ തീരുമാനവും വിശ്വാസവുമായിരുന്നു.  ശ്യാമപ്രസാദിന് ഇത് പറ്റും എന്ന് നിർമാതാവായ മമ്മൂട്ടിയുടെ സംശയത്തിന് പ്രതികരണമായി ഉറപ്പിച്ച് പറഞ്ഞത് രഞ്ജിത്താണ്. അതൊരു സംവിധായകന്റെ കാഴ്ചപ്പാടും വിശ്വാസവുമാണ്. ഒരു സംവിധായകനെന്ന നിലയിൽ ഞാനും  കുറേ അഭിനേതാക്കളെ കാണുകയും കഥാപാത്രങ്ങളാക്കുകയുമൊക്കെ ചെയ്തിട്ടുള്ളതല്ലേ? അപ്പോ സംവിധായകന്റെ ആ വിഷനിലും പ്രൊസസിലും  വിശ്വസിക്കുക എന്നുള്ളതാണ് ചെയ്യേണ്ടത്.  പിന്നെ ഈ കഥയോട് ഒരു കൗതുകവും തോന്നി. 

സംവിധായകൻ രഞ്ജിത്തിന്റെ ബ്രീഫ് ?

വി ആർ സുധീഷിന്റെ കഥ ആദ്യം രഞ്ജിത്ത് അയച്ചുതരികയാണ് ചെയ്തത്. വായിച്ചപ്പോൾ തന്നെ കഥാപാത്രത്തെ കുറിച്ച്  മനസിലായി. പിന്നെ അത് ഏത് വൈകാരിക തീവ്രത വരെ പോകാം, എങ്ങനെ അവതരിപ്പിക്കാം എന്നുള്ള ചിന്തയായിരുന്നു. രഞ്ജിത്തിന് അതേപ്പറ്റി കൃത്യമായ ചില ബോധ്യങ്ങൾ ഉണ്ടായിരുന്നു.  എന്റെ മാനറിസങ്ങളും പെരുമാറ്റരീതിയുമൊക്കെ മാറ്റി പിടിക്കാനുള്ള ശ്രമമാണ് പിന്നെ ഉണ്ടായത്. ബോഡി ലാഗ്വേജ് അടക്കം മാറ്റി. 

ഞാൻ അടിസ്ഥാനപരമായി ഒരു നടനല്ല, പൊതുവേ ഈ മേഖലയോടുള്ള ഇഷ്ടം കൊണ്ടാണ് ഇതിൽ പങ്കു ചേരാം എന്ന് തീരുമാനിച്ചത്. പിന്നെ മികച്ചൊരു പ്രൊജക്ട്, മമ്മൂട്ടി കമ്പനിയുടെ പ്രൊഡക്ഷൻ,  രഞ്ജിത്തിന്റെ സംവിധാനം, മഞ്ജു വാര്യരെന്ന പ്രതിഭയുടെ സാന്നിധ്യം, ഇതൊക്കെ തന്നെയാണ് എന്നെ 'ആരോ'യിൽ എത്തിച്ചത്. രണ്ടര ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയായി. സാങ്കേതിക വിഭാഗങ്ങൾ കൈകാര്യം ചെയ്തത് മിടുക്കന്മാരായിരുന്നു. തികച്ചും ഒരു സന്തോഷമുള്ള അനുഭവം തന്നെയായിരുന്നു അത്. 

നേരിട്ട വലിയ വെല്ലുവിളി

എന്റെയുള്ളിലെ സംവിധായകനെ മാറ്റി നിർത്തി കഥാപാത്രത്തെ സമീപിക്കുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. കാരണം മറ്റൊരു സംവിധായകൻ കൺസീവ് ചെയ്ത കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിക്കേണ്ടത്. അവിടെ എന്നിലെ നടനാണ് ചിന്തിക്കേണ്ടതും അഭിനയിക്കേണ്ടതും. അപ്പോൾ സംവിധായകൻ കൺസീവ് ചെയ്ത കഥാപാത്രത്തെ എത്രത്തോളം അർത്ഥവത്തും വിശ്വസനീയവുമായി അവതരിപ്പിക്കാം എന്നതിനാണ് ശ്രമിച്ചിട്ടുള്ളത്.

