Image Credit: x

നടനും സംവിധായകനുമായ എസ്.ജെ.സൂര്യയുടെ 'കില്ലര്‍' സിനിമയുടെ ഷൂട്ടിങിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം. ടെക്നീഷ്യനായ മാധവന്‍ (26) ആണ് മരിച്ചത്. സാങ്കേതിക പ്രവര്‍ത്തകരായ ശക്തിവേല്‍ (27) സൂര്യ (23), ദിനകരന്‍ (24) എന്നിവര്‍ക്ക്  പരുക്കേറ്റു. ഇവരെ ചെന്നൈയിലെ രാജീവ് ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ അഞ്ചുമണിയോടെയാണ് അപകടമുണ്ടായത്. 

പെരംപൂരിലെ ബിന്നി മില്‍സ് കോംപ്ലക്സില്‍ വച്ച് ബോംബ് സ്ഫോടനം ചിത്രീകരിക്കുന്നതിനിടെ  ബലൂണ്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സാങ്കേതിക പ്രവര്‍ത്തകരെ ഉടന്‍ തന്നെ ആശുപത്രിലെത്തിച്ചെങ്കിലും മാധവന്‍റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.അപകടത്തില്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. പൊട്ടിത്തെറിയുടെ യഥാര്‍ഥ കാരണം കണ്ടെത്തുമെന്നും ഷൂട്ടിങ് സമയത്ത് സ്ഥലത്ത് സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചിരുന്നോയെന്ന് പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു. അപകടത്തെ തുടര്‍ന്ന് ചിത്രത്തിന്‍റെ ഷൂട്ടിങ് താല്‍കാലികമായി നിര്‍ത്തിവച്ചു.അപകട സമയത്ത് സൂര്യ സ്ഥലത്തുണ്ടായിരുന്നോ എന്നതില്‍ വ്യക്തതയില്ല. 

അപകടത്തോടെ ഷൂട്ടിങ് സ്ഥലത്തെ സുരക്ഷാവീഴ്ചകള്‍ വീണ്ടും സജീവ ചര്‍ച്ചയിലേക്ക് എത്തിയിരിക്കുകയാണ്. ഇതാദ്യമായല്ല ഷൂട്ടിങിനിടെ അപകടമുണ്ടാകുന്നതും അണിയറ പ്രവര്‍ത്തകര്‍ക്ക് ജീവന്‍ നഷ്ടമാകുന്നതും. പനയൂരില്‍ വച്ച് ജയിലര്‍ 2 ഷൂട്ടിങ്ങിനായി സെറ്റൊരുക്കുന്നതിനിടെ ഷോക്കേറ്റ് കാര്‍ത്തികേയന്‍ (28) എന്ന യുവാവ് മരിച്ചിരുന്നു. 2025 ല്‍ സര്‍ദാര്‍ 2 വിലെ ആക്ഷന്‍ സീന്‍ ചിത്രീകരിക്കുന്നതിനിടെ ഏളുമലൈ എന്ന സ്റ്റണ്ട് മാസ്റ്റര്‍ 20 അടി ഉയരത്തില്‍ നിന്ന് വീണ് ജീവന്‍ നഷ്ടമായി. അതേ വര്‍ഷം പാ ര‍ഞ്ജിത്തിന്റെ സിനിമ ചിത്രീകരണത്തിനിടെ സ്റ്റണ്ട് മാസ്റ്ററായ എസ്.എം.രാജുവും മരിച്ചു. 2020 ല്‍ ഇന്ത്യന്‍ 2 വിന്‍റെ സെറ്റില്‍ ക്രെയിന്‍ അപകടമുണ്ടായി മൂന്ന് അസിസ്റ്റന്‍റ് ഡയറക്ടര്‍മാര്‍ കൊല്ലപ്പെട്ടിരുന്നു.

ENGLISH SUMMARY:

A twenty-six-year-old technician named Madhavan was tragically killed in a massive gas cylinder explosion on the shooting set of actor SJ Suryah’s upcoming movie 'Killer'. The dynamic accident occurred around 5:00 AM today at the Binny Mills complex in Perambur, Chennai, during the filming of a simulated bomb blast sequence utilizing a balloon gas cylinder. Three other crew members sustained severe injuries and were immediately rushed to the Rajiv Gandhi Government General Hospital for urgent medical care. The local police have registered a formal case to evaluate potential violations of statutory safety guidelines and protocols during the high-risk production process. This structural disaster has reignited heavy nationwide scrutiny regarding workplace safety within the Indian film industry, recalling similar recent fatal casualties on the sets of 'Jailer 2', 'Sardar 2', and 'Indian 2'.