തിയറ്ററുകളില്‍ ആരവം തീര്‍ത്ത് മോഹൻലാൽ–തരുൺ മൂർത്തി ചിത്രം ‘തുടരും. രണ്ടാം ദിനം 24 കോടി രൂപയാണ് ചിത്രം കലക്ട് ചെയ്തത്. ഇതോടെ ചിത്രം ഇതുവരെ നേടിയ കലക്ഷൻ 40 കോടിയായി. ആദ്യദിവസം മികച്ച ഓപ്പണിങ് കലക്‌ഷൻ ലഭിക്കുന്ന ഏഴാമത്തെ മലയാള ചിത്രമായി ‘തുടരും’ മാറി. ബുക്ക്മൈഷോയിലൂടെ മാത്രം നാല് ലക്ഷത്തിനു മുകളിൽ ടിക്കറ്റുകളാണ് റിലീസ് ദിവസം തന്നെ വിറ്റുപോയത്. മോഹൻലാൽ എന്ന പെർഫോമറെ ഒരുപാട് നാളുകൾക്കുശേഷം കാണാനായി എന്നാണ് പ്രേക്ഷക അഭിപ്രായം.
ഷണ്മുഖം എന്ന ടാക്സി ഡ്രൈവറായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. ശോഭനയാണ് ചിത്രത്തിലെ നായിക. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. ഷാജി കുമാര്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സംഗീതം ജേക്സ് ബിജോയ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ഗോവിന്ദ്, കലാസംവിധാനം ഗോകുല്‍ ദാസ്. കെ ആര്‍ സുനിലിന്‍റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും കെ ആര്‍ സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.