പിന്നെ ഈ കഥയുടെ ഒരു നിർണായകമായ സന്ദർഭമുണ്ടല്ലോ- അവിശ്വസനീയതയുടെ,  മായികമായ ഒരു സന്ദർഭം, അത് തിരിച്ചറിയാൻ, മനസ്സിലാക്കാൻ  പോലുമാകാതെ നിൽക്കുന്ന ഒരാളെയാണ് അവതരിപ്പിക്കേണ്ടത്.  പക്ഷേ ആ സന്ദര്‍ഭമാവുമ്പോഴേക്കും അയാളിൽ മറ്റ് ഏതെല്ലാമോ തീവ്ര വികാരങ്ങളും ഓർമകളുമൊക്കെ ഉയർന്നു വരുന്നുണ്ട്. അയാൾ ഒരു പ്രത്യേക വികാരവായ്​പ്പോടെയാണ്  പിന്നീട് അവൾ പറയുന്ന കാര്യങ്ങളെ കേൾക്കുന്നത് . അപ്പോൾ അയാളിൽ നിശബ്ദമായ ഒരു പരിണാമം സംഭവിക്കുന്നുണ്ട്. അത് വിശ്വസീനയമായ രീതിയിൽ ആയി പ്രതിഫലിപ്പിക്കുക എന്നുള്ളത് വളരെ പ്രധാനമായിരുന്നു

ഈയൊരു ഭാവ പരിണാമം എന്നെ തന്നെ ബോധ്യപ്പെടുത്താനും,  അനുഭാവവും  പ്രേമവും കലർന്ന ഒരു മനസ്സോടെ  അവതരിപ്പിക്കാനും  സാത്വികമായ ഒരു അഭിനയതലം ആവശ്യമായിരുന്നു. അതായത് ഉള്ളിൽ നിന്നും സത്യസന്ധമായി വരുന്നത്,  അത്  കണ്ണുകളിൽ പ്രതിഫലിക്കണം , അതൊക്കെ കുറച്ച് ശ്രമകരം ആയിരുന്നു. ചിത്രീകരണ സമയത്ത്  അവിടെ രഞ്ജിത്ത് മ്യൂസിക്ക് ഒക്കെ വളരെ വിദഗ്ധമായി ഉപയോഗിച്ചു . ഈ പരിണാമം റിയലിസ്റ്റിക്കായ ഒരു സാഹചര്യമല്ലല്ലോ. അത് പറഞ്ഞ് ഫലിപ്പിക്കുക എളുപ്പമായിരുന്നില്ല, എന്നാലും അതൊക്കെ കൃത്യമായി ചെയ്യാൻ സാധിച്ചു എന്നാണ് പ്രേക്ഷക പ്രതികരണങ്ങളിൽ നിന്നും മനസ്സിലാവുന്നത്. 

"മഞ്‍ജു വാര്യർ യഥാർഥ അഭിനേത്രി"

മഞ്ജു വാര്യർ വിവിധ തരം റോളുകൾ ചെയ്ത് പരിചയമുള്ള,  ടെക്നിക്കലി വളരെ സ്കി​ല്‍ഡായ ആയിട്ടുള്ള ഒരു കലാകാരിയാണ്. ഞാൻ ഒരിക്കലും ടെക്നിക്കലി പ്രൊഫിഷന്റ് ആയിട്ടുള്ള അഭിനേതാവല്ല. എനിക്ക് അത് പോലെ സൗഹൃദപരമായ സാഹചര്യമുളളത് കൊണ്ട്, വളരെ കംഫർട്ടബിളായി അഭിനയിച്ച് പോയി എന്നെയുള്ളൂ. ആക്ഷൻ പറഞ്ഞാൽ സ്വിച്ചിട്ട പോലെ വ്യത്യസ്ത ഭാവങ്ങളെ പ്രതിഫലിപ്പിക്കാൻ കഴിയുന്ന പ്രതിഭയാണ് മഞ്ജു. യഥാർഥ അഭിനേത്രി. അതുകൊണ്ട് ഞാനുമായിട്ട് ഒരു താരതമ്യം പോലും സാധ്യമല്ല . എന്റെ  കഥാപാത്രം അത്രയും മനോഹരമായത് മഞ്ജു എനിക്കെതിരെ നിന്നത് കൊണ്ട് കൂടിയാണ്.

