ബോക്സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞ് വിവേക് അഗ്നിഹോത്രി ചിത്രം ദി ബംഗാള്‍ ഫയല്‍സ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം 50 കോടി ബജറ്റില്‍ എടുത്ത ചിത്രത്തിന് ഇതുവരെ 10 കോടി പോലും നേടാനായില്ല. സെപ്റ്റംബര്‍ അഞ്ചിന് റിലീസ് ചെയ്ത ചിത്രത്തിന് ബെഗാളില്‍ പ്രദര്‍ശനാനുമതി ലഭിച്ചിരുന്നില്ല. റിലീസ് ദിനത്തില്‍ 1.75 കോടി കളക്ട് ചെയ്ത ചിത്രം വാരാന്ത്യത്തിൽ 6.75 കോടിയാണ് നേടിയത്. തിങ്കളാഴ്ച 1.15 കോടിയും ചൊവ്വാഴ്ച 1.29 കോടിയും നേടിയതായി സാക്നിൽക് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയില്‍ നിന്നും ലഭിച്ച മൊത്തം കളക്ഷൻ 9.19 കോടി രൂപയാണ്.
കശ്മീര്‍ ഫയല്‍സിന്‍റെ വന്‍വിജയത്തിന് ശേഷം ഏറെ പ്രതീക്ഷകളോടെ എത്തിയ ചിത്രമാണ് തകര്‍ന്നടിയുന്നത്. ഷോകളും പലയിടത്തും വെട്ടികുറക്കുന്നുണ്ട്. റിലീസ് സമയത്ത് 1102 സ്ക്രീനുകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രം ഇപ്പോള്‍ 863 സ്ക്രീനുകളിലാണ് പ്രദര്‍ശിപ്പിക്കുന്നത്. പ്രൊപ്പഗണ്ട സിനിമകള്‍ എല്ലായ്പ്പോഴും വിജയിക്കില്ലെന്നാണ് ചിത്രത്തിന്‍റെ പ്രകടനത്തില്‍ ചില സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍.
1946ലെ കൊൽക്കത്ത കലാപത്തെ ആസ്പദമാക്കി നിർമിച്ച ചിത്രത്തില്‍ പല്ലവി ജോഷി, പലോമി ഘോഷ്, മിഥുന്‍ ചക്രവര്‍ത്തി, സിമ്രത് കൗര്‍, അനുപം ഖേര്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.