അമ്മയാകാനൊരുങ്ങി ബോളിവുഡ് താരം കത്രീന കൈഫ്. ഈ വർഷം ഒക്ടോബറിലോ നവംബറിലോ കുഞ്ഞ് ജനിക്കുമെന്നുമാണ് റിപ്പോർട്ട്. കത്രീന കൈഫിന്റെയും വിക്കി കൗശലിന്റെയും ആദ്യത്തെ കൺമണിയാണിത്. 42-ാം വയസ്സില്‍ അമ്മയാകാന്‍ ഒരുങ്ങുന്ന കത്രീന കുഞ്ഞ് ജനിച്ചാലുടൻ സിനിമയിൽനിന്ന് ദീർഘകാല അവധിയെടുക്കുമെന്നാണ് ലഭ്യമാകുന്ന വിവരം.
തന്‍റെ കുഞ്ഞിന്‍റെ കാര്യങ്ങള്‍ തനിക്ക് തന്നെ നോക്കാനാണ് ഇഷ്ടമെന്ന് കത്രീന നേരത്തെ സൂചിപ്പിച്ചിരുന്നു. മാസങ്ങളായി കത്രീന പൊതുവേദികളിൽ നിന്ന് വിട്ടുനിൽക്കുന്നതും, അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുന്നതുമെല്ലാം ഗർഭധാരണത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് വഴിവച്ചിരുന്നു. 2021-ൽ രാജസ്ഥാനിൽവെച്ചാണ് കത്രീന കൈഫും വിക്കി കൗശലും വിവാഹിതരായത്. ഇരുവരും ഔദ്യോഗികമായി ഇതുവരെ ഇക്കാര്യം പ്രഖ്യാപിച്ചിട്ടില്ല.
കത്രീന കൈഫിന്റെയും വിക്കി കൗശലിന്റെയും പ്രണയകഥ ബോളിവുഡിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നാണ്. പൊതുവേദികളിൽ അധികം അടുപ്പമില്ലാതെയാണ് പ്രത്യക്ഷപ്പെട്ടിരുന്നത് പക്ഷേ 'കോഫി വിത്ത് കരൺ' എന്ന പരിപാടിയിൽ താൻ വിക്കി കൗശലിനൊപ്പം ഒരു സിനിമയിൽ അഭിനയിക്കാൻ ആഗ്രഹിക്കുന്നുവെന്ന് കത്രീന വെളിപ്പെടുത്തിയതോടെയാണ് ഈ ബന്ധം ശ്രദ്ധേയമാകുന്നത്. ഇത് കേട്ടറിഞ്ഞ വിക്കി ആ വേദിയിൽ വച്ച് തന്നെ അത്ഭുതത്തോടെ പ്രതികരിച്ചത് ആരാധകർക്കിടയിൽ വൈറലായിരുന്നു.