കുത്തിത്തിരുപ്പിന്റെ കോടിയേരി സ്റ്റൈൽ; തിരുവാതിരയ്ക്കൊപ്പം ഗാനമേളയും...!

സഖാക്കള്‍ക്കിത് ആഘോഷരാവുകളാണ്. പാര്‍ട്ടി സമ്മേളനങ്ങള്‍ തകൃതിയായി നടക്കുകയാണ്. ജില്ലാ നേതൃത്വത്തെ വിമര്‍ശിക്കാന്‍ മടിച്ചാലും സംസ്ഥാന നേതൃത്വത്തെയോ സര്‍ക്കാരിനെയോ വിമര്‍ശിക്കാന്‍ ആരും മടിക്കാറില്ല. ഇത്തരത്തില്‍ വിമര്‍ശിക്കാന്‍ കിട്ടുന്ന അപൂര്‍വ അവസരമാണ് സമ്മേളന കാലയളവ്. തൊടിയിറങ്ങിക്കഴിഞ്ഞ് വിമര്‍ശിക്കാന്‍ ചെന്നാല്‍ വിവരമറിയുമല്ലോ. എന്നാപ്പിന്നെ കോട്ടയം ജില്ലാ സമ്മേളനവേദിവരെ പോകാം. സഖാവ് എസ് രാമചന്ദ്രന്‍ പിള്ളയാണ് അവിടെ വിപ്ലവം വിതറുന്നത്

നമ്മള്‍ ചൈനീസ്  കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഷാംഹായി ജില്ലാ സമ്മേളനത്തിലോ ബീജിങ് ജില്ലാ സമ്മേളനത്തിലോ മറ്റോആണോ എത്തിപ്പെട്ടിരിക്കുന്നത് എന്നൊരു സംശയമുണ്ട്. ഒന്നു വെരിഫൈ ചെയ്യേണ്ടത് അത്യാവശ്യം. ഇത് കോട്ടയം തന്നെ ആണല്ലോ. നമ്മുടെ വാസവന്‍ കൊച്ചേട്ടനല്ലേ ആ ദീപപ്പകര്‍ച്ച നടത്തുന്നത്. അതേ. പുള്ളിതന്നെ. 

സംഭവം എന്താണെന്നുവച്ചാല്‍, ഇന്ത്യ അടക്കമുള്ള ലോകരാജ്യങ്ങള്‍ക്ക് ഒരു വിചാരമുണ്ടത്രേ. ചൈനക്ക് ചോദിക്കാനും പറയാനും ആരുമില്ലെന്ന്. ജില്ലാ സമ്മേളനത്തിനായി കോട്ടയത്തേക്ക് തിരിച്ചപ്പോളാണ് ചൈനയെ പലരും വേട്ടയാടുന്നത് എസ്ആര്‍പി അറിഞ്ഞത്. അപ്പോള്‍ത്തന്നെ ചൈനയെ ആശ്വസിപ്പിക്കാനും വേണ്ട പിന്തുണ നല്‍കാനും എസ്ആര്‍പിക്കായി. രാമചന്ദന്‍ പിള്ളച്ചേട്ടന്‍റെ കോട്ടയം പ്രസംഗം കഴിഞ്ഞ ശേഷമാണ് ചൈനക്കാരന്‍ പിങ്ങിന് അല്‍പ്പം ചൗമീന്‍ കഞ്ഞി ഇറങ്ങിയതുതന്നെ. 

ചൈനയോടുള്ള അമിത സ്നേഹത്തിന്‍റെ ഫലമാണല്ലോ സിപിഎം എന്ന സംഘടനതന്നെ. മെയ്ഡ് ഇന്‍ ചൈന എന്നു കേള്‍ക്കുമ്പോള്‍ അത് വേഗം കേടാകുന്ന സാധനമാണെന്ന ചിന്ത പലര്‍ക്കുമുണ്ടെങ്കിലും സിപിഎമ്മുകാരുടെ മനസിലുള്ള ചൈനീസ് നിക്ഷേപം അങ്ങനങ്ങ് കേടാകുന്നതല്ല.  ആ ചൈനയെ ഇന്ത്യ ഉള്‍പ്പെടെ വളഞ്ഞിട്ട് ആക്രമിക്കുന്നത് എസ്ആര്‍പി എങ്ങനെ സഹിക്കും. ചൈനയില്‍ പോകാം എന്നുവച്ചാല്‍ അവിടെ ചെന്നാല്‍ ഇതുപോലെ വായില്‍ തോന്നുന്നത് പറയാന്‍ പറ്റില്ല. തലകാണില്ല. അത്രക്ക് ജനാധിപത്യമാണല്ലോ അവിടെ.