ജനുവരി മാസം റിലീസ് ചെയ്ത സിനിമകളില്‍ എട്ടുനിലയില്‍ പൊട്ടിയ ചിത്രമായി 4 സീസൺസ്. രണ്ടര കോടി ബജറ്റിൽ നിർമിച്ച ചിത്രത്തിന് കേരളത്തിലെ തിയറ്ററുകളിൽ നിന്നും ആകെ ലഭിച്ച ഷെയർ വെറും പതിനായിരം രൂപയാണ്. നിർമാതാക്കളുടെ സംഘടനയാണ് ഈ വിവരം പുറത്തുവിട്ടത്. ജനുവരിയിൽ റിലീസ് ചെയ്ത 28 സിനിമകളുടെ ബജറ്റും ഇവ കേരളത്തിലെ തിയറ്ററുകളിൽ നിന്നും നേടിയ ഷെയറുമാണ് സംഘടന പുറത്തുവിട്ടിരിക്കുന്നത്.
ട്രാൻസ്ഇമേജ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ക്രിസ് എ. ചന്ദർ നിർമിച്ച ചിത്രം ജനുവരി അവസാന വാരമാണ് റിലീസിനെത്തിയത്. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം നിർവഹിച്ചത് വിനോദ് പരമേശ്വരൻ ആയിരുന്നു. മോഡൽ രംഗത്തു നിന്നെത്തിയ അമീൻ റഷീദാണ് നായക കഥാപാത്രമായ സംഗീതജ്ഞനെ അവതരിപ്പിക്കുന്നത്. നായികയാകുന്നത് ഡാൻസറായ റിയാ പ്രഭുവാണ്. ബിജു സോപാനം, റിയാസ് നർമ്മകല, ബിന്ദു തോമസ്, പ്രകാശ് , ബ്ലെസ്സി സുനിൽ, ലക്ഷ്മി സേതു, രാജ് മോഹൻ, പ്രദീപ് നളന്ദ, മഹേഷ് കൃഷ്ണ, ക്രിസ്റ്റിന എന്നിവർക്കൊപ്പം ദയാ മറിയം, വൈദേഗി, സീതൾ, ഗോഡ്‌വിൻ, അഫ്രിദി താഹിർ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
അതേ സമയം നിർമാതാക്കളെ അവഗണിച്ചു സിനിമ നിർമിക്കുന്ന താരങ്ങളുടെ സിനിമ തിയറ്ററിൽ പ്രദർശിപ്പിക്കില്ലെന്നു സിനിമ സംഘടനാ പ്രതിനിധികൾ വ്യക്തമാക്കി. ഭീമമായ പ്രതിഫലമാണു താരങ്ങളും ചില സാങ്കേതിക പ്രവർത്തകരും കൈപ്പറ്റുന്നത്. മലയാള സിനിമാ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ടു ജൂൺ ഒന്നു മുതൽ സിനിമാ സമരം. ഷൂട്ടിങ്ങും സിനിമാ പ്രദർശനവും ഉൾപ്പെടെ സിനിമയുടെ എല്ലാ മേഖലകളും നിർത്തിവയ്ക്കാൻ സിനിമാ സംഘടനകളുടെ സംയുക്ത യോഗം തീരുമാനിച്ചു. ജിഎസ്ടിക്ക് ഒപ്പമുള്ള വിനോദ നികുതി സംസ്ഥാന സർക്കാർ പിൻവലിക്കുക, താരങ്ങളുടെ വൻ പ്രതിഫലം കുറയ്ക്കുക തുടങ്ങിയവയാണു പ്രധാന ആവശ്യങ്ങൾ.