തെലുങ്ക് സൂപ്പര്‍ താരം നാഗചൈതന്യയും ബോളിവുഡ് നടി ശോഭിത ധൂലിപാലയും വിവാഹിതരാകുന്നു. ഇരുവരുടെയും വിവാഹ നിശ്ചയം നടന്നതായി നാഗചൈതന്യയുടെ പിതാവും നടനുമായ നാഗാര്‍ജുനായാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചത്. ഇരുവരും ഡേറ്റിങിലാണെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇരുവരും ഒന്നിച്ചുള്ള അവധിക്കാല ആഘോഷ ചിത്രങ്ങളും പുറത്തുവന്നതോടെ സംശയം ബലപ്പെട്ടിരുന്നു. ഇതിനിടയിലാണ് ഇരുവരുടേയും വിവാഹ നിശ്ചയം.
'എന്‍റെ മകന്‍ നാഗചൈതന്യയും ശോഭിത ധൂലിപാലയും വിവാഹി നിശ്ചയം നടന്നതായി അറിയിക്കുന്നു. ഇന്ന് രാവിലെ 9.45ലെ ശുഭമൂഹുര്‍ത്തത്തിലായിരുന്നു ചടങ്ങ്. ശോഭിത ഞങ്ങളുടെ കുടുംബത്തിലെ ഒരു അംഗമാകുന്നതില്‍ ഞങ്ങള്‍ അതീവ സന്തുഷ്ടരാണ്. നവദമ്പതികള്‍ക്ക് ആശംസകള്‍. ജീവിതകാലം മുഴുവന്‍ സ്നേഹത്തോടെയും സന്തോഷത്തോടെയും ഇരിക്കു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ' എന്നാണ് നാഗചൈതന്യ എക്സില്‍ കുറിച്ചത്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും നാഗാര്‍ജുന പങ്കുവെച്ചിരുന്നു.
2017ലായിരുന്നു നടി സമാന്തയുമായി നാഗചൈതന്യയുടെ ആദ്യവിവാഹം. നാലു വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം 2021ലാണ് ഇരുവരും വിവാഹമോചിതരാവുന്നു എന്ന് പ്രഖ്യാപിച്ചത്. ഇതിനുശേഷമായിരുന്നു ശോഭിതയുമായി നാഗചൈതന്യ അടുത്തുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. ഇരുവരും ഇതിനെ പറ്റി തുറന്നു സംസാരിച്ചിട്ടില്ലെങ്കിലും ഒന്നിച്ച് അവധിക്കാലം ചിലവഴിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. അടുത്തിടെ യൂറോപ്പില്‍ വച്ച് താരങ്ങള്‍ ഒന്നിച്ച് വൈന്‍ നുണയുന്ന ചിത്രങ്ങളും വൈറലായിരുന്നു.