Image:x.com/PVasanth
തമിഴ് സൂപ്പര്‍താരവും ടിവികെ സ്ഥാപകനുമായ നടന്‍ വിജയുടെ ബൗണ്‍സേഴ്സ് മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചെന്ന് ആരോപണം. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'ജന നായക'ന്‍റെ ഷൂട്ടിങിനായി താരം മധുരൈ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് സംഭവം. വിമാനത്താവളത്തില്‍ നൂറുകണക്കിന് ആരാധകരാണ് ഇളയദളപതിയെ സ്വീകരിക്കാന്‍ തടിച്ചു കൂടിയത്. പൂക്കളും പാലഭിഷേകവും മുദ്രാവാക്യം വിളികളുമായി വിജയുടെ വരവ് ആരാധകര്‍ ആഘോഷമാക്കി. ഇതിനിടയിലാണ് മാധ്യമങ്ങള്‍ വിജയ്യെ കാണാന്‍ ശ്രമിച്ചത്. ഇത് ഒപ്പമുണ്ടായിരുന്ന ബൗണ്‍സേഴ്സ് തടയാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. വിജയ്ക്കൊപ്പമുണ്ടായിരുന്ന സുരക്ഷാ സംഘം മാധ്യമപ്രവര്‍ത്തകരെ പിടിച്ച് തള്ളുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചു. വിജയ്ക്ക് പൊന്നാടയണിക്കാന്‍ ഓടിയെത്തിയ പാര്‍ട്ടി പ്രവര്‍ത്തകന്‍റെ തലയ്ക്കു നേരെ സുരക്ഷാപ്രവര്‍ത്തകരില്‍ ഒരാള്‍ തോക്കുചൂണ്ടിയതും വന്‍ വിവാദമായി.
കൊടൈക്കനാലിലെ പലയിടങ്ങളിലായാണ് മൂന്ന് ദിവസത്തെ ചിത്രീകരണം നടന്നത്. പ്രൈവറ്റ് ജെറ്റില്‍ ചെന്നൈയില്‍ നിന്ന് മധുര വിമാനത്താവളത്തിലെത്തിയ വിജയ് കാറിലാണ് ഇവിടെ നിന്നും തണ്ടിക്കുടിയിലെ ഷൂട്ടിങ് ലൊക്കേഷനിലെത്തിയത്. ഷൂട്ടിങ് പൂര്‍ത്തിയാക്കിയതിന് പിന്നാലെതാരം നടങ്ങുകയും ചെയ്തു.
അതേസമയം, ബൗണ്‍സര്‍മാര്‍ ആരാധകരോടും മറ്റുള്ളവരോടും മോശമായി പെരുമാറുന്നത് വിജയ്യുടെ രാഷ്ട്രീയ ഭാവിയെ ബാധിക്കുമെന്നും എതിരാളികള്‍ രാഷ്ട്രീയമായി ഉപയോഗിക്കുമെന്നും നിരീക്ഷകര്‍ പറയുന്നു. ജനങ്ങള്‍ക്ക് വിജയ്യുടെ അടുത്തുപോലും എത്താന്‍ കഴിയുന്നില്ലെങ്കില്‍ എങ്ങനെയാണ് നേതാവെന്ന നിലയില്‍ വിശ്വസിക്കാനാകുക എന്ന ചോദ്യമാണ് സമൂഹമാധ്യമങ്ങളിലും ഉയരുന്നത്.
ഇളയ ദളപതിയുടെ അവസാന ചിത്രമാകും ജനനായകന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. എച്ച്.വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം 2026 ജനുവരിയില്‍ പുറത്തിറങ്ങും. പൂജ ഹെഗ്ഡേ, ഗൗതം മേനോന്‍, പ്രിയാമണി, മമിത ബൈജു, നരേന്‍ തുടങ്ങിയവരാണ് മറ്റുപ്രധാന വേഷങ്ങളില്‍ എത്തുന്നത്. അനിരുദ്ധാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം.