mohanlal-shobana

Image Credit: Facebook

മലയാളസിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ചിത്രമാണ് തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന തുടരും. മോഹന്‍ലാലും ശോഭനയും 15 വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും ഒന്നിച്ചെത്തുന്നു എന്നതാണ് ചിത്രത്തിന്‍റെ ഏറ്റവും വലിയ പ്രത്യേക. ഒരു സാധാരണ ടാക്സി ഡ്രൈവറുടെ കഥ പറയുന്ന ചിത്രം ക്രൈം ഡ്രാമ ‍ജോണറിലാണ് ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ നായിക കഥാപാത്രത്തെക്കുറിച്ചുളള സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയുടെ വാക്കുകളാണ് സോഷ്യലിടത്ത് ശ്രദ്ധനേടുന്നത്. 

നായികയായി ശോഭനയ്ക്ക് പകരം മറ്റൊരു നടിയെ പരിഗണിച്ചിരുന്നു എന്നായിരുന്നു തരുണ്‍ മൂര്‍ത്തിയുടെ വെളിപ്പെടുത്തല്‍. റെഡ്എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലായിരുന്നു തരുണ്‍ മൂര്‍ത്തി നായിക കഥാപാത്രത്തെ കുറിച്ച് തുറന്നുപറഞ്ഞത്. ലളിത എന്ന കഥാപാത്രത്തിനായി തങ്ങളുടെ മനസിൽ ആദ്യമുണ്ടായിരുന്നത് ശോഭനയായിരുന്നു. എന്നാൽ ശോഭനയിലേക്ക് എങ്ങനെ എത്തുമെന്ന സംശയം മൂലം മറ്റു ഓപ്‌ഷനുകൾ ആലോചിച്ചു. അങ്ങനെ ജ്യോതിക എന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നെന്ന് തരുണ്‍ മൂര്‍ത്തി പറയുന്നു. പിന്നീട് ജ്യോതികയുടെ മറ്റ് തിരക്കുകള്‍ പരിഗണിച്ച് ശോഭനയെ തന്നെ സമീപിക്കുകയായിരുന്നെന്നും തരുണ്‍ മൂര്‍ത്തി വ്യക്തമാക്കി.

തരുണ്‍ മൂര്‍ത്തിയുടെ വാക്കുകള്‍ ഇങ്ങനെ...'ലളിതയായി ആദ്യം മുതലേ മനസിലുണ്ടായിരുന്നത് ശോഭനയായിരുന്നു. ശോഭന മാഡത്തേക്കാൾ നല്ലൊരു ഓപ്ഷൻ ഈ സിനിമയിലില്ല എന്ന് ഞാൻ സുനിലിനോട് പറഞ്ഞപ്പോൾ, എങ്ങനെ കോൺടാക്ട് ചെയ്യുമെന്നായിരുന്നു അദ്ദേഹം ചോദിച്ചത്. അങ്ങനെയാണ് ഞങ്ങള്‍ ലാൽ സാറിനൊപ്പം ഇതുവരെ കാണാത്ത കോംബിനേഷന്‍ നോക്കാമെന്ന് തീരുമാനിച്ചത്. ആ ആലോചന ചെന്നെത്തിയത് ജ്യോതികയിലായിരുന്നു. ജ്യോതികയോട് കഥ പറഞ്ഞപ്പോള്‍ അവര്‍ക്ക് കഥ വളരെ ഇഷ്ടപ്പെട്ടു. ഇത്തരം സിനിമകള്‍ എന്തുകൊണ്ട് തമിഴില്‍ ഇറങ്ങുന്നില്ല എന്നവര്‍ ചോദിച്ചു. സിനിമ ചെയ്യാം എന്ന തീരുമാനത്തിലേക്ക് എത്തിയെങ്കിലും ഷൂട്ടിങ്ങിന് പ്ലാന്‍ ചെയ്തിരിക്കുന്ന സമയത്ത് ഫാമിലി വേള്‍ഡ് ടൂര്‍ പ്ലാന്‍ ചെയ്തിരിക്കുകയാണെന്ന് അവര്‍ പറഞ്ഞു. എന്നിരുന്നാലും സിനിമ ചെയ്യാം എന്ന തീരുമാനത്തില്‍ തന്നെയാണ് ഞങ്ങള്‍  മടങ്ങിയത്'. 

'അപ്പോഴും എന്‍റെ മനസിലുണ്ടായിരുന്ന ചോദ്യം മലയാളി കാണാന്‍ ആഗ്രഹിക്കുന്ന കോമ്പിനേഷന്‍ മോഹന്‍ലാല്‍ ശോഭനയല്ലേ എന്നതായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് ടൂറിന്‍റെ ഡേറ്റും ഷൂട്ടിങ് ഡേറ്റും അഡ്ജസ്റ്റ് ചെയ്യാനുളള ബുദ്ധിമുട്ടിനെ കുറിച്ച് ജ്യോതിക വിളിച്ചുപറയുന്നത്. അങ്ങനെ വീണ്ടും ഞങ്ങള്‍ രണ്ടും കല്‍പിച്ച് ശോഭന മാമിനെ സമീപിക്കുകയായിരുന്നു. കഥ കേട്ട് ശോഭന മാമിന് ഇഷ്ടമായി ചെയ്യാമെന്ന് സമ്മതിക്കുകയായിരുന്നു. ചിത്രത്തിലെ മറ്റൊരു എടുത്തുപറയേണ്ട പ്രത്യേകത ശോഭന മാം ആണ് തന്‍റെ കഥാപാത്രത്തിനായി ഡബ് ചെയ്യുന്നത് എന്നതാണ്. അത് അവര്‍ക്ക് വളരെ സന്തോഷവും എക്സൈറ്റ്മെന്‍റുമുളള കാര്യമായിരുന്നെന്നും' തരുണ്‍ മൂര്‍ത്തി പറഞ്ഞു.

മോഹല്‍ലാല്‍ ശോഭന എന്നിവര്‍ക്ക് പുറമെ മണിയന്‍പിള്ള രാജു, ബിനു പപ്പു, ഇര്‍ഷാദ്, തോമസ് മാത്യു തുടങ്ങിയവരും ചിത്രത്തിന്‍റെ ഭാഗമായിട്ടുണ്ട്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്താണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഏപ്രിൽ 25ന് തിയറ്ററുകളിലെത്തും. 

ENGLISH SUMMARY:

Tharun Moorthy Reveals the Actress Considered Instead of Shobana