ആരോ കണ്ട ശേഷം മമ്മൂട്ടിയുടെ പ്രതികരണം ?

മമ്മൂക്കയും കുടുംബവും ഒരുമിച്ചാണ് കണ്ടത് എന്നാണ് എനിക്കറിയാൻ കഴിഞ്ഞത്. വളരെ സന്തോഷത്തോടെയാണ് പ്രതികരിച്ചത്. എല്ലാവർക്കും ഇഷ്ടമായി എന്ന് അറിയുന്നതും വലിയ തൃപ്തി തരുന്നു.  

മനസിൽ തട്ടിയ മൊമന്റ് ?

ചിത്രത്തിന്റെ അവസാന ഭാഗത്ത് ആ സ്ത്രീയെ  നോക്കി നിൽക്കുമ്പോൾ എന്റെ  കണ്ണ് ഞാൻ  അറിയാതെയാണ് നിറഞ്ഞത്, ഗ്ലിസറിൻ പോലും ഇല്ലാതെയാണ് അത് സംഭവിച്ചത്, അത് കൃത്യമായി മുൻപേ തീരുമാനിച്ചത് ആയിരുന്നില്ല, അതുകൊണ്ട് തന്നെ ആ ക്രൂവിലുള്ള എല്ലാവരും അഭ്ദുതപ്പെട്ട് പോയി. സത്യത്തിൽ കണ്ണ് നിറയൽ ആയിരുന്നില്ല അത്, മനസ് നിറയൽ ആയിരുന്നു. അതിലേക്ക് എത്താൻ സാധിച്ച ആ മൊമന്റ് എന്നെ സംബന്ധിച്ചിടത്തോളം വളരെ സ്പെഷ്യലാണ്.

സോഷ്യൽ മീഡിയയിലെ വിയോജിപ്പുകളെ കുറിച്ച് ?

ഓരോ കലാസൃഷ്ടിയും ഓരോരുത്തരിലും ഓരോ വികാരമാണല്ലോ ഉണ്ടാക്കുക. അതിൽ ആരും ആരോടും തർക്കിച്ചിട്ടൊന്നും കാര്യമില്ല. പക്ഷേ ഒരു കലാസൃഷ്ടി ബൗദ്ധികമായി 'മനസിലാക്കുക' എന്നതിനേക്കാൾ അത് നമ്മളോട് ആവശ്യപ്പെടുന്നത് 'ആസ്വദിക്കാനും' 'അനുഭവിക്കാനു'മാണ് എന്ന് ഞാൻ വിശ്വസിക്കുന്നു .  പല ദൃശ്യശ്രാവ്യ പ്രേരണകളിലൂടെ  അത് അനുഭവിക്കാനാണ് ഒരു ചിത്രം നമ്മെ പ്രേരിപ്പിക്കുന്നത് . അല്ലാതെ ഇതൊരു ശാസ്ത്രലേഖനമൊന്നുമല്ലല്ലോ വ്യാഖ്യാനിച്ച്  മനസിലാക്കാൻ. ചിലപ്പോഴൊക്കെ നമുക്ക് വിവരിക്കാന്‍ കഴിയാത്ത അനുഭവങ്ങളുണ്ട് ജീവിതത്തിൽ. അവിടെ വളരെ റിയലിസ്റ്റിക്കായിട്ടും ലോജിക്കലായിട്ടുമൊക്കെ അനലൈസ് ചെയ്യാതെ ഇരിക്കുന്നതാണ് ഭേദം തോന്നുന്നു.

