വിവാഹത്തിന് ക്ഷണിക്കാത്തതിൽ പരിഭവം പറഞ്ഞ കുഞ്ഞാരധികയോട് വാക്കു പാലിച്ച് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും. ഹൈദരാബാദിലെ വീട്ടിലേക്ക് വിളിച്ച് വിരുന്നു നൽകിയാണ് താരദമ്പതികൾ വാക്കുപാലിച്ചത്. രശ്മികയും വിജയ് ദേവരകൊണ്ടയും ചേർന്ന് പെൺകുട്ടിക്ക് മധുരപലഹാരങ്ങൾ കൊടുക്കുന്നതും കുടുംബമായി ഭക്ഷണം കഴിക്കുന്നതിന്‍റെയും വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
അച്ഛനും അമ്മയ്ക്കും സഹോദരനുമൊപ്പമായിരുന്നു കുഞ്ഞാരധികയ്ക്ക് ക്ഷണം ലഭിച്ചത്. പ്ലേറ്റിൽ ലഡ്‌ഡു വിളമ്പിയ ശേഷം രശ്മിക കുട്ടിയുടെ നെറുകയിൽ ചുംബിച്ചു. പ്ലേറ്റിലേക്ക് ചോറ് വിളമ്പിയശേഷം വിജയ് ദേവരകൊണ്ടയും കുഞ്ഞാരാധികയ്ക്ക് ചുംബനം നൽകി. 'നമ്മൾ കൂട്ടുകാരല്ലേ' എന്ന് കുട്ടി ഇരുവരോടും ചോദിക്കുമ്പോൾ സ്നേഹത്തോടെ താരങ്ങൾ മറുപടി നൽകുന്നുണ്ട്. സ്വന്തക്കാർക്കിടയിലാണുള്ളതെന്ന് തങ്ങൾക്ക് തോന്നിയെന്നും കുഞ്ഞാരാധിക തന്‍റെ വിഡിയോയ്‌ക്കൊപ്പം കുറിച്ചു.
താരവിവാഹത്തിന്‍റെ ആഘോഷങ്ങൾക്കിടയില്‍"urs lucky thalli" എന്ന ഇൻസ്റ്റഗ്രം ഹാൻഡിൽ വഴി ഒരു കുഞ്ഞു പെൺകുട്ടിയായിരുന്നു എന്തുകൊണ്ടാണ് രശ്മികയുമായുള്ള വിവാഹത്തിന് തന്നെ ക്ഷണിക്കാതിരുന്നതെന്ന് വിജയ്‌യോട് ചോദിച്ചത്. രസകരമായ ആ വിഡിയോ പെട്ടെന്ന് തന്നെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ വിജയ് കമന്റ് ബോക്സിൽ മറുപടി നൽകിയിരുന്നു. ‘മോളേ, ഞാൻ നിന്നെ ഉച്ചഭക്ഷണത്തിന് വീട്ടിലേക്ക് ക്ഷണിക്കാം.. നിനക്ക് ഇഷ്ടപ്പെട്ട ഭക്ഷണവും മധുരപലഹാരങ്ങളും ഏതൊക്കെയാണെന്ന് എന്നോട് പറയൂ' എന്നായിരുന്നു താരത്തിന്‍റെ കമന്‍റ്.
പറഞ്ഞ വാക്ക് പാലിച്ചതിൽ വിജയ്ക്ക് കമന്റുകളിൽ അഭിനന്ദന പ്രവാഹമാണ്. ഇരുവരോടും ബഹുമാനം തോന്നുന്നുവെന്നാണ് കൂടുതൽ കമന്റുകളും. വിജയ് ഗ്രേറ്റ് ആണെന്നും ഇരുവരെയും സ്നേഹിക്കാൻ ഓരോ ദിവസവും കൂടുതൽ കാരണങ്ങൾ ഉണ്ടാകുന്നവെന്നും കമന്റുകളിൽ ആരാധകർ കുറിക്കുന്നു.