കാല്‍ നൂറ്റാണ്ടിന് ശേഷം തീയറ്ററുകളില്‍ തീപടര്‍ത്തി വിജയിച്ചിരിക്കുകയാണ് വീണ്ടുമൊരു നരസിംഹം. മോഹന്‍ലാലിന്‍റെ 2000ത്തിലെ സിനിമയെക്കുറിച്ചല്ല പറയുന്നത്, പുതിയ അനിമേഷന്‍ സിനിമയെക്കുറിച്ചാണ്. ഇന്ത്യന്‍ അനിമേഷന്‍ സിനിമകള്‍ക്ക് പുതിയ വാതിലുകള്‍ തുറന്ന് മഹാവതാര്‍ നരസിംഹയുടെ വിജയം. 11 ദിവസത്തിനുള്ളില്‍ സിനിമ നൂറ് കോടി ക്ലബില്‍ കയറി. ഇതോടെ ഇന്ത്യയില്‍ ഏറ്റവുമധികം പണം വാരിയ അനിമേഷന്‍ സിനിമയായി മാറിയിരിക്കുകയാണ് മഹാവതാര്‍ നരസിംഹ. അശ്വിന്‍ കുമാര്‍ സംവിധാനം ചെയ്ത ഹിന്ദു ഇതിഹാസ കഥയ്ക്ക് വന്‍ സ്വീകര്യതയാണ് ലഭിച്ചിരിക്കുന്നത്.
ഇന്ത്യന്‍ ആരാധകരെ സിനിമയിലേക്ക് ആകര്‍ഷിച്ചത് പൗരാണിക കഥയുടെ ഗംഭീരമായ ചിത്രാവിഷ്ക്കാരവും കഥയുടെ രീതിയുമാണ്. പ്രേക്ഷകര്‍ കേട്ടുമറന്ന നരസിംഹത്തിന്‍റെയും ഹിരണ്യകശിപുവിന്‍റെയും കഥ തികച്ചും പുതുമയോടെ അവതരിപ്പിക്കുന്നതില്‍ സംവിധായകന്‍ വിജയിച്ചെന്നാണ് നിരൂപകര്‍ സിനിമയുടെ വിജയത്തെ വിലയിരുത്തുന്നത്. ആദ്യമായി ഇന്ത്യയില്‍ നൂറ് കോടി നേടുന്ന ഇന്ത്യന്‍ അനിമേഷന്‍ സിനിമ മാത്രമല്ല മഹാവതാര്‍ നരസിംഹ, സ്പൈഡര്‍മാന്‍ ഇന്‍ടു ദി സ്പൈഡര്‍വേഴ്സ്, കുങ് ഫു പാണ്ട പോലെ ഇന്ത്യയില്‍ വിജയിച്ച അനിമേഷന്‍ സിനിമകളെ ഏറെ പിന്നിലാക്കിയാണ് നരസിംഹ ജൈത്രയാത്ര തുടരുന്നത്.
2Dയിലും 3Dയിലുമായി മലയാളം, കന്നഡ, തമിഴ്, തെലുങ്കു, ഹിന്ദി ഭാഷകളിലാണ് സിനിമ റിലീസ് ചെയ്തിരിക്കുന്നത്. തെലുങ്ക് 3D പതിപ്പാണ് ഏറ്റവുമധികം ആളുകള്‍ കണ്ടത്. എല്ലാ ഷോയ്ക്കും ശരാശരി 88.94 ശതമാനം ആളുകളുണ്ടായിരുന്നു. ഹിന്ദി റിലീസിന് 70 ശതമാനം സീറ്റുകളും ഫുള്ളായായിരുന്നു എല്ലാ ഷോകളും.
മഹാവിഷ്ണുവിന്‍റെ അവതാരങ്ങളെ ചിത്രീകരിക്കുന്ന പത്ത് സിനിമകളില്‍ ആദ്യ ഭാഗമായാണ് മഹാവതാര്‍ നരസിംഹ റിലീസ് ചെയ്തിരിക്കുന്നത്. ഹൊംബാളെ ഫിലിംസും ക്ലീം പ്രൊഡക്ഷന്‍സുമാണ് സിനിമയുടെ നിര്‍മാതാക്കള്‍. മഹാവതാര്‍ പരശുറാം, മഹാവതാര്‍ കല്‍ക്കി എന്നീ അനിമേഷന്‍ സിനിമകള്‍ നിലവില്‍ അണിയറയിലാണ്. ഇന്ത്യന്‍ അനിമേഷന്‍ സിനിമകളെ വളര്‍ത്തുന്നതില്‍ മഹാവതാര്‍ നരസിംഹ മികച്ച പങ്കുവഹിക്കുമെന്നത് തീര്‍ച്ച.