നെഗറ്റീവ് റിവ്യൂവും  നിർമാണത്തിലെ പ്രതിസന്ധികളും മറികടന്ന് ബോക്സ് ഓഫിസിൽ ചരിത്രനേട്ടം കുറിച്ച് മൈക്കിൾ ജാക്സൻ ബയോപിക് 'മൈക്കിൾ’.  വടക്കേ അമേരിക്കയിൽനിന്ന് ആദ്യ വാരത്തിൽ 9.7 കോടി ഡോളർ നേടിയ ചിത്രം, ലോകമെമ്പാടുമായി 1812 കോടി രൂപയാണ് വാരിക്കൂട്ടിയത്. ഇതോടെ, ഒരു ബയോപിക്കിന് ലഭിക്കുന്ന എക്കാലത്തെയും വലിയ ഓപ്പണിങ് എന്ന റെക്കോർഡും 'മൈക്കിൾ' പേരിലാക്കി. ചിത്രത്തിൽ മൈക്കിള്‍ ജാക്സന്റെ സഹോദരപുത്രൻ ജാഫർ ജാക്സനാണ് നായകൻ. 

ജാക്സൻ എസ്റ്റേറ്റ് സഹനിർമാതാക്കളായ ചിത്രം 2023ൽ പുറത്തിറങ്ങിയ ഓപ്പൻഹൈമറിന്റെയും 2018ലെ ബൊഹീമിയൻ റാപ്സഡിയുടെയും ആദ്യ വാരാന്ത്യ കളക്‌ഷനുകളെ 'പിന്നിലാക്കി. സഹോദരങ്ങൾക്കൊപ്പം 'ജാക്സൺ 5' എന്ന സംഗീതഗ്രൂപ്പിൽ പ്രവർത്തിച്ച കാലം, അച്ഛനിൽനിന്നു നേരിടേണ്ടി വന്ന പീഡനങ്ങൾ, പിന്നീട് പോപ്പ് രാജാവായി വളർന്നത് വരെയുള്ള ജാക്സന്റെ ജീവിതത്തിലെ നിർണായക കാലഘട്ടമാണ് ആരാധകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്. 

ജാക്സന്റെ ജീവിതത്തിലെ വിവാദങ്ങളെ സിനിമ ലഘൂകരിക്കുന്നുവെന്നാണ് വിമര്‍ശകരുടെ ആരോപണം. 2009-ൽ 50-ാം വയസില്‍ അന്തരിച്ച ജാക്സന്റെ പ്രശസ്തിക്ക്, കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ ആരോപണങ്ങൾ പലതവണ കളങ്കമേൽപ്പിച്ചിട്ടുണ്ട്. ജാക്സണും അദ്ദേഹത്തിന്റെ എസ്റ്റേറ്റും ഈ ആരോപണങ്ങൾ നിഷേധിച്ചിരുന്നു. 2005-ൽ നടന്ന ഏക ക്രിമിനൽ വിചാരണയിൽ ജാക്സൻ കുറ്റവിമുക്തനാക്കപ്പെടുകയും ചെയ്തു. ജാക്സന്റെ കുടുംബത്തിലെ ചില അംഗങ്ങളും ചിത്രത്തിനെതിരെ രംഗത്തെത്തിയിരുന്നു.

സഹോദരി ജാനറ്റ് ജാക്സൺ ചിത്രവുമായി സഹകരിച്ചില്ല. സിനിമയിൽ അവരെക്കുറിച്ച് പരാമർശവുമില്ല. അതേസമയം, മകൾ പാരീസ് ജാക്സൺ സിനിമയെ 'സങ്കൽപലോകം' എന്നാണ് വിശേഷിപ്പിച്ചത്.  ക്രിട്ടിക്കുകളുെട വാക്കുകള്‍ക്കും വിവാദങ്ങള്‍ക്കും പുല്ലുവില കൊടുത്ത  പ്രേക്ഷകർ ചിത്രത്തിന് വൻ വരവേൽപാണ് നൽകുന്നത്. 'റോട്ടൻ ടൊമാറ്റോസി'ൽ നിരൂപകരുടെ സ്കോർ 38 ശതമാനമായിരിക്കെ പ്രേക്ഷകരുടെ പിന്തുണ 97 ശതമാനമാണ്. 

ഷൂട്ടിങ്ങിന് ശേഷം മാറ്റിയെഴുതിയ തിരക്കഥ 

ചിത്രത്തിന്റെ നിർമാണം അസാധാരണമായ പ്രതിസന്ധികളാണ് നേരിട്ടത്.  സിനിമയുടെ അവസാന ഭാഗം കേന്ദ്രീകരിച്ചിരുന്നത് ജോർദാൻ ചാൻഡ്‌ലറുടെ ആരോപണങ്ങളെക്കുറിച്ചായിരുന്നു. 1994-ൽ 23 ദശലക്ഷം ഡോളർ നൽകി ജാക്സൻ ഒത്തുതീർപ്പാക്കിയ കേസിൽ ഉൾപ്പെട്ട, അന്നത്തെ  13 വയസുകാരനാണ് ചാൻഡ്‌ലർ. കേസിലെ ഒത്തുതീർപ്പ് വ്യവസ്ഥ  പ്രകാരം, ചാൻഡ്‌ലറെക്കുറിച്ച് പരാമർശിക്കാൻ ജാക്സന്റെ കുടുംബത്തിന് അനുവാദമില്ലായിരുന്നു.

ഇതോടെ ചിത്രത്തിന്റെ വലിയൊരു ഭാഗം ഒഴിവാക്കുകയും  50 ദശലക്ഷം ഡോളറോളം മുടക്കി റീഷൂട്ട് ചെയ്യുകയും ചെയ്തു. സംവിധായകൻ അന്റോയിന്‍  ഫുക്വയും തിരക്കഥാകൃത്ത് ജോൺ ലോഗനും ചേർന്ന്, ആരോപണങ്ങൾ ഉയരുന്നതിന് മുൻപുള്ള 1988-ൽ സിനിമ അവസാനിക്കുന്ന തരത്തിൽ തിരക്കഥ മാറ്റിയെഴുതി.

കഥ തുടരും... 'മൈക്കിളി'ന് രണ്ടാം ഭാഗം

ഏകദേശം 200 ദശലക്ഷം ഡോളറാണ് സിനിമയുടെ നിർമാണച്ചെലവ്. ചെലവ് കുറയ്ക്കുന്നതിനായി നിർമാതാക്കളായ ലയൺസ്ഗേറ്റ് മോഷൻ പിക്ചർ, രാജ്യാന്തര വിതരണാവകാശം യൂണിവേഴ്സലിന് വിറ്റു. ആദ്യഭാഗം ഹിറ്റായതോടെ  രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുന്നുണ്ട്. അതിനുശേഷം മൂന്നാം ഭാഗത്തിനും സാധ്യതയുണ്ടെന്ന് നിര്‍മാതാക്കള്‍ നല്‍കുന്ന സൂചന. രണ്ടാം ഭാഗം സംവിധാനം ചെയ്യാൻ താൽപര്യമുണ്ടെന്ന് അന്റോയിന്‍  ഫുക്വയും വ്യക്തമാക്കി. 

ENGLISH SUMMARY:

Michael Jackson biopic 'Michael' has achieved a historic box office success, overcoming negative reviews and production challenges. The film, starring Jaafar Jackson as the iconic pop star, has garnered significant global earnings and set records for a biopic's opening weekend.