നിരന്തരം മദ്യപിക്കയും  ഇതുപോലെ ഏകാന്തജീവിതം നയിക്കുകയും ചെയ്യുന്ന ധാരാളം പേരുണ്ട് നമ്മുക്ക് ചുറ്റും. ജീവിതത്തിൽ ഏകാന്തതയെ നേരിടാൻ അവർ‍ക്ക് വേറെ വഴി കണ്ടെത്താൻ ആവുന്നില്ല.  അങ്ങനെ ജീവിക്കുന്നത്  ശരിയാണോ തെറ്റാണോ എന്നത് വേറെ കാര്യം. പക്ഷേ അങ്ങനെയുള്ളവരും നമ്മുക്കിടയിലുണ്ട്. അവരുടെ ജീവിതത്തിനും നിസ്സഹായതയുടെ ഒരു തലമുണ്ട്.   അവരുടെ കഥകളും പ്രസക്തമാണ് , അവരോടും നമ്മൾ അനുഭാവമുള്ളവർ ആയിരിക്കണം എന്നുള്ളതാണ്  ഈ കഥയുടെ 'സദാചാര'വശത്തെക്കുറിച്ച്  വേവലാതിപ്പെടുന്നവരോട് എനിക്ക് പറയാനുള്ളത്.  

ഐഎഫ്എഫ്കെ ബാഗിൽ നിന്ന് മദ്യം എടുക്കാനുള്ള ആശയവും തീരുമാനവും എന്തായിരുന്നു ?

ഈ ചിത്രത്തിലെ ഓരോ മുഹൂർത്തവും,  അതിന്റെ വിശദശാംശങ്ങളും എല്ലാം  സംവിധായകന്റെ തീരുമാനം ആയിരുന്നു. അതുകൊണ്ട് ആ ചോദ്യത്തിന് മറുപടി പറയേണ്ടതും അദ്ദേഹമാണ്.

ഈ കഥാപാത്രത്തിന്റെ ഏകാന്ത ജീവിതത്തെ എങ്ങനെ സ്വയം തിരിച്ചറിഞ്ഞു പകർത്താനായി ?

അടുത്ത കാലത്തായി ഏറ്റവും തീവ്രമായിട്ടുള്ള ഏകാന്തത അനുഭവിച്ചിട്ടുള്ള ആളാണ് ഞാൻ. രണ്ടുവർഷം മുൻപാണ് എന്റെ പത്നി വിട പറഞ്ഞത്.  Being alone എന്നൊരു അവസ്ഥയെ എനിക്ക് ഏറ്റവും നന്നായി മനസിലാക്കാനാകും . ആ  അനുഭവങ്ങളെക്കൂടിയാണ് ആരോയിലെ അഭിനയവേളയിൽ ഞാൻ  ഊർജ്ജമാക്കിയത്.  ഒരു പക്ഷെ അങ്ങനെ സ്വന്ത അനുഭവങ്ങളിൽ നിന്നല്ലെങ്കിൽ പോലും ഒരു കലാകാരന് പരകീയമായ അനുഭവങ്ങളെ  സഹഭാവത്തോടെ ഉൾക്കൊള്ളാൻ സാധിക്കും,  സാധിക്കണം എന്നാണ് എന്റെ വിശ്വാസം.  അതാണ് അഭിനേതാവിന്റെ കല. 

അടുത്ത പ്രൊജക്ട്?

ഫെബ്രുവരിയിൽ തുടങ്ങണം എന്നാണ് പ്ലാൻ.   പ്രീപ്രൊഡക്ഷൻ വർക്കുകൾ തുടങ്ങി കഴിഞ്ഞു.

ENGLISH SUMMARY:

Aaro short film directed by Ranjith is generating significant discussion on social media. The film explores themes of solitude and features Shyamaprasad in a prominent role, with the actor sharing insights into his experiences and the film's creation.