കറുപ്പ് സീനാണേ..., തിയേറ്റര്‍ ഹിറ്റുകള്‍ കനിയാത്ത സൂര്യയുടെ കാലം കഴിഞ്ഞു. ഒരിടവേളയ്ക്ക് ശേഷം സൂര്യ എത്തി തിയേറ്ററുകള്‍ ഇളക്കി മറിക്കുകയാണ്. കറുപ്പ് രണ്ടാം തിങ്കളാഴ്ചയും ബോക്‌സ് ഓഫീസിൽ തിമിര്‍ത്താടുന്നു. ചിത്രം ഏകദേശം 6.75 കോടി ഗ്രോസ് കളക്ഷൻ നേടിക്കഴിഞ്ഞു. രണ്ടാം വെള്ളിയാഴ്ചയുമായി താരതമ്യം ചെയ്താല്‍ വെറും 30 ശതമാനത്തിൽ താഴെ മാത്രമേ ഇടിവുണ്ടായിട്ടുള്ളൂ.
ചിത്രത്തിന്റെ ഇന്ത്യയിലെ ആകെ കളക്ഷൻ ഇതുവരെ ഏകദേശം 178 കോടിയാണ്. രണ്ടാം വാരത്തിലെ നാല് ദിവസങ്ങളിൽ നിന്ന് മാത്രം 48 കോടിയാണ് ലഭിച്ചത്. വ്യാഴാഴ്ച അവധിയുള്ളതിനാൽ രണ്ടാം വാരത്തിന്റെ മൊത്തം കളക്ഷൻ 65 കോടിക്ക് മുകളിലെത്തുമെന്നാണ് ട്രേഡ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രം ആദ്യ ആഴ്ച നേടിയത് 130.00 കോടിയാണ്. 2ാം വെള്ളിയാഴ്ച 9.25 കോടി, 2ാം ശനിയാഴ്ച 14.75 കോടി, 2ാം ഞായറാഴ്ച 17.25 കോടി, 2ാം തിങ്കളാഴ്ച 6.75 കോടി എന്നിങ്ങനെ നീളുന്നു കണക്കുകള്‍.
തമിഴ്നാട്ടിൽ മാത്രം ചിത്രം രണ്ടാം തിങ്കളാഴ്ച ഏകദേശം 4.75 കോടി നേടി. മാത്രമല്ല, തമിഴ്നാടിന്‍റെ ചരിത്രത്തില്‍ തന്നെ ഇടം നേടിയിരിക്കുകയാണ് കറുപ്പ്. കാരണം, അവധി ദിവസങ്ങൾ ഒഴികെ നോക്കുമ്പോൾ, രണ്ടാം തിങ്കളാഴ്ചയില്‍ ഉയര്‍ന്ന കളക്ഷന്‍ ലഭിച്ചിരിക്കുന്ന രണ്ടാമത്തെ ചിത്രമായ് ഉയര്‍ന്നുകഴിഞ്ഞു ആര്‍ ജെ ബാലാജി ഒരുക്കിയിരിക്കുന്ന കറുപ്പ്. ഒന്നാം സ്ഥാനം ഇപ്പോഴും പൊന്നിയിന്‍ സെല്‍വന്‍ 1ന് ആണ്. സംസ്ഥാനത്ത് രണ്ടാം വാര കളക്ഷൻ 50 കോടിയിലേയ്ക്ക് എത്താനിടയുണ്ടെന്നാണ് ഇപ്പോഴുള്ള വിലയിരുത്തൽ.
നിലവിലെ പ്രകടനം കണക്കിലെടുത്താൽ ചിത്രം തമിഴ്നാട്ടിൽ മാത്രം ഫുൾ റണ്ണിൽ 150 കോടി പിന്നിടുമെന്നത് ഉറപ്പായി. ഈ മുന്നേറ്റം തുടരുകയാണെങ്കില്‍ 175 കോടിയിലേയ്ക്ക് പോലും എത്താൻ സാധ്യതയുണ്ടെന്നാണ് ട്രേഡ് അനലിസ്റ്റുകൾ വ്യക്തമാക്കുന്നത്. കര്‍ണാടകയില്‍ ചിത്രം നേടിയത് 18.75 കോടിയാണ്. കേരളത്തില്‍ നിന്ന് 12.50 കോടി, ഇന്ത്യയിലെ മറ്റ് ഭാഗങ്ങളില്‍ നിന്ന് 2.50 കോടി എന്നിങ്ങനെ വാരികൂട്ടിയാണ് കറുപ്പ് മുന്നേറുന്നത്.