Image Credit :Facebook
മലയാള സിനിമാ ചരിത്രത്തില്‍ എക്കാലത്തെയും മികച്ച ചിത്രങ്ങളുടെ പട്ടികയില്‍ മുന്‍നിരയിലാണ് ആകാശദൂതും മണിച്ചിത്രത്താഴും. 1993ല്‍ പുറത്തിറങ്ങിയ ഈ രണ്ടുചിത്രങ്ങളുമാണ് ആ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്രപുരസ്കാരത്തിനായി മല്‍സരിച്ചത്. ഒടുവില്‍ മണിച്ചിത്രത്താഴില്‍ നാഗവല്ലിയും ഗംഗയായും പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ നടി ശോഭന മികച്ച നടിക്കുളള സംസ്ഥാന ചലച്ചിത്രപുരസ്കാരവും ദേശീയ പുരസ്കാരം സ്വന്തമാക്കി. അതേ വര്‍ഷം മികച്ച രണ്ടാമത്തെ നടിക്കുളള പുരസ്കാരം ലഭിച്ചത് നടി മാധവിക്കായിരുന്നു. ആകാശദൂത് എന്ന ചിത്രത്തിലെ അതിഗംഭീര അഭിനയത്തിനാണ് മാധവി ഈ പുരസ്കാരം സ്വന്തമാക്കിയത്. എന്നാല്‍ ആനി എന്ന മാധവിയുടെ കഥാപാത്രം മികച്ച രണ്ടാമത്തെ നടിയിലേക്ക് പിന്തളളപ്പെടാനുളള കാരണം മാധവി തന്നെയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിലെ നിര്‍മാതാക്കളിലൊരാളും നടനുമായ പ്രേം പ്രകാശ്.
എംപെയര്‍ ടോക്സ് മലയാളം എന്ന യൂട്യൂബ് ചാനലിന് നല്‍കിയ പോഡ്കാസ്റ്റ് അഭിമുഖത്തിലാണ് പ്രേം പ്രകാശ് ആകാശദൂത് എന്ന ചിത്രത്തെ കുറിച്ച് വഴുതിപ്പോയ അവാര്‍ഡിനെ കുറിച്ചും പരാമര്‍ശിച്ചത്. ഒരു വര്‍ഷം തന്നെ മികച്ച രണ്ട് ചിത്രങ്ങള്‍, അതിലെ നായികമാര്‍ ആ വര്‍ഷത്തെ മികച്ച നടിക്കുളള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിനായി മല്‍സരിക്കുന്നു. എന്നാല്‍ നിസാര കാരണങ്ങള്‍ കൊണ്ട് ആകാശദൂതിലെ അഭിനയത്തിന് രണ്ടാം സ്ഥാനത്തേക്ക് മാധവി പിന്തളളപ്പെട്ടു. അതിന് കാരണം മാധവി തന്നെയായിരുന്നെന്ന് പ്രേം പ്രകാശ് പറയുന്നു.
പ്രേം പ്രകാശിന്‍റെ വാക്കുകള്‍ ഇങ്ങനെ...മണിച്ചിത്രത്താഴല്ല സത്യത്തില്‍ മാധവി പിന്തളളപ്പെടാന്‍ കാരണം. അത് മാധവിയുടെ തന്നെ കുഴപ്പം കൊണ്ട് സംഭവിച്ചതാണ്. സംവിധായകന്‍ സിബി മലയില്‍ പലതവണ മാധവിയോട് ആവശ്യപ്പെട്ടതാണ് മേക്കപ്പ് അല്‍പം കുറയ്ക്കണമെന്ന്. ഇത്രത്തോളം ഇടരുതെന്ന്. കാരണം ആനി എന്ന കഥാപാത്രം രോഗിയാണ്. രോഗിയാണെന്ന് അറിഞ്ഞ സമയം മുതല്‍ മേക്കപ്പ് കുറയ്ക്കണമെന്ന്. എന്നാല്‍ മാധവി അത് സമ്മതിച്ച് തന്നില്ല. ഇത് സത്യത്തില്‍ സംഭവിച്ച കാര്യമാണ്. അല്ലെങ്കില്‍ മാധവിക്ക് മികച്ച നടിക്കുളള പുരസ്കാരം ലഭിച്ചേനെ. അവര്‍ക്കത് പിന്നീട് അവാര്‍ഡ് തളളപ്പെട്ടപ്പോഴാണ് മനസിലായത്. ഇത്രയും മക്കളുടെ അമ്മ, അസുഖം കാന്‍സറാണ്, അവര്‍ക്ക് തന്നെ അത് ചിന്തിക്കാമായിരുന്നതാണ്. സംവിധായകന്‍ പലവട്ടം അഭ്യര്‍ഥിച്ചിട്ടും മാധവി മേക്കപ്പ് കുറയ്ക്കാന്‍ തയാറായില്ല. അതുകൊണ്ടാണ് അവര്‍ക്ക് ആ പുരസ്കാരം നഷ്ടപ്പെട്ടത്' പ്രേം പ്രകാശ് പറഞ്ഞു.