ഹർദ്ദിഖ് ഗജ്ജർ സംവിധാനം ചെയ്ത 'കൃഷ്ണാവതാരം പാർട്ട് വൺ: ദ ഹാർട്ട് (ഹൃദയം)' സിനിമയ്ക്ക് നികുതിയിളവ് പ്രഖ്യാപിച്ച് ഉത്തർപ്രദേശ് സർക്കാർ. ചിത്രത്തിന്‍റെ പ്രദർശനം ഞായറാഴ്ച ലോക്ഭവനിൽ നടന്നിരുന്നു. ഇതിന് ശേഷമാണ്  മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഇളവ് പ്രഖ്യാപിച്ചത്. ജില്ലകൾ തോറും ചിത്രത്തിന്‍റെ പ്രത്യേക പ്രദർശനം സംഘടിപ്പിക്കാനും സംസ്ഥാന സർക്കാർ നിർദേശം നൽകി.

യോഗി ആദിത്യനാഥിന് പുറമേ യുപി ഗവർണർ ആനന്ദിബെൻ പട്ടേൽ, ഉപമുഖ്യമന്ത്രിമാർ, മറ്റ് മന്ത്രിമാർ, ബിജെപി സംസ്ഥാന പ്രസിഡന്റ്, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ ലോക് ഭവനിലെ പ്രത്യേക പ്രദർശനത്തിൽ ചിത്രം കണ്ടു. ചിത്രത്തിന്‍റെ പ്രദർശനത്തിനിടെ, 'കൃഷ്ണാ, കൃഷ്ണാ', 'രാധേ, രാധേ' മന്ത്രങ്ങൾ മുഴങ്ങിയതായി ലോക്ഭവൻ പുറത്തിറക്കിയ ഔദ്യോഗിക വാർത്താക്കുറിപ്പിൽ അറിയിച്ചു.

സിദ്ധാർഥ് ഗുപ്തയാണ് ചിത്രത്തിലെ നായകൻ. ഇന്ത്യൻ സംസ്‌കാരത്തേയും പാരമ്പര്യത്തേയും യുവാക്കളും കുട്ടികളും കൂടുതൽ അടുത്തറിയാൻ ചിത്രത്തിന്‍റെ പ്രത്യേക പ്രദർശനങ്ങൾ നടത്തണമെന്നാണ് യുപി സർക്കാർ നിർദേശിച്ചിരിക്കുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി മേയ് ഏഴിനാണ് ചിത്രം പുറത്തിറങ്ങിയത്. 

സിദ്ധാർഥ് ഗുപ്തയ്ക്ക് പുറമേ, സംസ്‌കൃതി, സുഷ്മിത ഭട്ട്, ജാക്കി ഷ്‌റോഫ്, അശുതോഷ് റാണ എന്നിവരും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നു. ചിത്രത്തിൽ പ്രവർത്തിച്ച കലാകാരന്മാരെയും ആദിത്യനാഥ് അഭിനന്ദിച്ചു.

ENGLISH SUMMARY:

Krishnavataram Part One: The Heart has received a tax exemption from the Uttar Pradesh government following a special screening. This initiative by the UP government aims to promote understanding of Indian culture and traditions among the youth.