ജൂണ്‍ ഒന്ന് മുതല്‍ കേരളത്തില്‍ സിനിമ സമരം പ്രഖ്യാപിച്ചിരിക്കുകയാണ് സിനിമ സംഘടനകളുടെ സംയുക്ത യോഗം. ജി.എസ്.ടിക്ക് ഒപ്പമുള്ള വിനോദ നികുതി പിന്‍വലിക്കുക, താരങ്ങളുടെ വലിയ പ്രതിഫലം വെട്ടിക്കുറയ്ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ഇതിനിടെ ജനുവരിയിൽ മലയാള സിനിമയുടെ തിയറ്റർ നഷ്ടം 101കോടിയെന്ന് നിർമാതാക്കൾ പറഞ്ഞു. തിയറ്ററിൽ റിലീസായ 28ചിത്രങ്ങളിൽ നേട്ടമുണ്ടാക്കിയത് ആസിഫ് അലിയുടെ രേഖാ ചിത്രം മാത്രമാണ്. കണക്കുകൾ പുറത്തുവിട്ടാണ് നിർമ്മാതാക്കളുടെ വിശദീകരണം. ടൊവിനോ ചിത്രം ഐഡിറ്റിന്‍റി, ബേസില്‍ ചിത്രം പ്രാവിന്‍ കൂട് ഷാപ്പ്, അര്‍ജുന്‍ അശോകന്‍ ചിത്രം അൻപോട് കണ്മണി, തുടങ്ങിയ ചിത്രങ്ങള്‍ ജനുവരിയിലെ വലിയ പരാജയങ്ങളായി.
താരങ്ങൾ നിർമ്മിക്കുന്ന സിനിമകൾ പ്രദർശിപ്പിക്കില്ല. 50 ദിവസംകൊണ്ട് തീർക്കേണ്ട സിനിമകൾ 150 ദിവസംവരെ പോകുന്നു. താരങ്ങൾ വാങ്ങുന്ന പ്രതിഫലത്തിന്റെ പത്ത് ശതമാനം പോലും തിയേറ്ററിൽ സിനിമകൾ നേടുന്നില്ല. നിർമാതാവിന് 100 കോടി കിട്ടിയ ഒരു സിനിമ പോലും മലയാളത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല. സിനിമാസമരം നടത്താനുള്ള തീരുമാനത്തെക്കുറിച്ച് മാധ്യമപ്രവർത്തകരോട് സംസാരിച്ച് ജി സുരേഷ് കുമാർ പറഞ്ഞു.
‘സിനിമാനിർമാണ ചെലവിന്റെ 60ശതമാനവും താരങ്ങൾക്കുൾപ്പെടെ പ്രതിഫലം നൽകാനാണ് ചെലവിടുന്നത്. ഒരു രീതിയിലും ഒരു നിർമാതാവിന് സിനിമ എടുക്കാൻ സാധിക്കുന്നില്ല. താരങ്ങളുടെ പ്രതിഫലം മലയാള സിനിമക്ക് താങ്ങവുന്നതിലും അപ്പുറമാണ്. അവർക്കൊന്നും ഒരു ആത്മാർത്ഥതയും ഇല്ല ’ ജി സുരേഷ് കുമാര്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ നിര്‍മാതാക്കള്‍ പറഞ്ഞത്
‘സാങ്കേതിക പ്രവർത്തകരിൽ 60 ശതമാനവും പട്ടിണിയിലാണ്. സർക്കാർ ഒരു സഹായവും ചെയ്യുന്നില്ല. ഒടിടി കച്ചവടം നടക്കുന്നില്ല. ഒടിടി ആർക്കും വേണ്ട. സിനിമ നന്നായാൽ ഒടിടി ഒരു തുക പറയും. അതിൽ സിനിമ എടുക്കും. 6 മാസം കൊണ്ടും 10 മാസം കൊണ്ടുമാണ് അത് കിട്ടുന്നത്. ജൂൺ ഒന്ന് മുതൽ പൂർണമായും സിനിമ നിർത്തുമെന്നുള്ളത് സംയുക്തമായ തീരുമാനമാണ്. നിർമാണവും ഇല്ല പ്രദർശനവും ഇല്ല. പുതിയതാരങ്ങളും സംവിധായകരും കോടികളാണ് ചോദിക്കുന്നത്. 30 ശതമാനം നികുതി അടച്ച് ഏതെങ്കിലും വ്യവസായം മുന്നോട്ട് പോകാൻ സാധിക്കുമോ?
