ഹൃതിക് റോഷൻ–ജൂനിയർ എൻടിആർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി യാഷ് രാജ് ഒരുക്കുന്ന സ്പൈ ത്രില്ലർ വാർ 2 ട്രെയിലർ പുറത്തിറങ്ങി. ഹിന്ദി , തമിഴ് , തെലുങ്ക് ഭാഷകളില്‍ പുറത്തിറങ്ങിയ ട്രെയ്‌ലര്‍ ഒരു മണിക്കൂര്‍ പിന്നിട്ടപ്പോഴേക്കും കാഴ്ചക്കാരുടെ എണ്ണം ഒരു മില്യണ്‍ കടന്നു.
'വാർ', 2019ലെ ഏറ്റവും വലിയ കലക്‌ഷൻ നേടിയ ചിത്രം കൂടിയായിരുന്നു. മേജർ കബീർ എന്ന 'റോ ഏജന്റ്' ആയിരുന്നു ചിത്രത്തിൽ ഹൃത്വിക്. എന്നാൽ സീക്വൽ സംവിധാനം ചെയ്യുക അയൻ മുഖർജി ആണ്.കിയാര അഡ്വാനിയാണ് നായിക. തിരക്കഥ ശ്രീധർ രാഘവൻ. ഛായാഗ്രഹണം ബെഞ്ചമിൻ ജാസ്പെർ എസിഎസ്. സംഗീതം പ്രീതം. ചിത്രം ഓഗസ്റ്റ് 14ന് തിയറ്ററുകളിലെത്തും.
യാഷ് രാജ് സ്പൈ യൂണിവേഴ്സിലെ ആറാമത്തെ ചിത്രമാണ് വാർ 2. കത്രീന കൈഫ് - സൽമാൻ ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ 'ടൈഗർ' സീരീസ്, ഹൃത്വിക് റോഷൻ-ടൈഗർ ഷ്രോഫ് എന്നിവർ ഒന്നിച്ച 'വാർ', ഷാറുഖിന്റെ പഠാൻ എന്നിവ യാഷ് രാജ് സ്പൈ യൂണിവേഴ്സിന്റെ ഭാഗമാണ്.