പ്രണയം തലയ്ക്ക് പിടിച്ചാല്‍ മറ്റെന്തും ഉപേക്ഷിച്ച് അതിന് പിന്നാലെ പായാനും അതിനായി ഏത് കഠിനപാത താണ്ടാനുമുള്ള ധൈര്യവും അര്‍പ്പണ മനോഭാവവുമെല്ലാം പ്രണയികളുടെ അടിസ്ഥാനഭാവമാണ്. ഉലകനായകന്‍ കമല്‍ഹാസനും വ്യത്യസ്തനായിരുന്നില്ലെന്ന് പറയുകയാണ് മകള്‍ ശ്രുതി. ബംഗാളി സൂപ്പര്‍താരമായിരുന്ന അപര്‍ണ സെന്നിന് വേണ്ടി കമല്‍ ഭാഷ തന്നെ പഠിച്ചെടുത്ത കഥയാണ് ശ്രുതി ഹാസന്‍ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. തലയ്ക്ക് പിടിച്ച പ്രേമമായിരുന്നു അപര്‍ണ സെന്നിനോട് കമലിനുണ്ടായിരുന്നതെന്നും അതുകൊണ്ടാണ് ഹേ റാമിലെ റാണി മുഖര്‍ജിയുടെ കഥാപാത്രത്തിന് അപര്‍ണയെന്ന പേര് പോലും നല്‍കിയതെന്നും ശ്രുതി പറയുന്നു.
അഭിനയം കൊണ്ടും സംവിധാന മികവ് കൊണ്ടും രാജ്യത്തിനകത്തും പുറത്തും പ്രശസ്തയാണ് അപര്‍ണ സെന്‍. ഒന്‍പത് നാഷനല്‍ ഫിലിം പുരസ്കാരങ്ങള്‍ ആറ് ഫിലിംഫെയര്‍ പുരസ്കാരങ്ങള്‍ 13 ബംഗാളി ഫിലിം പുരസ്കാരങ്ങള്‍ എന്നിങ്ങനെ അപര്‍ണ സെന്നിന്‍റെ നേട്ടങ്ങളുടെ പട്ടിക നീളും. ചലച്ചിത്ര മേഖലയിലെ സംഭാവനകള്‍ മാനിച്ച് പദ്മശ്രീ നല്‍കി രാജ്യം അവരെ ആദരിച്ചിട്ടുമുണ്ട്.
അപര്‍ണാ സെന്നിനോട് മിണ്ടാന്‍ വേണ്ടി മാത്രമാണ് ബംഗാളി കമല്‍ വശത്താക്കിയതെന്ന ശ്രുതിയുടെ വെളിപ്പെടുത്തല്‍ ആരാധകരെയും അമ്പരപ്പിച്ചെന്നാണ് സമൂഹമാധ്യമങ്ങളിലെ കമന്‍റുകള്‍ വ്യക്തമാക്കുന്നത്. ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യാനുള്ള കമല്‍ഹാസന്‍റെ കഴിവ് സിനിമാലോകത്തിനകത്തും പുറത്തും പ്രശസ്തമാണ്. തമിഴും ഹിന്ദിയും െതലുങ്കും മലയാളവും ബംഗാളിയും ഫ്രഞ്ചും ഇംഗ്ലിഷും എന്നുവേണ്ട ആ പട്ടിക നീളും.
കമലിന്‍റെ പ്രണയവും ജീവിതവും എക്കാലത്തും മാധ്യമങ്ങളിലെ ചൂടന്‍ ചര്‍ച്ചയായിരുന്നു. 1978 ല്‍ നര്‍ത്തകിയായിരുന്ന വാണി ഗണപതിയെ കമല്‍ വിവാഹം കഴിച്ചു. ഇതിനിടെ നടി സരികയുമായി അടുപ്പത്തിലായി. പത്തുവര്‍ഷം നീണ്ട ദാമ്പത്യത്തിനൊടുവില്‍ വാണിയുമായുള്ള ബന്ധം വേര്‍പെടുത്തി 1988 ല്‍ സരികയെ വിവാഹം കഴിച്ചു. ഈ ബന്ധത്തില്‍ രണ്ട് പെണ്‍മക്കള്‍ പിറന്നു. ശ്രുതിയും അക്ഷരയും. 2004 ല്‍ ഈ ബന്ധവും അവസാനിച്ചു. നടി ഗൗതമിയുമായി നീണ്ട 11 വര്‍ഷം കമല്‍ ലിവ് ഇന്‍ ബന്ധത്തിലായിരുന്നു. 2016 ല്‍ ഇരുവരും പിരിഞ്ഞു.
സിനിമയിലും രാഷ്ട്രീയത്തിലും സജീവമാണ് നിലവില്‍ കമല്‍ഹാസന്‍. മണിരത്നത്തിന്‍റെ തഗ് ലൈഫാണ് കമലിന്‍റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. പ്രതീക്ഷിച്ചതു പോലെ കാര്യമായ നേട്ടമുണ്ടാക്കാന്‍ പക്ഷേ സാധിച്ചില്ല. ലോകേഷ് കനഗരാജ്– രജിനി ചിത്രമാണ് കമലിന്‍റേതായി ഇനി പുറത്തിറങ്ങാനുള്ളത്. 44 വര്‍ഷത്തിന് ശേഷം രജിനിയും കമലും ഒന്നിക്കുന്നത് ആരാധകരെയും ആവേശത്തിലാക്കിയിട്ടുണ്ട്.