ജൂണ്‍ ഒന്നുമുതല്‍ സംസ്ഥാനത്തെ എല്ലാ സിനിമ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കുന്ന രീതിയിലാണ് സമരം. സിനിമയിലെ എല്ലാ മേഖലയിലും പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനമെടുത്തത്. അഭിനേതാക്കള്‍ പ്രതിഫലം കുറച്ചില്ലെങ്കില്‍ സിനിമ നിര്‍മാണം നിര്‍ത്തിവെക്കേണ്ട സാഹചര്യമുണ്ടാവുമെന്ന് ഫിലിം പ്രൊഡൂസേഴ്‌സ് അസോസിയേഷന്‍ നേരത്തെ തന്നെ സിനിമ താരങ്ങളുടെ സംഘടനയായ അമ്മയെ അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ പിന്നീട് ചര്‍ച്ചകളൊന്നും നടന്നിരുന്നില്ല. കോവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധികളില്‍ നിന്നെല്ലാം മലയാള സിനിമ കരകയറി വരുമ്പോഴാണ് സംസ്ഥാനത്ത് വീണ്ടും സിനിമ സമരം പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്.
സിനിമകളുടെ പേരും, ബജറ്റും, കേരളത്തിലെ തിയറ്ററുകളില്‍ നിന്നും ഇവ നേടിയ ഷെയർ വിവരങ്ങളും താഴെ കൊടുക്കുന്നു
1. കമ്യുണിസ്റ്റ് പച്ച, ബജറ്റ്: 2 കോടി, ഷെയർ: 1,25,000
2.ഐഡി ദ് ഫേക്ക്, ബജറ്റ്: 2 കോടി 47 ലക്ഷം, ഷെയർ: 1,50,000
3. ഐഡന്റിറ്റി, ബജറ്റ്: 30 കോടി, ഷെയർ: മൂന്നര കോടി
4. ദ് മലബാർ ടെയ്ൽസ്, ബജറ്റ്: 50 ലക്ഷം, ഷെയർ: രണ്ടര ലക്ഷം
5. ഒരുമ്പെട്ടവൻ, ബജറ്റ്: 2.5 കോടി, ഷെയർ: മൂന്ന് ലക്ഷം
6. രേഖാചിത്രം, ബജറ്റ്: 8.56 കോടി, ഷെയർ: 12.5 കോടി
7. എന്ന് സ്വന്തം പുണ്യാളൻ, ബജറ്റ്: 8.7 കോടി, ഷെയർ: 1 കോടി 20 ലക്ഷം
8. പ്രാവിൻകൂട് ഷാപ്പ്, ബജറ്റ്: 18 കോടി, ഷെയർ: 4കോടി
9.ആദച്ചായി, ബജറ്റ്: 50 ലക്ഷം, ഷെയർ: ലഭ്യമല്ല
10. ഓഫ് റോഡ്. ബജറ്റ്: 1 കോടി, ഷെയർ: 63,000
11. 1098, ബജറ്റ്:40 ലക്ഷം, ഷെയർ: ലഭ്യമല്ല
12. ഡൊമിനിക് ആൻഡ് ദ് ലേഡീസ് പഴ്സ്, ബജറ്റ്: 19 കോടി, ഷെയർ: 4.25 കോടി
13. അം അഃ, ബജറ്റ്: 3 കോടി 50 ലക്ഷം, ഷെയർ: 30 ലക്ഷം
14. അൻപോട് കൺമണി, ബജറ്റ്: 3 കോടി, ഷെയർ: 25 ലക്ഷം
15. അവിരാച്ചന്റെ സ്വന്തം ഇണങ്ങത്തി, ബജറ്റ്:45 ലക്ഷം, ഷെയർ: ഒന്നര ലക്ഷം
16. ബെസ്റ്റി, ബജറ്റ്: 4.81 കോടി, ഷെയർ: 20 ലക്ഷം
17.പൊൻമാൻ, ബജറ്റ്: 8.9 കോടി, ഷെയർ: രണ്ടര കോടി
18.ഒരു ജാതി ജാതകം, ബജറ്റ്: 5കോടി, ഷെയർ: ഒന്നര കോടി
19. എന്റെ പ്രിയതമന്, ബജറ്റ്: 2.5 കോടി, ഷെയർ: ലഭ്യമല്ല
20. സീക്രട്ട് ഓഫ് വുമൻ, ബജറ്റ്: 60 ലക്ഷം, ഷെയർ: രണ്ട് ലക്ഷം
21.4 സീസൺസ്, ബജറ്റ്: രണ്ടര കോടി, ഷെയർ: പതിനായിരം രൂപ
22.ഒരു കഥ ഒരു നല്ല കഥ, ബജറ്റ്: ഒരു കോടി, ഷെയർ: ഒരു ലക്ഷം
23. പറന്നു പറന്നു പറന്നു ചെല്ലാൻ, ബജറ്റ്: മൂന്ന് കോടി, ഷെയർ: മൂന്നര ലക്ഷം