എന്നാലും മാഷേ കുറച്ചൂടെ വ്യക്തത തന്നൂടേ?; പാർട്ടി പുറത്താക്കാത്തതിൽ ദേഷ്യമാണോ?

ആദ്യം കൊടിയേറ്റം. സംഘടിപ്പിക്കുന്ന കോണ്‍ഗ്രസിന്‍റെ പോഷകസംഘടനയെന്ന് ഈയടുത്ത് തെളിയിക്കപ്പെട്ട ഐഎന്‍ടിയുസിവക. പക്ഷേ നമ്മള്‍ നേരെ തൃക്കാക്കരയിലേക്ക് പോവുകയാണ്. അവിടെ കോണ്‍ഗ്രസിന്‍റെ സിറ്റിങ് സീറ്റാണ്. യുഡിഎഫ് കോട്ടയായി അറിയപ്പെടുന്ന മണ്ഡലമാണ്. പക്ഷേ നിലവിലെ അവസ്ഥയില്‍ കോട്ടകളൊക്കെ എത്രത്തോളം കാക്കപ്പെടും എന്ന കാര്യത്തില്‍ കോണ്‍ഗ്രസുകാര്‍ക്ക് പോലും സംശയം ഉള്ള കാലമാണ്. അപ്പോഴാണ്  സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലൊക്കെ പങ്കെടുത്ത് വിശ്രമജീവിതം നയിക്കുന്ന കെ.വി. തോമസ് എന്ന എറണാകുളത്തുകാരനായ നേതാവ് മൈക്കിനുമുന്നില്‍ പ്രത്യക്ഷപ്പെട്ടത്. തോമസ് മാഷിന് നിര്‍ണായക സ്വാധീനം ഉള്ള സ്ഥലമാണ് തൃക്കാക്കരയെന്ന് തോമസ് മാഷ് തന്നെ പറയുന്നുണ്ട്. അപ്പോ സൂക്ഷിക്കണം. നിലവില്‍ കോണ്‍ഗ്രസിന്‍റെ ഏത് തീരുമാനത്തിനും മറിച്ചൊരു അഭിപ്രായം ഉള്ള ആളാണ് തോമസ് മാഷ്. കയറി ഇടപെട്ടുകളയും.

വികസനം വികസനം വികസനം. തോമസ് മാഷിന് വികസനം ഇഷ്ടമല്ല. പക്ഷേ വികസനത്തിന് തോമസ് മാഷിനെ വേണം. അതുകൊണ്ട് തോമസ് മാഷിന് അതിനെ അവഗണിക്കാനും പറ്റുന്നില്ല. അതാണ് ്പ്രശ്നം.കെ. റെയില്‍ സില്‍വര്‍ ലൈന്‍ തോമസ് മാഷിനെ തിരഞ്ഞെടുക്കുകയായിരുന്നു. മാഷില്ലെങ്കില്‍ അതിവേഗ ട്രെയിനില്ല എന്നവസ്ഥ. അപ്പോ എല്‍ഡിഎഫിനാവും ഇത്തവണ പിന്തുണ അല്ലേ. എങ്കില്‍ ബിജെപി ആയിരിക്കും. പിന്നല്ല. ഇതൊരുമാതിരി വര്‍ത്തമാനം ആയിപ്പോയി. വികസനം ശൂന്യതയില്‍ നിന്നൊന്നും വരുന്നതല്ലല്ലോ മാഷേ. ഒരു കെമിസ്ട്രി പ്രഫസര്‍ക്ക് ചേര്‍ന്നതല്ല ഇത്തരം ഹൈപോത്തെറ്റിക്കല്‍ കണ്‍ക്ലൂഷന്‍.  കെ.വി. തോമസിനെ കോണ്‍ഗ്രസ് പുറത്താക്കിയിരുന്നെങ്കില്‍ ഇതിലും മികച്ച രീതിയില്‍ കുറച്ചൂടെ ക്ലാരിറ്റിയോട് കൂടി തോമസ് മാഷിന് സംസാരിക്കാമായിരുന്നു. ചിലപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടി തന്നെ പുറത്താക്കാത്തതിലുള്ള ദേഷ്യം കാണും. അതൊക്കെയാവും ഇങ്ങനെ.

അല്ലെങ്കിലും കോണ്‍ഗ്രസ് പാര്‍ട്ടി കെ.വി. തോമസിനോട് ചെയ്തത് ചതിയാണ്. സിപിഎം വേദിയില്‍ പ്രബന്ധം അവതരിപ്പിക്കരുതെന്ന് പറയുന്നു. തനിക്കുള്ള അറിവ് പകരുന്നതാണ് ഒരു അധ്യാപകന്‍റെ ധര്‍മമെന്ന് പ്രഖ്യാപിച്ച് തോമസ് മാഷ് കണ്ണൂര്‍ക്ക് വണ്ടി കയറുന്നു. അച്ചടക്ക നടപടി പ്രതീക്ഷിക്കുന്നു. പുറത്താക്കിയാല്‍ ഏറ്റെടുക്കാന്‍ പുറത്ത് കോടിയേരി സഖാവ് കാത്തിരിക്കുന്നു. പക്ഷേ പുറത്താക്കുന്നുമില്ല. വല്ലാത്തൊരു അവസ്ഥയാണ്. കോണ്‍ഗ്രസിലുള്ളപ്പോള്‍ വല്ലാത്ത ഐക്യമാണെന്നാണ് കെ. സുധാകരന്‍ പറയുന്നത്. നേതാക്കളെല്ലാരും ഒന്നുപോലെ. ദേ മുരളീധരന്‍ വരെ എത്ര പക്വതയോടെയാണ് സംസാരിക്കുന്നത്. ഇനി കെ.വി. തോമസ് ഇങ്ങനെ പറയുമ്പോള്‍ പാര്‍ട്ടിയില്‍ ആരെങ്കിലും ഒരാള് മതി തിരുത്തല്‍വാദി എന്ന് അദ്ദേഹത്തിനും തോന്നിക്കാണണം. വിഡിയോ കാണാം.