വിനയം, ലാളിത്യം, സത്യസന്ധത; മുഖ്യമന്ത്രിയെ കണ്ട് പഠിക്കാം..!

വിനയം ശീലമാക്കണം. ലാളിത്യവും സത്യസന്ധതയും നിലനിര്‍ത്തണം. അഹങ്കാരം പാടില്ല. തിരുവാ എതിര്‍വാ കാണുന്നതിനുള്ള നിബന്ധനകളല്ല ഇവ. ബ്രാഞ്ച് ലോക്കല്‍ സമ്മേളനങ്ങള്‍ തുടങ്ങിയ പശ്ചാത്തലത്തില്‍ സിപിഎം സംസ്ഥാന കമ്മിറ്റി അണികള്‍ക്കായി തയ്യാറാക്കി നല്‍കിയ റിപ്പോര്‍ട്ടിലാണ് വിനയം വാരിവിതറാന്‍ നിര്‍ദേശമുള്ളത്. അതുകൊണ്ട് ഇന്നത്തെ എപ്പിസോഡില്‍ വിനയം അല്‍പ്പം ഓവറായിരിക്കും. സദയം ക്ഷമിക്കുക. ലാളിത്യത്തോടെ ഇന്നത്തെ സമ്മേളനം തുടങ്ങുകയാണ്. 

അപ്പോ പറഞ്ഞുവന്നത് സിപിഎം അണികളോട് വിനയചന്ദ്രന്മാരാകാന്‍ നിര്‍ദേശിച്ചതിനോടാണ്. മോന്തായം വളഞ്ഞാല്‍ അറുപത്തിനാലും. അതായത്  പ്രവര്‍ത്തകര്‍ വിനയം പാലിക്കണം എന്ന് സിപിഎം പറയുമ്പോള്‍ അണികള്‍ അനുസരിക്കും. അതാണല്ലോ കേഡര്‍ പാര്‍ട്ടി. ആ അച്ചടക്കവും അനുസരണയും കണ്ടിട്ടാണ് സുധാകര കോണ്‍ഗ്രസൊക്കെ കേഡര്‍ പ്രേമികളായത്. അപ്പോള്‍ അത്തരത്തില്‍ വിനയാന്വിതന്മാരാകാന്‍ പാര്‍ട്ടി പറയുമ്പോള്‍ സാധാ സഖാക്കള്‍ ഒരു റോള്‍ മോഡലിനെ തേടും. സ്വാഭാവികം. അപ്പോള്‍ അവര്‍ക്ക് മുന്നിലുള്ളത് പിണറായി എന്ന മഹാമേരു തന്നെ. അതോടെ അവര്‍ പിണറായിലെപ്പോലെ വിനയമുള്ളവരാകും. അങ്ങനെ വിനയവും ലാളിത്യവും വാരി വിതറുന് ഒരു സഖാവ് കൊല്ലം ചവറയിലുണ്ട്. പുള്ളയുടെ വിനയം കാരണം പാര്‍ട്ടിയുടെ തലതന്നെ ഇപ്പോള്‍ താഴ്ന്നിരിക്കുകയാണ്. അമേരിക്കക്കാര്‍ ബൂര്‍ഷ്വകളാണ് എന്ന നിലപാട് പാര്‍ട്ടി തിരുത്തിയതായി അടുത്തിടക്ക് പിണറായിയുടെ അമേരിക്കന്‍ യാത്രാ സമയത്ത് നമ്മള്‍ തെറ്റിദ്ധരിച്ചെങ്കിലുംഅത് അങ്ങനെയല്ലെന്ന് ഒരു അമേരിക്കന്‍ മലയാളി സാക്ഷ്യപ്പെടുത്തുന്നു. കാണാം തിരുവാ എതിർവാ.