image credit: instagram/prabhas/imsrk
തെന്നിന്ത്യന്‍ താരം പ്രഭാസിനെ സൂപ്പര്‍സ്റ്റാറെന്ന് വിശേഷിപ്പിച്ചതിനെതിരെ കലഹിച്ച് കിങ് ഖാന്‍ ഫാന്‍സ്. 'സ്പിരിറ്റി'ന്‍റെ ഓഡിയോ ടീസറിലാണ് വിശേഷണം. പ്രഭാസിന്‍റെ 46 ആം ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി സംവിധായകൻ സന്ദീപ് റെഡ്‌ഡി വംഗയാണ് സ്പിരിറ്റിന്‍റെ ഓഡിയോ ടീസർ പുറത്തിറക്കിയത്. ടീസര്‍ കണ്ട ബോളിവുഡ് ആരാധകര്‍ വന്‍പ്രതിഷേധത്തിലാണ്.
'ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പർസ്റ്റാർ' എന്ന പദവി നൽകാൻ മാത്രം പ്രഭാസ് എന്ത് ചെയ്തെന്നാണ് ബോളിവുഡ് ആരാധകർ ചോദിക്കുന്നത്. മാത്രമല്ല ബോളിവുഡിന്‍റെ ബാദ്ഷ താരിഖിനോടുള്ള അനാദരവായും ആരാധകർ ഇതിനെ കാണുന്നു. ആഗോള സൂപ്പർസ്റ്റാർ ഒന്നേയുള്ളൂ അത് ഷാറൂഖ് മാത്രമാണെന്നാണ് കമന്റുകൾ.
"ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പർസ്റ്റാർ? നല്ല ശ്രമം, പക്ഷേ മുംബൈ മുതൽ മൊറോക്കോ വരെയുള്ള ഹൃദയങ്ങളെ ഭരിക്കുന്ന ഒരേയൊരു ബാദ്ഷാ മാത്രമേയുള്ളൂ - അത് എസ്ആർകെയാണ്. പാരമ്പര്യം എന്നത് പോസ്റ്ററുകളിൽ പ്രഖ്യാപിച്ചാൽ കിട്ടുന്നതല്ല, പതിറ്റാണ്ടുകളുടെ മാന്ത്രികത, ആകർഷണീയത, സ്നേഹം എന്നിവയിലൂടെ ഷാറൂഖ് അത് നേടിയെടുത്തതാണ്'. 'സന്ദീപ് റെഡ്ഡി വംഗ പ്രഭാസിനെ ലോകത്തിലെ ഏറ്റവും വലിയ സൂപ്പർസ്റ്റാർ എന്നാണ് വിളിക്കുന്നത്. ഇന്ത്യയ്ക്ക് പുറത്ത് ആർക്കും പ്രഭാസിനെ അറിയില്ല. അദ്ദേഹത്തിന്‍റെ ഒരേയൊരു വിജയ ചിത്രം 'ബാഹുബലി' ആയിരുന്നു. പ്രതിഷേധ സൂചകമായി ഒട്ടേറെ ട്രോളുകളും മീമുകളും കമന്‍റായി എത്തുന്നുണ്ട്.
അതേസമയം പ്രഭാസിന്‍റെ ആരധകർ നടനെ പുകഴ്ത്തി മറുപടി നൽകുന്നുമുണ്ട്. ബാഹുബലി എന്ന ഒറ്റ ചിത്രം കൊണ്ട് 1000 കോടി കളക്ഷൻ നേടിയ നടനാണ് പ്രഭാസ് . ഈ വിളിക്ക് താരം അർഹനാണെന്നും ആരാധകർ പറയുന്നു. പ്രഭാസിന്‍റെ പാൻ ഇന്ത്യൻ സ്വാധീനവും കമന്‍റുകളിലുണ്ട്.
അഞ്ച് ഇന്ത്യൻ ഭാഷകളിലായി "ശബ്‌ദ-കഥ" എന്ന പേരിലാണ് ഇൻസ്റ്റാഗ്രാമിൽ സ്പിരിറ്റിന്‍റെ ടീസർ പങ്കുവെച്ചിട്ടുള്ളത്. ഇതിൽ അഭിനേതാക്കളുടെ ശബ്ദവും ഉൾപ്പെടുത്തിയിട്ടുണ്ട്, കൂടാതെ ഹർഷവർദ്ധൻ രാമേശ്വറിന്‍റെ ആകർഷകമായ പശ്ചാത്തല സംഗീതവുമുണ്ട്. അനിമലിന് ശേഷം സിനിമാ ആരാധകർ കാത്തിരിക്കുന്ന സന്ദീപ് റെഡ്ഡി ചിത്രമാണ് സ്പിരിറ്റ്. പ്രഭാസിന് പുറമെ വിവേക് ഒബ്‌റോയ്, ട്രിപ്റ്റി ദിമ്രി എന്നിവരും സ്പിരിറ്റിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
'സ്പിരിറ്റി'ന് മുമ്പ്, മാരുതി സംവിധാനം ചെയ്യുന്ന 'ദി രാജാസാബ്' എന്ന ഫാന്റസി ഹൊറർ ചിത്രമാണ് പ്രഭാസിന്‍റേതായി തിയേറ്ററിലെത്തുന്നത്. സഞ്ജയ് ദത്ത്, മാളവിക മോഹനൻ, നിധി അഗർവാൾ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. 2026 ജനുവരി 9 ന് ചിത്രം തിയേറ്ററുകളിൽ എത്തിയേക്കും.
ഷാരൂഖ് ഖാന്‍റെ അണിയറയിൽ ഒരുങ്ങുന്ന അടുത്ത ചിത്രം 'കിങ്' ആണ്. മകൾ സുഹാന ഖാനുമായി ഷാരൂഖ് ആദ്യമായി അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന കിങിനുണ്ട്. അഭിഷേക് ബച്ചൻ, ദീപിക പദുക്കോൺ, രാഘവ് ജുയാൽ തുടങ്ങിയ വലിയ താരനിരയും ചിത്രത്തിലുണ്ട്.