ബെഞ്ചിൽ കയറിയവരും ഹാജർ; ഉഴപ്പാതെ മന്ത്രിമാർ; പഠിപ്പീര് മുഖ്യൻ വക..!

ഒടുവില്‍ എല്ലാം പഴയതുപോലെ ആകാന്‍ ശ്രമിക്കുകയാണ്. സ്കൂളുകള്‍ തുറക്കാനൊക്കെയുള്ള ആലോചന തകൃതി. എന്നിട്ടും രാജ്യത്ത് കോവിഡ് കുറയുകയാണ് എന്ന് അധികം ആരും അങ്ങ് വിശ്വസിച്ചില്ല. അതുകൊണ്ട് അവിശ്വാസികളെ വിശ്വസിപ്പിക്കാന്‍ നമ്മുടെ പ്രധാന മന്ത്രി ഒരു കടും കൈ ചെയ്തു. കോവിഡ് കാരണം ദീര്‍ഘനാളായി നിര്‍ത്തിവച്ചിരുന്ന തന്‍റെ ടൂര്‍ പ്രോഗ്രാം പുനരാരംഭിച്ചു. അമേരിക്കക്ക് അങ്ങ് വിമാനം കയറി. അങ്ങനെങ്കിലും ദുഷ്ടന്മാര്‍ വിശ്വസിക്കട്ട്.  അപ്പോ ഇന്നത്തെ യാത്ര നമ്മളും തുടങ്ങുകയാണ്. 

പഴയ ബാല്യം, സ്കൂള്‍, ശ്രീധരന്‍ മാഷിന്റെ തല്ല്, ഡസ്റ്റര്‍ കൊണ്ടുള്ള ഏറ് എന്നൊക്കെ പറഞ്ഞ് സ്കൂള്‍നൊസ്റ്റാളിയ തള്ളുന്നവരുടെ കാലമാണല്ലോ.  കേരളത്തില്‍ സ്കൂള്‍ തുറക്കലിന്‍റെ ചര്‍ച്ച നടക്കുന്നതിനിടയില്‍ തള്ള് കുറച്ചുകൂടുകയും ചെയ്ത്. അതിനിടെ ചില വിദ്വാന്മാര്‍ ക്ലാസിലെത്തി. ബെഞ്ചില്‍ കയറി ശീലമുള്ളവരും കൂട്ടത്തിലുണ്ട്. പ്രധാനാധ്യാപകന്‍ ആളല്‍പ്പം കര്‍ക്കശക്കാരനാണ്. നമ്മുടെ ചാക്കോമാഷിനെയൊക്കെ പോലെ. അതുകൊണ്ട് എല്ലാവരും കൃത്യമായി നേരത്തേ തന്നെ എത്തി. അവരവരുടെ സീറ്റിലിരുന്നു. നല്ലോണം പഠിച്ചു. മൂന്നു ദിവസത്തെ പഠനത്തിനായി കേരളത്തിലെ മന്ത്രിമാരാണ് സ്കൂളിലെത്തിയത്. മൂന്നുദിവസത്തെ പഠനമാണ് നമ്മുടെ മന്ത്രിമാര്‍ക്ക് കിട്ടിയത്. ആരും ഉഴപ്പിയില്ല. കൃത്യമായി ക്ലാസിലെത്തി. ഹോംവര്‍ക്കൊക്കെ വാങ്ങി പോയിട്ടുണ്ട്. ചെയ്യുമോ ആവോ. അപ്പോ ക്ലാസ് തുടങ്ങി. ആരാകും പഠിപ്പിക്കുക എന്നകാര്യത്തില്‍ ആര്‍ക്കും സംശയമോ തര്‍ക്കമോ ഉണ്ടാകില്ല. സര്‍ക്കാരിന്‍റെ ഹെഡ്മാസ്റ്ററായ മുഖ്യനാണ് ക്ലാസെടുക്കുന്നത്. അതുകൊണ്ട് ആരും സംശയം ഒന്നും ചോദിച്ച് സമയം കളയും എന്ന പേടി വേണ്ട. മന്ത്രിമാര്‍ക്ക് ഭരണത്തില്‍ പരിചയ സമ്പത്തില്ലാത്തതുകൊണ്ടാണ് ഇങ്ങനെയൊരു പഠിപ്പീരിന് മുഖ്യന്‍ മുന്‍കൈ എടുത്തത്. കാണാം തിരുവാ എതിർവാ.