ഭാരതരത്ന ജേതാവും ഇതിഹാസ കർണാടക സംഗീതജ്ഞയുമായ എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ വെള്ളിത്തിരയിലേക്കെത്തുന്നു. ‘MS - എ ലെഗസി ഓൺ സ്‌ക്രീൻ’ എന്ന് പേരിട്ട ചിത്രത്തില്‍ രശ്മിക മന്ദാനയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ പ്രഖ്യാപനത്തെത്തുടര്‍ന്ന് സിനിമയുടെ അണിയറപ്രവർത്തകരും രശ്മികയും സുബ്ബലക്ഷ്മിയുടെ കുടുംബാംഗങ്ങളെ സന്ദർശിക്കുകയും ഇതിന്റെ വിഡിയോ എക്‌സിൽ പങ്കുവെക്കുകയും ചെയ്തു. സാരിയും ആഭരണങ്ങളും ധരിച്ചെത്തിയ രശ്മിക കുടുംബാംഗങ്ങളെ അഭിവാദ്യം ചെയ്യുന്നത് വിഡിയോയിൽ കാണാം. ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വൈറലായി.
‘‘MS - എ ലെഗസി ഓൺ സ്‌ക്രീൻ എന്ന സിനിമയുടെ തുടക്കത്തിന് മുന്നോടിയായുള്ള മനോഹരമായ ഒരു നിമിഷം’’ എന്നാണ് ചിത്രത്തിന്‍റെ നിർമാതാക്കളിലൊരാളായ ഗീതാ ആർട്സ് വിഡിയോ പങ്കുവെച്ചുകൊണ്ട് കുറിച്ചത്. ‘‘ചിത്രത്തിന്‍റെ ടീം എം.എസ്. സുബ്ബലക്ഷ്മി അമ്മയുടെ കുടുംബത്തെ സ്നേഹത്തോടും ആദരവോടും നന്ദിയോടും കൂടെ സന്ദർശിക്കുന്നു. അവരുടെ പൂർണ്ണ പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നു." എന്നും ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു.
ഗൗതം തിന്നനൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിന് അനിരുദ്ധ് രവിചന്ദറാണ് സംഗീതം പകരുന്നത്. ഗീതാ ആർട്സ്, റോക്ക്‌ലൈൻ എന്റർടൈൻമെന്റ്, ബണ്ണി വാസ് വർക്‌സ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സായ് പല്ലവി, രുക്മിണി വസന്ത് എന്നിവരുൾപ്പെടെയുള്ള നടിമാരെ ഈ കഥാപാത്രത്തിനായി മുൻപ് പരിഗണിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. 1916 സെപ്റ്റംബർ 16-ന് മധുരയിലാണ് എം.എസ്. സുബ്ബലക്ഷ്മി ജനിച്ചത്. പരമ്പരാഗത കലാകുടുംബത്തിൽ നിന്ന് വന്ന അവർ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തയായ കർണാടക സംഗീതജ്ഞരിൽ ഒരാളായി മാറി. 1998-ൽ ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്നം ലഭിക്കുന്ന ആദ്യ സംഗീതജ്ഞയാണ് സുബ്ബലക്ഷ്മി.