എമ്പുരാന് പിന്നാലെ നൂറു കോടി ക്ലബ്ബില്‍ ഇടം പിടിച്ച് മോഹന്‍ലാല്‍ ചിത്രം തുടരും. പുലിമുരുകൻ, ലൂസിഫർ, എമ്പുരാൻ എന്നീ സിനിമകൾക്കുശേഷം നൂറു കോടി ക്ലബ്ബിലെത്തുന്ന നാലാമത്തെ മോഹൻലാൽ ചിത്രമാണ് ‘തുടരും’. മലയാളത്തിലെ എക്കാലത്തെയും മികച്ച ബോക്സ്ഓഫിസ് കലക്‌ഷനിലേക്കു കുതിക്കുകയാണ് ചിത്രം. കേരളത്തിൽ നിന്നു മാത്രം മൂന്ന് ദിവസം കൊണ്ട് ലഭിച്ച കലക്‌ഷൻ 20 കോടിയാണ്. ഞായറാഴ്ച എട്ട് കോടിയായിരുന്നു കേരളത്തിലെ തിയറ്ററുകളിൽ നിന്നും നേടിയത്.
കൊമ്പൻ നടക്കുമ്പോൾ കാടും അവനൊപ്പം നടക്കും എന്നാണ് ആശിർവാദ് സിനിമാസ് തുടരും-ന്റെ 100 കോടി കളക്ഷൻ പ്രഖ്യാപന പോസ്റ്റർ പങ്കുവെച്ചുകൊണ്ട് കുറിച്ചത്. മലയാളസിനിമയിൽ ഇതാദ്യമായാണ് ഒരു താരത്തിന്റെ ഒരു വർഷമിറങ്ങിയ രണ്ട് ചിത്രങ്ങൾ 100 കോടി ആഗോള കളക്ഷൻ നേടുന്നത്.
മോഹന്‍ലാലിന്‍റെ കരിയറിലെ 360-ാം ചിത്രമാണിത്. ശോഭനയാണ് ചിത്രത്തിലെ നായിക. 15 വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലും ശോഭനയും ഒരുമിച്ചെത്തുന്നത്. രജപുത്രയുടെ ബാനറിൽ എം. രഞ്ജിത്ത് ആണ് നിർമാണം.ഷണ്‍മുഖം എന്ന സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു.