രോമാഞ്ചം നിറയും പിണറായി സ്തുതി; കോവിഡ്കാല തിരുവാതിര വിപ്ലവം

സിപിഎം ജില്ലാസമ്മേളനങ്ങളുടെ കാലമാണ്. പലരീതിയിലുള്ള കലാപ്രകടനങ്ങള്‍കൊണ്ട് സമ്പന്നമാണ് ഓരോ സമ്മേളനവും. ഗണഗീതമുണ്ടാക്കി ആര്‍എസ്എസിന്‍റെ ശാഖയെ കടത്തിവെട്ടിയ എറണാകുളം ജില്ലാസമ്മേളനം പോലെ തിരുവനന്തപുരത്ത് വിപ്ലവതിരുവാതിര കളിച്ചാണ് പാര്‍ട്ടി അതിന്‍റെ സമ്പന്നമായ വര്‍ഗസമരചരിത്രത്തെ ഉദ്ഘോഷിച്ചത്. അപ്പോ എല്ലാ കേഡറുകള്‍ക്കും സിപിഎം സമ്മേളനകാലത്തെ തിരുവാ എതിര്‍വാ എപ്പിസോഡിലേക്ക് അഭിവാദ്യങ്ങളോടെ സ്വാഗതം.

പാര്‍ട്ടി നയങ്ങളേയും ആദര്‍ശങ്ങളെയും ബഹുമാനിക്കുന്ന, സര്‍വോപരി പിണറായി വിജയനെ സ്തുതിച്ചുകൊണ്ടുള്ള എന്ത് കോലംകെട്ടും സിപിഎം സമ്മേളനവേദിയില്‍ അവതരിപ്പിക്കാം എന്നാണ് വ്യവസ്ഥ. ആ വ്യവസ്ഥപ്രകാരമാണ് 550 സ്ത്രീകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള മെഗാ തിരുവാതിര തിരുവനന്തപുരം പാറശ്ശാലയില്‍ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് അരങ്ങേറിയത്. കേരളത്തിലെ കോവിഡ് വൈറസ് സഖാക്കളെ വെറുതെവിടുന്ന വൈറസായതുകൊണ്ട് കോവിഡ് പ്രോട്ടോകോള്‍ ഈ പരിപാടിക്ക് ബാധകമല്ല. എന്നുകരുതി വേറെ വല്ലവരും ഇതനുകരിക്കാന്‍ ശ്രമിച്ചാല്‍ നമ്മള്‍ ഉത്തരവാദികളായിരിക്കില്ല. കേസൊക്കെ പിന്നാലെ വരും. 

നാട്ടില്‍ വിപ്ലവം വരുന്നത് പലവഴിക്കാണ്. അതിലൊന്നാണ് തിരുവാതിര വഴി വരുന്ന വിപ്ലവം. ഇങ്ങനെയാണ് ഈ മഹാമാരികാലത്ത് വേണ്ടത്. ഇങ്ങനെതന്നെയാണ് ഫാസിസത്തെ നേരിടേണ്ടതും. കോണ്‍ഗ്രസിനൊന്നും സ്വപ്നം കാണാന്‍ കഴിയില്ല. ഒന്നാമത് 550 പേരില്‍ 500 പേരും പലവിധ സ്റ്റെപ്പുകളിലായിരിക്കും. അവരവരുടെ സ്വന്തം രീതിയില്‍ ആവിഷ്കരിക്കപ്പെട്ട ഒരു തിരുവാതിര ആയിപ്പോയേനെ അത്. ഇതിപ്പോ സിപിഎമ്മില്‍ വിഭാഗീയതപോലും ഇല്ല. ആകെ മൊത്തം ടോട്ടല്‍ പാര്‍ട്ടിയെന്ന് പറഞ്ഞാല്‍ പിണറായി വിജയന്‍ മാത്രമാണ്. ആ നിലയ്ക്ക് ഇങ്ങനെ ഒരേ ചുവടുവച്ച് കൈയ്യും കൂട്ടിയടിച്ചുള്ള തിരുവാതിര സിപിഎമ്മിനേ സംഘടിപ്പിക്കാന്‍ പറ്റുകയുള്ളു. അപ്പോ ആദ്യം ഭൂമിപൂജയാണ്. ഈ രംഗപൂജയൊക്കെ പോലം. പരിപാടി നടക്കുന്ന പാറശ്ശാലയെ ഒന്നു പൂജിച്ചു തുടങ്ങാം. 

ഭൂമീപൂജ കഴിഞ്ഞു. ഇനി പാര്‍ട്ടി പൂജയിലേക്ക്. വരികള്‍ ശ്രദ്ധിക്കണം. മഹാകവി ജി സുധാകരന്‍ സഖാവിനെകൊണ്ട് പാട്ടെഴുതിപ്പിക്കാത്തതില്‍ ഈയവസരത്തില്‍ പ്രതിഷേധം രേഖപ്പെടുത്തുന്നു.