മുന്നില്‍ ഗവര്‍ണര്‍; ഉന്നം പിടിച്ച് സതീശന്‍; അമ്പെയ്ത് രമേശ്..!

തിരുവാ എതിര്‍വാ ഒരു ദൈനംദിന പരിപാടിയായിട്ട് ഇന്ന് ആറുവര്‍ഷം പൂര്‍ത്തിയാകുകയാണ്. സ്വയം ഞങ്ങളെ അഭിനന്ദിച്ചുകൊണ്ട് തുടങ്ങുകയാണ് 1493 ാമത് തിരുവാ എതിര്‍വാ. മൂന്നുപ്രശ്നങ്ങളാണ് പ്രധാനമായും ഇന്നുള്ളത്. വിഡി സതീശനും രമേശ് ചെന്നിത്തലയും തമ്മിലുള്ള പ്രശ്നം. രമേശ് ചെന്നിത്തലയും ഗവര്‍ണറും തമ്മിലുള്ള പ്രശ്നം. ഗവര്‍ണറും വിഡി സതീശനും തമ്മിലുള്ള പ്രശ്നം.

ബാഹുബലി സിനിമ കണ്ടിട്ടുള്ളവര്‍ക്കറിയാം. നായിക കാട്ടുമൃഗങ്ങള്‍ക്കുനേരെ ഒറ്റക്കണ്ണടച്ച് ഉന്നം നോക്കി വരുമ്പോളേക്ക് നായകന്‍റെ അമ്പ് പാഞ്ഞുവന്ന് മൃഗത്തിന്‍റെ ദേഹത്തു പതിക്കും. ഒന്നോ രണ്ടോ തവണയല്ല. ഇതിങ്ങനെ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും. ഇതിലെ നായികയുടെ അവസ്ഥയിലാണ് പ്രതിപക്ഷ നേതാവ് വഡി സതീശന്‍. പറവൂരുകാരന്‍ പയ്യന്‍ പിണറായി സര്‍ക്കാര്‍ എന്ന ലക്ഷ്യത്തില്‍ ലെന്‍സ് സൂം ചെയ്യുമ്പോഴേക്ക് ചെന്നിത്തലക്കാരന്‍ രമേശന്‍ അമ്പ് പായിച്ചു കഴിയും. വിസി പ്രതിപക്ഷ നേതാവായതു മുതല്‍ ഇതാണ് അവസ്ഥ. വന്നുവന്ന് കേരളത്തില്‍ എന്തെങ്കിലും സംഭവിച്ചാല്‍ നില്‍ക്കുന്നിടത്തു നിന്ന് പ്രതികരണം നടത്തേണ്ട അവസ്ഥയിലാണ് സതീശന്‍. അഞ്ച് മിനിട്ട് വൈകിയാല്‍ അപ്പോള്‍ രമേശന്‍ തട്ടില്‍ കയറുകയും സ്വയം കര്‍ട്ടന്‍ വലിക്കുകയും  അരങ്ങു പിടിക്കുകയും ചെയ്യും. ഇരുവരും തമ്മിലുള്ള പോര് ഉച്ചസ്ഥായിയിലാണ്. ഗവര്‍ണറും  രാഷ്ട്രപതിക്ക് കൊടുക്കാത്ത ഡിലിറ്റുമാണ് രമേശന്‍റെ വിഷയമെങ്കില്‍ മന്ത്രി ബിന്ദു ഗവര്‍ണര്‍ക്കു നല്‍കിയ കത്തുകള്‍ എന്ന വിഷയത്തിലാണ് സതീശന്‍ ഗവേഷണം നടത്തുന്നത്. വിഡിയോ കാണാം.