ആദ്യത്തെ കണ്‍മണിയെ വരവേല്‍ക്കാന്‍ പോകുന്ന സന്തോഷം പങ്കുവച്ച് കത്രീന കൈഫും വിക്കി കൗശലും. ഇന്‍സ്റ്റഗ്രാം പേജിലൂടെ കത്രീനയാണ് വിവരം പുറത്തുവിട്ടത്. നിറവയറുമായി ഭർത്താവ് വിക്കിക്കൊപ്പം നിൽക്കുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ ഇരുവരും ചേർന്നു പിടിച്ചു നിൽക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് താരം വാർത്ത പുറത്തുവിട്ടത്. മാസങ്ങളായി കത്രീന പൊതുവേദികളിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു.
‘സന്തോഷവും കൃതജ്ഞതയും നിറഞ്ഞ ഹൃദയത്തോടെ ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച അധ്യായം ആരംഭിക്കാനുള്ള യാത്രയിലാണ്’ എന്നായിരുന്നു ചിത്രം പങ്കുവച്ച് കത്രീന കുറിച്ചത്. വളരെ വേഗം കത്രീന കൈഫിന്റെ പോസ്റ്റ് വൈറലായി. പിന്നാലെ അഭിനന്ദനം അറിയിച്ച് അക്ഷയ് കുമാര്‍, കരീന കപൂര്‍, ദീപിക പദുക്കോണ്‍, മൃണാള്‍ താക്കൂര്‍ മുതലായ നിരവധി താരങ്ങളാണ് കമന്‍റില്‍ എത്തിയത്. 2021 ഡിസംബറിലാണ് കത്രീന കൈഫും വിക്കി കൗശലും വിവാഹിതരായത്. മൂന്ന് വര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം.