കാന്താര–2 സിനിമയുടെ ചിത്രീകരണത്തിനിടെ പക്ഷാഘാതം വന്നു കിടപ്പിലായിരുന്ന കന്നഡ താരവും ആര്‍ട്ട് ഡയറക്ടറുമായ ദിനേശ് മംഗളുരു(55) അന്തരിച്ചു. കെ.ജി.എഫിലെ വേഷത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ദിനേശ്. കെ.ജി.എഫിലെ ബോംബെ ഡോണ്‍ എന്ന കഥാപാത്രം രാജ്യത്താകമാനം സ്വീകാര്യത നേടിയിരുന്നു.
ചിത്രീകരണത്തിനിടെ പക്ഷാഘാതമുണ്ടായതിനെ തുടര്‍ന്നു മംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ചികില്‍സ പൂര്‍ത്തിയാക്കി ഉഡുപ്പിയിലെ വീട്ടില്‍ വിശ്രമ ജീവിതം നയിക്കുന്നതിനിടെ തിങ്കളാഴ്ച മസ്തിഷ്ക രക്തസ്രാവമുണ്ടാവുകയായിരുന്നു. രണവിക്രമ, അംബരി, സവാരി, ഇന്തി നിന്ന പ്രീതിയെ, സ്ലം ബാല, ദുര്‍ഗ തുടങ്ങി നിരവധി ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. നമ്പര്‍ 73, ശാന്തിനിവാസ് തുടങ്ങിയ കന്നഡ സിനിമകളുടെ കലാസംവിധാകയനാണ്.
ദുര്‍മരണങ്ങളും അപകടങ്ങളും റിഷബ് ഷെട്ടിയുടെ കാന്താരയെ വിടാതെ പിന്തുടരുന്നുവെന്നാണ് ആരാധകര്‍ സമൂഹ മാധ്യമങ്ങളില്‍ ചൂണ്ടികാണിക്കുന്നത്. സിനിമയുടെ ഷൂട്ട് തുടങ്ങിയശേഷം മരിക്കുന്ന നാലാമത്തെ ആളാണ് ദിനേശ്. മരിച്ചവരില്‍ രണ്ടുപേര്‍ മലയാളികളാണ്. ജൂണ്‍ 12നു തൃശൂര്‍ സ്വദേശിയായ നടന്‍ കലാഭവന്‍ വിജു.വി.കെ ഹൃദയാഘാതത്തെ തുടര്‍ന്ന് അംഗുബയിലെ ഷൂട്ടിങ് സെറ്റില്‍ മരിച്ചിരുന്നു.
സിനിമയുമായി ബന്ധപെട്ട് അഗുംബയിലെ ഹോം സ്റ്റേയില്‍ താമസിക്കുന്നതിനിടെ പുലര്‍ച്ചെ നെഞ്ചുവേദനയുണ്ടായ വിജുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മേയില്‍ സിനിമയുടെ കൊല്ലൂരിലെ സൈറ്റിലുണ്ടായ അപകടത്തില്‍ വൈക്കം സ്വദേശിയായ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് എം.എഫ് കബില്‍ മുങ്ങിമരിച്ചിരുന്നു. ഷൂട്ടിങ് ഇടവേളയില്‍ പുഴയില്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം. കന്നഡയിലെ പ്രമുഖ ഹാസ്യതാരം രാജേഷ് പൂജാരി മേയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് സെറ്റില്‍ മരണപ്പെട്ടിരുന്നു.