തമിഴ് നടന്‍ വിഷ്ണു വിശാലും മലയാളി താരം ഐശ്വര്യ ലക്ഷ്മിയും ജോഡികളായെത്തിയ ഗാട്ടാ ഗുസ്തി 2 തമിഴ്നാട്ടില്‍ മികച്ച വിജയത്തിലേക്ക്. ചിത്രം 50 കോടി ക്ലബ്ബിലേക്ക് ഇടിപിടിച്ചതായാണ് റിപ്പോര്‍ട്ട്. ജൂലൈ മൂന്നിന് തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് വലിയ പ്രശംസയാണ് പ്രേക്ഷകർ നൽകുന്നത്. സ്പോർസ് ഡ്രാമയായി ഒരുക്കിയ ചിത്രം കേരളത്തിലെ തിയേറ്ററുകളിലും നിറഞ്ഞ സദസുകളിലാണ് പ്രദർശനം തുടരുന്നത്.
ചെല്ല അയ്യാവു രചനയും സംവിധാനവും നിര്‍വ്വഹിച്ച് 2022 ല്‍ സൂപ്പര്‍ ഹിറ്റായ ഗാട്ടാ ഗുസ്തിയുടെ രണ്ടാം ഭാഗമാണ് ഇപ്പോള്‍ തിയറ്ററിലെത്തിയിരിക്കുന്നത്. ഐശ്വര്യ ലക്ഷ്മിയുടെ ആക്ഷന്‍ രംഗങ്ങള്‍ അടക്കമുള്ള തകർപ്പൻ പെർഫോമൻസ് ആയിരുന്നു ആദ്യ ഭാഗത്തിലെ ഹൈലൈറ്റ്. മലയാളി പെൺകുട്ടിയായിട്ടാണ് ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മി എത്തുന്നത്. പുതിയ ഭാഗത്തില്‍ വിഷ്ണു വിജയ് അവതരിപ്പിക്കുന്ന വീരയുടെയും ഐശ്വര്യ ലക്ഷ്മി അവതരിപ്പിച്ച കീർത്തിയുടെയും അവരുടെ മകളുടെയും ഇടയിൽ സംഭവിക്കുന്ന കാര്യങ്ങളാണ് പ്രേക്ഷകരെ രസിപ്പിക്കുന്നത്.
വേൽസ് ഫിലിം ഇന്റർനാഷണലും വിഷ്ണു വിശാല്‍ സ്റ്റുഡിയോസും ചേർന്ന് ചിത്രം നിർമിച്ച ഗാട്ടാ ഗുസ്തി രണ്ടില്‍ ഒന്നാം ഭാഗത്തിലെ താരങ്ങള്‍ക്കൊപ്പം രമ്യ കൃഷ്ണൻ, മോക്ഷ എന്നിവരും പുതിയതായി എത്തുന്നുണ്ട്. ഗുസ്തി മത്സരത്തില്‍ ഭാര്യ എങ്ങനെ വിജയിക്കുന്നുവെന്നും ഭർത്താവ് അവളുടെ കരിയറിൽ എങ്ങനെ പിന്തുണ നൽകുന്നുവെന്നുമാണ് രണ്ടാം ഭാഗം പറയുന്നത്. ഫാമിലി എന്റർടെയ്നറായി എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കുന്ന തരത്തിൽ ഗുസ്തി രംഗങ്ങളും ഫാമിലി കോമഡിയും ഇമോഷൻസും കോർത്തിണക്കിയാണ് കഥ പറയുന്നത്.
പൊന്നിയിന്‍ സെല്‍വന്‍, മാമന്‍, തഗ് ലൈഫ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഐശ്വര്യ ലക്ഷ്മി തമിഴില്‍ അഭിനയിച്ച ചിത്രമാണ് ഗാട്ടാ ഗുസ്തി 2. തുടര്‍ ഭാഗത്തിലും ഐശ്വര്യയുടെ ഗുസ്തി രംഗങ്ങളാണ് ഹൈലൈറ്റ്. രാക്ഷസനു ശേഷം വിഷ്ണു വിശാലിന്‍റെ കരിയറിലെ വലിയ ഹിറ്റ് ചിത്രമായി മാറിയിരിക്കുകയാണ് ഗാട്ടാ ഗുസ്തി 2.